« »
SGHSK NEW POSTS
« »

Friday, September 02, 2011

സൗന്ദര്യം പ്രദാനം ചെയ്യുന്ന പോഷകങ്ങളില്‍ പ്രധാനം വൈറ്റമിന്

പട്ടിണി കിടന്നും വെള്ളം മാത്രം കുടിച്ചും സൗന്ദര്യം ഉണ്ടാക്കാന്‍ പാട് പെടുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ സ്വാഭാവിക സൗന്ദര്യത്തിന്റെ വഴികളില്‍ നിന്ന് അകന്ന് പോകുകയാണ് ചെയ്യുന്നതെന്ന് അറിയുക. കാരണം നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തെ നിര്‍ണയിക്കുന്നതിലും നിങ്ങള്‍ എന്ത് കഴിക്കുന്നു എന്നത് പ്രധാനമാണ്. സൗന്ദര്യം പ്രദാനം ചെയ്യുന്ന പോഷകങ്ങളില്‍ പ്രധാനം വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി കോംപ്ലക്‌സ്, വൈറ്റമിന്‍ സി, ഡി, ഇ, എന്നിവയാണ്.
വൈറ്റമിന്‍ എ
കണ്ണുകളുടെയും മുടിയുടെയും ആരോഗ്യത്തിനും സൗന്ദര്യത്തിനും വൈറ്റമിന്‍ എ അത്യാവശ്യ ഘടകമാണ്. ചര്‍മത്തിന് വരുന്ന അസ്വസ്ഥതകള്‍ക്കും അണുബാധകള്‍ക്കും എതിരേ പ്രതിരോധിക്കാനും വിറ്റാമിന്‍ എയ്ക്ക് സാധിക്കും. രക്തയോട്ടം വര്‍ധിപ്പിക്കുന്നതു വഴി ചര്‍മത്തിന് തിളക്കം നല്‍കുകയും ഡ്രൈ സ്കിന്‍, താരന്‍, ചുളിവുകള്‍ എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യും. വൈറ്റമിന്‍ എയുടെ കുറവ് നഖങ്ങള്‍ക്ക് താഴെയുള്ള ചര്‍മ്മം ഉരിഞ്ഞു പോകുക, മുഖക്കുരു, ദുര്‍ബലവും വരണ്ടതുമായ മുടി, തളര്‍ച്ച തോന്നുന്ന കണ്ണുകള്‍ എന്നിവയ്ക്ക് കാരണമാകും.
കാരറ്റ്, പച്ച നിറമുള്ള ഇലക്കറികള്‍, പപ്പായ, മത്തങ്ങ, തക്കാളി, എന്നിവ വൈറ്റമിന്‍ എ ധാരാളം അടങ്ങിയ പച്ചക്കറികളാണ്. ഇത് കൂടാതെ മുട്ട, പാല്‍ ഉത്പന്നങ്ങള്‍, കോഡ് ലിവര്‍ ഓയില്‍ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നതും വൈറ്റമിന്‍ എ യുടെ കുറവ് നികത്തും.
വൈറ്റമിന്‍ ബി കോംപ്ലക്‌സ്
യുവത്വം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന പോഷകമാണ് വൈറ്റമിന്‍ ബി കോംപ്ലക്‌സ്. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെയും ബലത്തെയും വര്‍ധിപ്പിക്കാന്‍ ബി കോംപ്ലക്‌സ് സഹായിക്കും. ഡെര്‍മാറ്റൈറ്റിസ് രോഗബാധിതരില്‍ നാല്പത് ശതമാനം പേരിലും ബി കോംപ്ലക്‌സിന്റെ കുറവ് കണ്ടെത്തിയിട്ടുണ്ട്. ബി കോംപ്ലക്‌സിന്റെ കുറവ് മയം കൂടുതലുള്ള മുടിയ്ക്കും, അത് മൂലമുണ്ടാകുന്ന താരനും, ചുണ്ടുകളുടെ വരള്‍ച്ചയ്ക്കും മുടിയുടെ വളര്‍ച്ചക്കുറവിനും കാരണമാകും.
തോട് കളയാത്ത പയറ് വര്‍ഗ്ഗങ്ങള്‍, തവിട് കളയാത്ത ധാന്യങ്ങള്‍ എന്നിവയില്‍ നിന്നു വൈറ്റമിന്‍ ബി കോംപ്ലക്‌സ് ധാരാളമായി ലഭിക്കും. ഗോതമ്പ് ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ധാന്യമാണ്. ഇത് കൂടാതെ കശുവണ്ടിപ്പരിപ്പ് ആല്‍മണ്ട് തുടങ്ങിയവയിലും ഇറച്ചി, കരള്‍ എന്നിവയിലും പച്ച ഇലക്കറികളിലും ബി കോംപ്ലക്‌സ് ധാരാളം അടങ്ങിയിട്ടുണ്ട്.
