കുറേ നേരം മൊബൈല്‍ ഫോണിന്‍റെ റിങ് കേട്ടിട്ടില്ലെങ്കില്‍ വെറുതെ ഫോണിന്‍റെ സ്ക്രീനിലേക്കു നോക്കാറുണ്ടോ? രാത്രി ഉറങ്ങുന്നതിനു മുമ്പും സൂര്യോദയത്തിലും കൂട്ടുകാര്‍ക്ക് ഒരു എസ്എംഎസ് അയയ്ക്കാറുണ്ടോ? ഊണിലും ഉറക്കത്തിലും ഫോണ്‍ കൂടെ വേണമെന്നു തോന്നാറുണ്ടോ?... ഉണ്ട് എന്നാണ് മറുപടിയെങ്കില്‍ ഉറക്കമില്ലായ്മയെ പഴിചാരുന്ന സ്ഥിരം പരിപാടി അവസാനിപ്പിക്കുക. തലവേദനയ്ക്കു ഗുളിക കഴിക്കല്‍ നിര്‍ത്തുക. ഇതു രണ്ടും രോഗമല്ല. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള ദൂഷ്യ ഫലങ്ങളാണ്. അസോച്ചം (The Associated Chambers of Commerce and Industry of India) സംഘടിപ്പിച്ച ഒരു പഠനപ്രകാരം ഇന്ത്യയിലെ ചെറുപ്പക്കാരില്‍ അറുപതു ശതമാനവും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നു.
ടെക്സ്റ്റ് മെസെജുകള്‍ ഫ്രീയായതോടെ കോളുകളുടെ എണ്ണം കുറഞ്ഞു എന്നതു നേരാണ്. മെസെജുകളാണ് കമ്യൂണിക്കേഷന്‍ മാര്‍ഗം. നൂറ്റിയിരുപത്തഞ്ചു മെസെജുകള്‍ വരെ ഒരു ദിവസം അയയ്ക്കുന്നവരുണ്ട്. ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് മെസെജ് അയയ്ക്കുന്നത് ഉള്‍പ്പെടെയാണിത്. അയച്ച മെസെജിനുള്ള മറുപടി കാത്തിരുന്ന് ഉറക്കം കളയുന്നു അവരെല്ലാം. ഉറക്കമില്ലായ്മ, മാനസിക സംഘര്‍ഷം, ഭക്ഷണത്തോടു വിരക്തി, ഏകാന്തത തുടങ്ങിയ രോഗങ്ങളിലേക്കാണ് ഇത്തരക്കാരുടെ പോക്കെന്നു പറയുന്നു അസോച്ചത്തിന്‍റെ ജനറല്‍ സെക്രട്ടറി ഡി.എസ്. റാവത്ത്.
ന്യൂഡല്‍ഹിയില്‍ സര്‍വെയില്‍ പങ്കെടുത്ത തൊണ്ണൂറു ശതമാനം പേരും ഉറങ്ങുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ തൊട്ടടുത്തു സൂക്ഷിക്കുന്നവരാണ്. ഉറക്കത്തില്‍ ഇടയ്ക്കിടെ ഉണരാറുണ്ടെന്ന് അവരെല്ലാം പറയുന്നു. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഒരു മെസെജ് പതിവുണ്ട് അവര്‍ക്കെല്ലാം. ഒരെണ്ണം അയയ്ക്കും, അതിനൊരു മറുപടിയും. ഉറക്കമുണരുന്നത് ഒരു ഫോണ്‍ കോളിലോ മെസെജ് ടോണ്‍ കേട്ടോ ആയിരിക്കും. ജോലിത്തിരക്കിനിടയിലും ഓരോ മിനിറ്റിലും ഫോണ്‍ എടുത്ത് കോളോ മെസെജോ വന്നിട്ടുണ്ടോ എന്നു നോക്കും. വേഗത്തില്‍ ടൈപ്പ് ചെയ്ത് വിരലില്‍ വേദന അനുഭവിക്കുന്നവരാണ് അവരിലേറെയും. ഈ കാര്യങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. പന്ത്രണ്ടു മുതല്‍ ഇരുപതു വയസുവരെയുള്ളവരിലാണ് സര്‍വെ നടത്തിയത്. നൂറ്റിയിരുപത്തഞ്ചു മെസെജുകള്‍ അയയ്ക്കുന്നവരാണ് ഏറെപ്പേരും. മാസം മൂവായിരം എസ്എംഎസുകള്‍ കൈകാര്യം ചെയ്യുന്നു ഓരോരുത്തരും! മെസെജ് റിസീവ് ചെയ്യുന്നതില്‍ പെണ്‍കുട്ടികളാണ് മുന്‍പില്‍. നൂറ്റിയിരുപത്തഞ്ചു മെസെജുകള്‍ പെണ്‍കുട്ടികളുടെ ഫോണിന്‍റെ ഇന്‍ബോക്സില്‍ ഓരോ ദിവസവും എത്തുന്നു. വണ്ടി ഓടിക്കുമ്പോഴും മറ്റു ജോലികള്‍ ചെയ്യുമ്പോഴുമൊക്കെ മെസെജ് ചെയ്യുന്നവരാണ് എല്ലാവരും.
അസോസിയേറ്റഡ് ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ജനുവരി മുതല്‍ ഏപ്രില്‍ വരെ ന്യൂഡല്‍ഹി, മുംബൈ, ഛത്തീസ്ഗഡ്, ലക്നൗ, അഹമ്മദാബാദ്, പാറ്റ്ന, കോല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ജയ്പുര്‍ എന്നിവിടങ്ങളിലാണ് സര്‍വെ നടത്തിയത്. കേരളത്തില്‍ സര്‍വെ നടത്തിയാലറിയാം ഇന്ത്യയില്‍ ഏതു സംസ്ഥാനത്തിലുള്ളവരാണ് ഏറ്റവും കൂടുതല്‍ മെസെജ് അയയ്ക്കുന്നതെന്ന്...
കടപ്പാട് : മേട്രോ വാര്‍ത്ത
0 comments:
Post a Comment