« »
SGHSK NEW POSTS
« »

Saturday, September 03, 2011

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍

ഓഹരി വിലകള്‍ കുത്തനെ ഇടിയുന്നു. റിയല്‍ എസ്റ്റേറ്റ്‌ രംഗമാകട്ടെ അതിന്റെ പ്രഭ മങ്ങി അനിശ്ചിതത്വത്തിലാകുന്നു. പെരുകുന്ന നാണ്യപ്പെരുപ്പ നിരക്കും കുറയുന്ന ഡോളര്‍ വിലയും ചാഞ്ചാടിക്കൊണ്ടിരിക്കുന്ന എണ്ണ വിലയും മിക്ക നിക്ഷേപ മാര്‍ഗങ്ങളുടെയും ആകര്‍ഷണീയത കുറയ്‌ക്കുന്നു. നിക്ഷേപകന്‍ അക്ഷരാര്‍ത്ഥത്തില്‍ ആശയക്കുഴപ്പത്തിലാണ്‌. എവിടെ നിക്ഷേപിക്കും? ഏതാണ്‌ സുരക്ഷിത നിക്ഷേപ മാര്‍ഗം? ഇത്തരം ചോദ്യങ്ങളുമായി നിക്ഷേപ കണ്‍സല്‍ട്ടന്റുമാരുടെ അടുക്കലെത്തുന്ന പലര്‍ക്കും കിട്ടുന്ന ഉത്തരം ഏറെക്കുറെ ഒന്നാണ്‌-സ്വര്‍ണം. ഭൂമി കഴിഞ്ഞാല്‍ ആദിമ കാലം മുതല്‍ മനുഷ്യനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്ന നിക്ഷേപ മാര്‍ഗമാണ്‌ സ്വര്‍ണം. പിന്നീട്‌ മറ്റ്‌ നിക്ഷേപ മാര്‍ഗങ്ങളിലേക്കുകൂടി ആളുകളുടെ ശ്രദ്ധ തിരിഞ്ഞു എങ്കിലും സ്വര്‍ണത്തില്‍ നിക്ഷേപമില്ലാത്തവര്‍ ചുരുക്കമാണ്‌. സമ്പദ്‌വ്യവസ്ഥയില്‍ അരക്ഷിതാവസ്ഥ പടരുമ്പോള്‍ സ്വര്‍ണത്തിന്റെ വില കൂടുകയും നില മെച്ചപ്പെടുകയും ചെയ്യും. അരക്ഷിതാവസ്ഥ മാറി സമ്പദ്‌ വ്യവസ്ഥ ശക്തി വീണ്ടെടുക്കുമ്പോള്‍ സ്വര്‍ണത്തിന്റെ വില കുറുയുകയും ചെയ്യും. പരമ്പരാഗതമായി കണ്ടുവരുന്ന രീതിയാണിത്‌. ലോകത്തെ ഏറ്റവും ശക്തമായ കറന്‍സിയായ ഡോളറിലാണ്‌ ലോക നിക്ഷേപത്തിന്റെ ഏറെക്കുറെ മുഖ്യ പങ്കും. ഡോളറിന്റെ വില കുറയുമ്പോള്‍ നഷ്ട സാധ്യത കുറയ്‌ക്കാനായി ഇത്തരം നിക്ഷേ പത്തിന്റെ ഒരു പങ്ക്‌ നിക്ഷേപകരും നിക്ഷേപ സ്ഥാപനങ്ങളും സ്വര്‍ണത്തിലേക്ക്‌ മാറ്റുന്നതാണ്‌ ഇങ്ങനെ സംഭവിക്കുന്നതിന്‌ ഒരു കാരണം. ഇതൊക്കെക്കൊണ്ടുതന്നെ അവധി വ്യാപാരികളുടെ ഏറ്റവും പ്രിയപ്പെട്ട വസ്‌തുവും ഇന്ന്‌ സ്വര്‍ണമാണ്‌. സ്വര്‍ണത്തില്‍ ശക്തമായ രീതിയില്‍ അവധി വ്യാപാരം നടക്കുന്നതുകൊണ്ടു തന്നെ മുകളില്‍ സൂചിപ്പിച്ചതിനുപരിയായ പല കാരണങ്ങളും സ്വര്‍ണ വിലയെ സ്വാധീനിച്ചേക്കാം. അതുകൊണ്ടുതന്നെ മുമ്പെന്നത്തേക്കാളും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം ഇപ്പോള്‍ കൂടുതലുമാണ്‌. നിങ്ങള്‍ ഒരു നിക്ഷേപകന്‍ ആണെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ സ്വര്‍ണം ഉണ്ടാകേണ്ടത്‌ അത്യാവശ്യമാണ്‌. നിങ്ങളുടെ നിക്ഷേപത്തിന്റെ 10 ശതമാനം വരെ സ്വര്‍ണത്തില്‍ നിക്ഷേപിക്കണമെന്നാണ്‌ ദശാബ്‌ദങ്ങളായി സ്വര്‍ണ വായ്‌പാ ബിസിനസില്‍ സജീവമായുള്ള മൂത്തൂറ്റ്‌ ഗ്രൂപ്പിന്റെ മാനേജിംഗ്‌ ഡയറക്‌റ്റര്‍ ജോര്‍ജ്‌ അലക്‌സാണ്ടര്‍ മൂത്തൂറ്റ്‌ പറയുന്നത്‌. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍ എന്താവശ്യത്തിനാണ്‌ നിങ്ങള്‍ അത്തരമൊരു തീരുമാനം എടുക്കുന്നതെന്ന്‌ ആദ്യം ചിന്തിക്കണം. മകളുടെ വിവാഹ ആവശ്യത്തിനാണോ അതോ പാര്‍ട്ടികളില്‍ പോകുമ്പോള്‍ ആഭരണങ്ങള്‍ അണിയാനാണോ അതോ സ്വര്‍ണത്തില്‍ നിക്ഷേപിച്ച്‌ അതിന്റെ വില കൂടുമ്പോള്‍ വിറ്റ്‌ നേട്ടമുണ്ടാക്കാനാണോ? നിങ്ങളുടെ ഇത്തരത്തിലെ വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ സ്വര്‍ണത്തിന്റെ വിവിധ രൂപങ്ങളില്‍ നിങ്ങള്‍ക്ക്‌ നിക്ഷേപിക്കാം. ആഭരണങ്ങള്‍ സ്വര്‍ണത്തിന്റെ നിക്ഷേപ മൂല്യം മുതലാക്കുകയും ഒപ്പം ഈ മഞ്ഞലോഹത്തിന്റെ പ്രഭ നിങ്ങള്‍ക്ക്‌ ആസ്വദിക്കുകയും വേണമെങ്കില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതുതന്നെയാണ്‌ ഉചിതം. ``സ്വര്‍ണാഭരണങ്ങള്‍ നിക്ഷേപമായി കരുതി വാങ്ങുന്നവരുടെ എണ്ണം ഇന്ന്‌ വളരെ കൂടുന്നുണ്ട്‌. മികച്ച നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ്‌ ഇത്‌'', കേരളത്തിലെ  പ്രമുഖ സ്വര്‍ണാഭരണ വ്യാപാരിയായ പോള്‍ ആലുക്ക പറയുന്നു. എന്നാല്‍ ആഭരണങ്ങളാണ്‌ വാങ്ങുന്നതെങ്കില്‍ വാങ്ങുമ്പോള്‍ നികുതി, പണിക്കൂലി തുടങ്ങിയവ കൂടിച്ചേര്‍ത്ത്‌ വിപണി വിലയേക്കാള്‍ കൂടുതല്‍ നിങ്ങള്‍ നല്‍കേണ്ടി വരും. അതേപോലെ വില്‍ക്കുമ്പോള്‍ ഒരു നിശ്ചിത ശതമാനം വില പണിക്കുറവ്‌ എന്ന പേരില്‍ കുറയ്‌ക്കുകയും ചെയ്യും. അതായത്‌ ആഭരണങ്ങളാണ്‌ വാങ്ങുന്നത്‌ എങ്കില്‍ വാങ്ങുമ്പോള്‍ കൂടുതല്‍ വില നില്‍കേണ്ടിയും വരും വില്‍ക്കുമ്പോള്‍ വാങ്ങിയ വിലയേക്കാള്‍ കുറവേ കിട്ടുകയുമുള്ളൂ. `` ഇതൊരു കുറവായി കണക്കാക്കേണ്ടതില്ല. അത്രയും നാള്‍ ആഭരണം ഉപയോഗിച്ചതിന്റെ തേയ്‌മാനച്ചെലവായി ഇതിനെ കണക്കാക്കിയാല്‍ മതി'' ജോര്‍ജ്‌ അലക്‌സാണ്ടര്‍ അഭിപ്രയപ്പെടുന്നു. എന്നാല്‍ നിക്ഷേപമായിക്കൂടി സ്വര്‍ണത്തെ കാണുന്നു എങ്കില്‍ ആവശ്യത്തിനുമാത്രമേ ആഭരണങ്ങള്‍ വാങ്ങാവൂ. ആവശ്യത്തിലേറെ വാങ്ങി ലോക്കറില്‍ ആഭരണങ്ങള്‍ സൂക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.
``സ്വര്‍ണം എപ്പോഴും മികച്ച നിക്ഷേപമാണെങ്കിലും കടം വാങ്ങിയുള്ള നിക്ഷേപത്തിന്‌ മുതിരരുത്‌. സ്വര്‍ണം വാങ്ങുമ്പോള്‍ ഹോള്‍മാര്‍ക്ക്‌ കൃത്യമായുണ്ടോ എന്ന്‌ ശ്രദ്ധിക്കണം'', മലബാര്‍ ഗോള്‍ഡിന്റെ ചെയര്‍മാന്‍ എം.പി.അഹമ്മദ്‌ പറയുന്നു.
നാണയങ്ങള്‍
ആവശ്യത്തിന്‌ ആഭരണങ്ങളായിക്കഴിഞ്ഞാല്‍ സ്വര്‍ണ നാണയങ്ങള്‍ വാങ്ങി സൂക്ഷിക്കാം. നിക്ഷേപമായി സ്വര്‍ണ നാണയങ്ങള്‍ വാങ്ങുന്ന പ്രവണത കേരളത്തില്‍ വര്‍ധിക്കുകയാണെന്ന്‌ ഇന്ത്യന്‍ ഓവര്‍സീസ്‌ ബാങ്കിന്റെ ജനറല്‍ മാനേജര്‍ ജി.ചന്ദ്രന്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കിന്റെ എറണാകുളം റീജിയന്‍ 15 കിലോ സ്വര്‍ണമാണ്‌ ഇങ്ങനെ വിറ്റഴിച്ചത്‌.
വിവിധ ബാങ്കുകളില്‍ നിന്നും, ബാങ്കിംഗ്‌ ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സ്വര്‍ണ നാണയങ്ങള്‍ വാങ്ങാന്‍ കിട്ടും. 24 കാരറ്റിലുള്ള സ്വര്‍ണ നാണയങ്ങള്‍
2, 4, 8, 5, 10, 20, 40, 50, 100 ഗ്രാമുകളില്‍ ലഭ്യമാണ്‌.
നികുതിക്കു പുറമെ ചെറിയ തുക മാത്രമേ പണിക്കൂലിയായി ഈടാക്കാറുള്ളൂ എന്ന്‌ മുത്തൂറ്റ്‌ പ്രഷ്യസ്‌ മെറ്റല്‍സ്‌ കോര്‍പ്പറേഷന്റെ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫീസര്‍ വി.ജെ മാത്യു പറയുന്നു.
നിക്ഷേപിക്കാന്‍ വന്‍തോതില്‍ പണമുള്ളവര്‍ക്ക്‌ സ്വര്‍ണ ബാറുകളും വാങ്ങി സൂക്ഷിക്കാം. ഒരു കിലോ മുതലുള്ള അളവിലാണ്‌ ബാറുകള്‍ ഇപ്പോള്‍ ലഭ്യം. സാധാരണഗതിയില്‍ സ്വര്‍ണ വ്യാപാരികളാണ്‌ കേരളത്തില്‍ സ്വര്‍ണ ബാറുകള്‍ വാങ്ങാറുള്ളത്‌ എങ്കിലും നിക്ഷേപമായി ഇതിനെ കണക്കാക്കുന്ന രീതി സമീപകാലത്തുതന്നെ പ്രചാരത്തിലാകുമെന്ന്‌ ജോര്‍ജ്‌ അലക്‌സാണ്ടര്‍ വിലയിരുത്തുന്നു.
ഗോള്‍ഡ്‌ ഫണ്ടുകള്‍
സ്വര്‍ണം അതിന്റെ ഭൗതിക രൂപത്തില്‍ കൈവശം വെക്കണമെന്ന്‌ നിര്‍ബന്ധമില്ല എങ്കില്‍ ഗോള്‍ഡ്‌ ഫണ്ടുകളില്‍ നിക്ഷേപിക്കാം. മിക്ക മ്യൂച്വല്‍ ഫണ്ട്‌ കമ്പനികളും ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകള്‍ ഇന്ന്‌ അവതരിപ്പിക്കുന്നുണ്ട്‌. ഓഹരി അധിഷ്‌ഠിതമായ മ്യൂച്വല്‍ ഫണ്ടിനു തുല്യമാണ്‌ ഇത്‌. മ്യൂച്വല്‍ ഫണ്ട്‌ പോലെ വിവിധ യൂണിറ്റുകളായി ഇത്‌ വാങ്ങാം. ഒരു യൂണിറ്റിന്റെ വില ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയാണ്‌. സ്വര്‍ണത്തിന്റെ വിലകുറയുമ്പോള്‍ വാങ്ങാം. കൂടുമ്പോള്‍ വില്‍ക്കാം.
അവധി വ്യാപാരം
ഇനി അല്‍പ്പം റിസ്‌ക്‌ എടുക്കാന്‍ തയ്യാറുള്ളവര്‍ക്ക്‌ സ്വര്‍ണത്തിന്റെ അവധി വ്യാപാരത്തിലും പ്രവേശിക്കാം. സ്വര്‍ണത്തിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന്‌ ജാഗ്രതയോടെ കരുക്കള്‍ നീക്കി നേട്ടമുണ്ടാക്കാന്‍ അവധി വ്യാപാരത്തില്‍ അവസരമുണ്ട്‌. തുച്ഛമായ ഫീസ്‌ നല്‍കി ഏതെങ്കിലും ബ്രോക്കിംഗ്‌ സ്ഥാപനത്തില്‍ എക്കൗണ്ട്‌ തുറക്കുക. ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതുപോലെ അനായാസം സ്വര്‍ണ അവധികള്‍ വാങ്ങുകയും
വില്‍ക്കുകയും ചെയ്യാം. ഇത്തരം അവധികള്‍ വാങ്ങുമ്പോള്‍ എത്ര അളവിലാണോ സ്വര്‍ണം വാങ്ങുന്നത്‌ അതിന്റെ ഒരു നിശ്ചിത ശതമാനം മാത്രം മാര്‍ജിന്‍ മണി നല്‍കിയാല്‍ മതി. ഏതു അവധിയിലേക്കാണ്‌ (തിയതി) വാങ്ങിയത്‌ ആ തിയതിയില്‍ വാങ്ങിയ അത്രയും സ്വര്‍ണം കൈവശം എടുക്കുകയാണ്‌ എങ്കില്‍ മാത്രം മുഴുവന്‍ തുകയും നല്‍കിയാല്‍ മതി.
എട്ട്‌ ഗ്രാം സ്വര്‍ണത്തിന്റെ വരെ അവധി വ്യാപാരത്തില്‍ പ്രവേശിക്കാന്‍ അവസരമുണ്ട്‌ എന്ന്‌ ജിയോജിത്‌ ഫിനാന്‍ ഷ്യല്‍ സര്‍വീസസിലെ സീനിയര്‍ മാനേജര്‍ ആനന്ദ്‌ ജെയിംസ്‌ പറയുന്നു.

ചെറുകിട നിക്ഷേപകര്‍ക്കുകൂടി സ്വര്‍ണത്തിന്റെ അവധി വ്യാ പാരത്തില്‍ പ്രവേശിക്കാന്‍ വേണ്ടി മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേ ഞ്ച്‌ അവതരിപ്പിച്ച ഗോള്‍ഡ്‌ ഗുനിയ ഫ്യൂച്ചേഴ്‌സ്‌ ആണ്‌ ഇത്‌ അവതരിപ്പിച്ചിരിക്കുന്നത്‌.
ക്രമമായി നിക്ഷേപിക്കുക
മറ്റ്‌ നിക്ഷേപ മാര്‍ഗങ്ങളിലേതുപോലെ സ്വര്‍ണത്തിലും ക്രമമായി വേണം നിക്ഷേപിക്കേണ്ടത്‌. അതായത്‌ നിശ്ചിത തുക സ്ഥിരമായി നിക്ഷേപിക്കുക.`` നിങ്ങള്‍ വാങ്ങുന്നത്‌ ആഭരണങ്ങളോ നാണയമോ എന്തുമായിക്കൊള്ളട്ടെ കൈയിലുള്ള പണത്തിനനുസരിച്ച്‌ എല്ലാ മാസവും അല്ലെങ്കില്‍ മൂന്ന്‌ മാസത്തിലൊരിക്കല്‍ ക്രമമായി സ്വര്‍ണം വാങ്ങുക'', ജോര്‍ജ്‌ അലക്‌സാണ്ടര്‍ പറയുന്നു. ഗോള്‍ഡ്‌ ഫണ്ടുകളിലും സ്വര്‍ണ അവധിയിലും ഇതേപോലെ തന്നെ ക്രമമായി ദീര്‍ഘകാല നിക്ഷേപം പടുത്തുയര്‍ത്താം.
കടപ്പാട് : ധനം ദ്വൈവാരിക  

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites