കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാന്‍ പഠിക്കണം
കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാന്‍ പഠിക്കണം എന്ന പഴമൊഴി കേരളത്തില്‍ മാത്രമല്ലേ. ചിക്കോഗോയിലെ കള്ളന്‍മാര്‍ക്ക് ഇതൊന്നും അറിയില്ലല്ലോ. ഇതാ മൊഴികളും മോഷണവുമറിയാത്ത ഒരു കള്ളന്‍. ലോകത്തിലെ ഏറ്റവും വിഡ്ഢിയായ കള്ളന്റെ കഥ. ചിക്കോഗോയിലെ ഒരു ബാങ്ക്! കൗണ്ടറിലിരുന്ന അക്കൗണ്ടന്റിനു നേരെ ഒരു പേ സ്ലിപ്പ്. സ്ലിപില്‍ എഴുതിയിരിക്കുന്നതു കണ്ട് അക്കൗണ്ടന്റ് ഞെട്ടി. ബഹളം വയ്ക്കാതെ മേശയിലുള്ള പണം മുഴുവന്‍ കൈമാറുക ഇല്ലെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വെടിയേല്‍ക്കും. മുഖമുയര്‍ത്താന്‍ പോലും ധൈര്യമില്ലാതെ അക്കൗണ്ടന്റ് പണം കൊടുത്തു, മേശയിലുള്ളതു മുഴുവന്‍. മിനിറ്റുകള്‍ക്കുള്ളില്‍ കള്ളന്‍ കടന്നുകളഞ്ഞു.അന്വേഷണത്തിനായി പൊലീസെത്തി. സ്ഥലം പരിശോധിച്ചു. അധികം സമയം വേണ്ടിവന്നില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ സമീപത്തു താമസിക്കുന്ന തോമസ് ഇന്‍ഫന്റെയുടെ വീട്ടില്‍ച്ചെന്നു. കക്ഷി വീട്ടിലുണ്ടായിരുന്നില്ല. തോമസിന്റെ ചേട്ടന്റെയടുത്തു നിന്നു കക്ഷിയുടെ ഫോട്ടൊ സംഘടിപ്പിച്ചു. പൊലീസുകാര്‍ തിരികെ ബാങ്കിലേക്ക്. ബാങ്കിലെ വിഡിയോയിലെ ചിത്രം കണ്ട് ഉറപ്പിച്ചു. മോഷ്ടാവ് തോമസ് ഇന്‍ഫന്റെ. കുറച്ചുകഴിഞ്ഞു വീട്ടില്‍ നിന്നു തന്നെ തോമസിനെ പിടികൂടി. കുറ്റവും സമ്മതിച്ചു.വളരെ വിജയകരമായി അവസാനിച്ച മോഷണത്തിനൊടുവില്‍ തോമസ് എങ്ങനെ പിടിയിലായി. ചുരുളഴിയുന്നതു ലോകത്തിലെ ഏറ്റവും വിഡ്ഢിയായ കള്ളന്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത കഥ. നാല്‍പ്പതുകാരന്‍ തോമസ് കൃത്യമായ പ്ലാനിങ്ങോടെയാണു മോഷണത്തിനിറങ്ങിയത്. ഒന്നുരണ്ടു വട്ടം ബാങ്കില്‍ കയറി പരിസരം വീക്ഷിച്ചു. എല്ലാം കൃത്യമായി മനസിലെഴുതി. ഒരു കടലാസില്‍ ഭീഷണി സന്ദേശമെഴുതി. പക്ഷേ അവിടെ തെറ്റി. പോക്കറ്റിലുണ്ടായിരുന്ന ഇതേ ബാങ്ക് പേ സ്ലിപ്പിലാണ് തോമസ് ഭീഷണിയെഴുതി അക്കൗണ്ടന്റിനു കൊടുത്തത്. അതായതു മറുവശത്തു തോമസിന്റെ പേര്, മേല്‍വിലാസം, ഫോണ്‍നമ്പര്‍ അങ്ങനെയെല്ലാമുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒട്ടും കഷ്ടപ്പെടേണ്ടി വന്നില്ല. തോമസ് പിടിയിലായി. മോഷ്ടിച്ച പണം മുഴുവന്‍ എണ്ണിതിട്ടപ്പെടുത്തും മുമ്പ് പിടിയിലായ വിഷമത്തിലാണു തോമസ്. ഗുണപാഠം ഃ ബാങ്ക് അക്കൗണ്ടുള്ള കള്ളന്‍മാര്‍ പേ സ്ലിപ്പുകള്‍ ഉപയോഗശേഷം നശിപ്പിച്ചു കളയുക.