വൈറ്റമിന്‍ സി
പല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമാണ് വൈറ്റമിന്‍ സി. പല്ലിലുണ്ടാകുന്ന പാടുകള്‍, നിറക്കുറവ്, മോണകളില്‍ നിന്ന് രക്തം വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ വൈറ്റമിന്‍ സിയുടെ കുറവ് കൊണ്ട് ഉണ്ടാകാം. ഇത് കൂടാതെ മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിനും അലര്‍ജി അണുബാധ എന്നിവ പ്രതിരോധിക്കുന്നതിനും ശരീരത്തെ വൈറ്റമിന്‍ സി സഹായിക്കും. പച്ച നിറമുള്ള പച്ചക്കറികള്‍, ബ്രോക്കോളി, കാബേജ്, പച്ചക്കുരുമുളക്, തക്കാളി എന്നിയും നാരങ്ങ, ഓറഞ്ച്, മുന്തിരി, ചെറി, എന്നീ പഴങ്ങളും, ഉരുളക്കിഴങ്ങും വൈറ്റമിന്‍ സിയുടെ കലവറയാണ്.
വൈറ്റമിന്‍ ഡി
പല്ലിന്റെയും എല്ലിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്ന ഘടകമാണ് വൈറ്റമിന്‍ ഡിയും. രാവിലെയും വൈകുന്നേരവും സൂര്യപ്രകാശം ശരീരത്തിലേല്‍ക്കുന്നത് വൈറ്റമിന്‍ ഡിയുടെ കുറവ് നികത്തും. കരള്‍, ചൂര, പാല്‍, വെണ്ണ, മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ വൈറ്റമിന്‍ ഡി ധാരാളമായി ലഭിക്കുന്ന ഭക്ഷണമാണ്. മീന്‍ എണ്ണകളും വൈറ്റമിന്‍ ഡി വലിയ തോതിലുണ്ട്.
വൈറ്റമിന്‍ ഇ
ചര്‍മത്തില്‍ വെയിലേല്ക്കുകയും മുറിയുകയും മറ്റും ചെയ്യുന്നതിലൂടെ ഉണ്ടാക്കുന്ന പാടുകള്‍, വെളുത്തതും കറുത്തതുമായ മറ്റ് പാടുകള്‍, എന്നിവ കുറയ്ക്കുകയും ചര്‍മത്തിന് മൃദുത്വവും ഈര്‍പ്പവും നല്‍കുകയും ചെയ്യുന്നത് വൈറ്റമിന്‍ ഇ ആണ്. ചെറുപ്രായത്തില്‍ തന്നെ വൈറ്റമിന്‍ ഇ യുടെ നില ശരീരത്തില്‍ തൃപ്തികരമാണെങ്കില്‍ പ്രായം ഏറി വരുമ്പോഴും ചര്‍മത്തിന് യുവത്വം നഷ്ടപ്പെടാതിരിക്കും. ഗോതമ്പില്‍ നിന്ന് തയ്യാര്‍ ചെയ്ത ബ്രഡ്, റെസ്ക്ക്, തവിട് കളയാത്ത ധാന്യങ്ങള്‍ വേവിയ്ക്കാത്ത മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍, നട്‌സ്, സോയാബീന്‍, സസ്യ എണ്ണകള്‍, സൂര്യ കാന്തി എണ്ണ ,ബ്രോക്കോളി, എന്നിവയില്‍ നിന്ന് വൈറ്റമിന്‍ ഇ ധാരാളമായി ലഭിക്കും. കരള്‍ മുട്ടയുടെ മഞ്ഞക്കരു, വെണ്ണ, പാല്‍ എന്നിവയിലും വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്.
സാധാരണ ഭക്ഷണങ്ങളില്‍ നിന്ന് ഈ വൈറ്റമിനുകള്‍ വേണ്ടത്ര ലഭ്യമാകുന്നില്ലെങ്കില്‍ ഇവ പ്രത്യേകമായി കഴിക്കേണ്ടി വരും. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമെങ്കില്‍ വൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കാം. എന്നാല്‍ പ്രമേഹം , രക്താതിസമ്മര്‍ദം, തൈറോയിഡ് എന്നിവയുള്ളവര്‍ വിദഗ്ദനിര്‍ദേശം സ്വീകരിച്ച ശേഷം മാത്രമേ വൊറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കാവൂ.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites