« »
SGHSK NEW POSTS
« »

Monday, July 25, 2011

എച്ച്1എന്‍1 പനി


ഡോ. ആര്‍. സുധാകരന്‍
മഴക്കാലമായതോടെ കേരളം വീണ്ടും പനിപ്പിടിയിലമര്‍ന്നുകഴിഞ്ഞു. എലിപ്പനി, ഡെംഗിപ്പനി എന്നിവയ്ക്കൊപ്പം എച്ച്1എന്‍1 പനിയും ഈ സീസണില്‍ വ്യാപകമായി കണ്ടുവരുന്നു. ഇതുമൂലമുണ്ടാകുന്ന ജീവഹാനിയും കുറവല്ല. ഇതുവരെ ഇരുപതിലേറെ പേര്‍ എച്ച്1എന്‍1 ബാധിച്ചു മരിച്ചതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ആരോഗ്യവകുപ്പിന്‍റെ ക്രിയാത്മകമായ ഇടപെടലുകള്‍ മൂലം രോഗവ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനംമൂലം അടുത്തകാലത്തായി രോഗബാധിതരുടെ സാന്ദ്രത ഏറിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ എച്ച്1എന്‍1 വിതച്ച നാശത്തിന്‍റെ ഓര്‍മ ജനങ്ങളില്‍ വിതയ്ക്കുന്ന ഭീതിയും ചെറുതല്ല. അത്ര ഗുരുതരമല്ലെങ്കിലും, ശ്രദ്ധിച്ചില്ലെങ്കില്‍ മരണകാരണമാകുന്ന രോഗമായതിനാല്‍ വൈദ്യശാസ്തവും ഏറെ ഗൗരവത്തോടെയാണ് ഈ രോഗത്തെ നിരീക്ഷിക്കുന്നത്.
മനുഷ്യനില്‍നിന്നു മനുഷ്യനിലേക്ക് വായുവിലൂടെ രോഗാണുക്കള്‍ പകരുമെന്നതാണ് ഈ രോഗം അതിവേഗം വ്യാപിക്കാന്‍ കാരണം. മഴക്കാലമായതിനാല്‍ അന്തരീക്ഷത്തില്‍ രോഗാണു വ്യാപനത്തിനുള്ള അനുകൂല സാഹചര്യവുമുണ്ട് ഇപ്പോള്‍. ഹ്യൂമന്‍ ഇന്‍ഫ്ളുവന്‍സ എ വിഭാഗത്തില്‍പ്പെട്ട വൈറസുകളാണ് എച്ച്1എന്‍1 രോഗത്തിനു കാരണക്കാര്‍. ഇതില്‍ത്തന്നെ ഹ്യൂമന്‍, ബേഡ്, സ്വൈന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. ഈ വൈറസുകള്‍ കൂടിച്ചേര്‍ന്നുണ്ടായ ഒരു പുതിയ ഇനമാണ് എച്ച്1എന്‍1. പന്നിയില്‍നിന്നുള്ള ഇന്‍ഫ്ളുവന്‍സ വൈറസുകള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചു ഹ്യൂമന്‍ വൈറസുമായി ചേര്‍ന്നുണ്ടായ എച്ച്1എന്‍1 വൈറസാണു പനിക്കു കാരണം. ഇതിനാലാണ് ആദ്യം ഇതിനു പന്നിപ്പനിയെന്നു പേരുവന്നത്. 2009ല്‍ മെക്സിക്കോയിലാണ് ഈ രോഗം ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചത്. തുടക്കത്തില്‍ പന്നിയില്‍നിന്നുള്ള വൈറസുകള്‍ മൂലം മാത്രമായിരുന്നു രോഗം പടര്‍ന്നത്. എന്നാല്‍, മനുഷ്യ ശരീരത്തിനുള്ളില്‍വച്ചു രൂപപ്പെട്ട പുതിയ എച്ച്1എന്‍1 വൈറസുകള്‍ മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കു രോഗം പകര്‍ത്താന്‍ തുടങ്ങി.
പകരുന്ന രീതി
വായുവിലൂടെയാണ് എച്ച്1എന്‍1 വൈറസ് മനുഷ്യരിലേക്കു പടരുന്നത്. രോഗം ബാധിച്ചയാള്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ധാരാളം വൈറസുകള്‍ വായുവില്‍ കലരും. രോഗാണു ശരീരത്തിലെത്തിക്കഴിഞ്ഞാല്‍ മൂന്നു മുതല്‍ 15 വരെ ദിവസത്തിനുള്ളില്‍ ബാഹ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഇന്‍ക്യുബേഷന്‍ പിരീഡ് എന്നാണ് ഈ ദിവസങ്ങളെ വിളിക്കുന്നത്. ശക്തിയായ മൂക്കൊലിപ്പ്, തുമ്മല്‍, തലവേദന, തൊണ്ടപാറല്‍ തുടങ്ങിയവ പ്രകടമാകും. പിന്നീട് ഇതു ശക്തിയായ പനിയായി മാറും. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, പുകവലിക്കാര്‍ എന്നിവരെ രോഗം എളുപ്പത്തില്‍ ബാധിക്കും. ഇവര്‍ക്ക് ഇന്‍ക്യൂബേഷന്‍ പിരീഡില്‍ത്തന്നെ ശക്തമായ ശ്വാസതടസമുണ്ടാകാനും സാധ്യതയുണ്ട്.
പരിശോധന
തൊണ്ടയിലെ സ്രവം ലബോറട്ടറിയില്‍ പരിശോധിച്ചാണു രോഗം സ്ഥിരീകരിക്കുന്നത്. രോഗ ലക്ഷണമുള്ളവരില്‍നിന്നു സാംപിള്‍ ശേഖരിക്കാന്‍ എല്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊണ്ടയില്‍നിന്നെടുക്കുന്ന സ്രവം വൈറല്‍ ട്രാന്‍സ്പോര്‍ട്ട് മീഡിയത്തില്‍ സൂക്ഷിച്ചാണു പരിശോധന. പിസിആര്‍ ടെസ്റ്റ്(പോളിമറൈസ് ചെയ്ന്‍ റിയാക്ഷന്‍ ടെസ്റ്റ്) വഴിയാണ് എച്ച്1എന്‍1 സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ബയോ ടെക്നോളജിയിലും ആലപ്പുഴയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ഇതിനുള്ള സൗകര്യമുണ്ട്.
മുന്‍കരുതലുകള്‍
രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ടു വായും മൂക്കും മൂടണം. രോഗം ഭേദമാകുന്നതുവരെ കഴിയുന്നിടത്തോളം വീട്ടില്‍ത്തന്നെ പൂര്‍ണമായി വിശ്രമിക്കുക. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ നിര്‍ബന്ധമായും തൂവാല ഉപയോഗിച്ചു വായും മുഖവും മൂടിയിരിക്കണം. ഇവര്‍ കൈകള്‍ കൂടെക്കൂടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുന്നതു നല്ലതാണ്. രോഗിയെ പരിചരിക്കുന്നതിനായി കുടുംബാംഗങ്ങളില്‍ ഒരാളെ ചുമതലപ്പെടുത്തുന്നതു നല്ലതാണ്. രോഗി മറ്റ് അംഗങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കാം. ജലദോഷമോ ചുമയോ ശ്വാസകോശ അണുബാധയോ ഉണ്ടായാല്‍ ഉടന്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം. ഗര്‍ഭിണികളെ എച്ച്1എന്‍1 മാരകമായി ബാധിക്കുമെന്നതിനാല്‍, ഇവര്‍ക്കു പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഉണ്ടായാല്‍ എത്രയുംവേഗം ചികിത്സ തേടണം. എച്ച്1എന്‍1 സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം.
പ്രതിരോധം
രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് ഒസെള്‍റ്റാമിവിര്‍ ക്യാപ്സ്യൂളുകളാണ്(75 മി.ഗ്രാം) ഇപ്പോള്‍ നല്‍കുന്നത്. പ്രയപൂര്‍ത്തിയായ ആള്‍ക്ക് ഓരോ ക്യാപ്സ്യൂള്‍ രണ്ടു നേരം കഴിക്കാം. മൂന്നു ദിവസത്തിനകം രോഗം കുറഞ്ഞു വരുന്നതും അഞ്ച് - ആറു ദിവസങ്ങള്‍കൊണ്ടു പൂര്‍ണമായി ഭേദമാക്കാവുന്നതുമാണ്. എച്ച്1എന്‍1 പ്രതിരോധ മരുന്നുകളും ലഭ്യമാണ്. റോഷ്, കാന്‍ഡില എന്നീ രണ്ടു കമ്പനികളാണു കേരളത്തില്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നത്. ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ക്ക് മുന്‍കരുതലെന്ന നിലയില്‍ ഈ പ്രതിരോധ വാക്സിന്‍ നല്‍കുന്നുണ്ട്. ടാമി ഫ്ളുവാണു സര്‍ക്കാര്‍ വിതരണം ചെയ്യുന്ന എച്ച്1എന്‍1 പ്രതിരോധ മരുന്ന്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ മരുന്ന് സ്റ്റോക്കുണ്ട്. രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതു കണക്കിലെടുത്ത്, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ മരുന്നു സൗജന്യമായി നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കടപ്പാട് : മേട്രോവര്‍ത്ത  ദിനപ്പത്രം 


0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites