« »
SGHSK NEW POSTS
« »

Monday, July 25, 2011

അമ്മയും കുഞ്ഞും


അമ്മയുടെ സംരക്ഷണത്തില്‍ ഒരു കുഞ്ഞ് വളരുമ്പോള്‍ അവന്‍റെ വൈകാരികമായ വളര്‍ച്ച മാത്രമല്ല സംഭവിക്കുക, ജൈവികമായ വളര്‍ച്ച കൂടിയാണ്. അതായത് കുഞ്ഞിന്‍റെ തലച്ചോറ്, നാഡീവ്യവസ്ഥകള്‍ എന്നിവയിലെല്ലാം വികാസം സംഭവിക്കുന്നു. ന്യൂറോളജി, സൈക്കോളജി, ബയോളജി, ഇത്തോളജി, ആന്ത്രപ്പോളജി, ന്യൂറോകാര്‍ഡിയോളജി തുടങ്ങിയ ശാഖകളിലൂടെയെല്ലാം ഇതേക്കുറിച്ചു പഠിക്കുന്നു. അമ്മയുടെ സ്നേഹത്തെ മൈക്രോസ്കോപ്പിന്‍റെ ലെന്‍സിലൂടെ നോക്കിയാല്‍ കാണുന്നത്, ഒരു കുഞ്ഞ് സ്വന്തം ജീവിതത്തില്‍ പാലിക്കാന്‍ പോകുന്ന സ്നേഹത്തിന്‍റെ ആഴം കൂടിയാണ്.
ഹോര്‍മോണുകള്‍, സ്നേഹത്തിന്‍റെ ഭാഷ
ഫ്രഞ്ച് ഒബ്സ്റ്റെറിഷ്യന്‍ മൈക്കിള്‍ ഒഡെന്‍റിന്‍റെ ദ സയന്‍റിഫിക്കേഷന്‍ ഒഫ് ലവ് എന്ന പുസ്തകത്തില്‍ ഹൃദയത്തിലേക്ക് സന്ദേശം വഹിക്കുന്ന ഓക്സിടോസിന്‍ എന്ന ഹോര്‍മോണിനെക്കുറിച്ചു വ്യക്തമായി പറയുന്നുണ്ട്. കുഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. പ്രണയിക്കുമ്പോഴും, ഭക്ഷണം ഷെയര്‍ ചെയ്തു കഴിക്കുമ്പോഴുമെല്ലാം ഈ ഹോര്‍മോണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെട്ടെന്ന് ഓക്സിടോസിന്‍ ശരീരത്തില്‍ റിലീസ് ചെയ്യപ്പെടുമ്പോള്‍ മറ്റ് ഹോര്‍മോണുകളുടെ സാന്നിധ്യം അനുസരിച്ച് സ്നേഹത്തിലും വ്യത്യാസം വരുന്നു. ഉദാഹരണമായി പ്രോലാക്റ്റിന്‍റെ അളവ് കൂടുമ്പോള്‍, കുഞ്ഞുങ്ങളോടുള്ള സ്നേഹമാണ് പുറത്തേക്കു വരിക. കുഞ്ഞ് ജനിക്കുമ്പോള്‍, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ എന്‍ഡോര്‍ഫിന്‍സ് എന്ന ഹോര്‍മോണിന്‍റെ അളവ് കൂടുന്നു. ഇത് അമ്മയേയും കുഞ്ഞിനേയും മയക്കത്തില്‍ നിന്ന് ഉണര്‍ത്തും. പരസ്പരസഹകരണത്തിന്‍റെ തുടക്കം ഇവിടെ നിന്നാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള അഗാധസ്നേഹം ആരംഭിക്കുന്നു. ആവശ്യമുള്ള ഹോര്‍മോണുകളുടെ അഭാവം കുഞ്ഞിന്‍റെ പിന്നീടുള്ള ജീവിതത്തെ ബാധിക്കും. തുടര്‍ ജീവിതത്തില്‍ പലതരം പ്രശ്നങ്ങള്‍ കുഞ്ഞിനു നേരിടേണ്ടി വരുന്നത് ഇക്കാരണത്താലാണ്. മരുന്നിനോടു നോ പറയാമെങ്കിലും ന്യൂറോബയോളജി തള്ളിക്കളയാനാവില്ല. മനുഷ്യമസ്തിഷ്കം വികാരങ്ങളുടെ സിരാകേന്ദ്രമാണ്. തലച്ചോറിന്‍റെ ആദ്യ ഭാഗത്തായിരിക്കും അമ്മയും കുഞ്ഞും തമ്മിലുള്ള പ്രത്യേക ബന്ധം ഉടലെടുക്കുക. അവര്‍ക്കിടയിലെ ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു. മുലയൂട്ടല്‍, ഒന്നിച്ചുള്ള ഉറക്കം, കുഞ്ഞിനെ താലോലിക്കല്‍ തുടങ്ങിയവയിലൂടെ അത് കൂടുതല്‍ ദൃഢമാവുകയാണ്. ഇവയില്‍ ഏറ്റവും പ്രധാനം സ്പര്‍ശനം തന്നെയാണ്.
സ്പര്‍ശനം
ഒരു കുഞ്ഞിന് ഡിപ്രഷനോ തനിച്ചാവുന്ന തോന്നലോ നല്‍കാനായി അവനെ തൊടാതിരിക്കുകയും ശരീരത്തോടു ചേര്‍ത്തു പിടിക്കാതിരിക്കുകയും ചെയ്താല്‍ മതിയാവുമെന്ന് ഗവേഷകര്‍ പറയാതെ തന്നെ അറിയാം. സ്പര്‍ശനം എന്നത് മനുഷ്യന്‍റെ മാനസിക വികാസത്തിന് അത്യന്താപേക്ഷിതമാണ്. അത് ഇല്ലാതെ വരുമ്പോള്‍ ഒരു വ്യക്തി മാത്രമല്ല സമൂഹം കൂടി പ്രശ്നം അനുഭവിക്കേണ്ടി വരുന്നു. സ്പര്‍ശനവും സ്നേഹവുമാണ് ആരോഗ്യത്തിന്‍റെ അടിസ്ഥാനം. സ്പര്‍ശനത്തിലൂടെയുള്ള സാന്ത്വനം ലഭിക്കാതെ വരുമ്പോള്‍ തലച്ചോറില്‍ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ റിലീസ് ചെയ്യപ്പെടുന്നു. അത് തലച്ചോറിനേയും അതിന്‍റെ പ്രവര്‍ത്തനത്തേയും മോശമായി ബാധിക്കുകയാണ്. ഇത് കുഞ്ഞുങ്ങളില്‍ ഡിപ്രഷന്‍, ഇംപള്‍സ് ഡിസ്കണ്‍ട്രോള്‍, വയലന്‍സ്, ചൂഷണം ചെയ്യപ്പെടല്‍ എന്നിവ വളര്‍ത്തിയെടുക്കും. വര്‍ഷങ്ങള്‍ക്കു മുമ്പ് കൂട്ടുകുടുംബ വ്യവസ്ഥയില്‍ ജീവിക്കുന്നതിനാല്‍, കുഞ്ഞുങ്ങള്‍ക്ക് അമ്മയുടേത് ഉള്‍പ്പെടെ ബന്ധുക്കളുടെയെല്ലാം സംരക്ഷണം ലഭിക്കുമായിരുന്നു. അമ്മയ്ക്കു കുഞ്ഞിനെ നോക്കാന്‍ കൂടുതല്‍ സമയവും ലഭിച്ചിരുന്നു.
കുഞ്ഞിന്‍റെ ജീവിതത്തിലെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ലഭിക്കുന്ന സ്നേഹവും കരുതലുമാണ് പിന്നീടുള്ള വളര്‍ച്ചയേയും വികാസത്തെയും ബാധിക്കുന്നത്. സ്പര്‍ശനം നിഷേധിക്കപ്പെടുന്ന കുഞ്ഞുങ്ങളിലുണ്ടാകുന്ന വൈകല്യങ്ങള്‍ നിരവധിയാണ്. രോഗപ്രതിരോധശേഷിയേയും ഉറക്കത്തിന്‍റെ തോതിനെയുമൊക്കെ ഇതു പ്രതികൂലമായി ബാധിക്കും. അമ്മയുടെ വയറ്റില്‍ നിന്ന് ഒന്‍പതു മാസത്തിനു ശേഷം പുറത്തെത്തുമ്പോഴും കുഞ്ഞിന്‍റെ വളര്‍ച്ച പൂര്‍ത്തിയായിട്ടില്ല. അടുത്ത ഒന്‍പതു മാസത്തേക്ക് കൂടി വളര്‍ച്ചയുടെ ഘട്ടത്തിലൂടെയാണ് കുഞ്ഞ് കടന്നു പോകുന്നത്, അതിനാല്‍ സംരക്ഷണത്തിന്‍റെ തോതിലും വ്യത്യാസം വരാന്‍ പാടില്ല. കൈയിലെടുക്കാനും, തലോടാനും, ചുംബിക്കാനും, സ്നേഹിക്കാനുമൊക്കെ കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്.
ഇന്‍ഫന്‍റ് മസാജിലൂടെ കുഞ്ഞിന്‍റെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ വയ്ക്കാന്‍ അമ്മയ്ക്കു കഴിയും. മസാജിങ് രീതികള്‍ പഠിക്കുകയും ശീലിക്കുകയും ചെയ്യുന്നതിലൂടെ കുഞ്ഞിന്‍റെ ആരോഗ്യം സംരക്ഷിക്കാനാവും. സ്പര്‍ശനത്തിലൂടെ അമ്മയും കുഞ്ഞും തമ്മില്‍ നല്ല ബന്ധം ഉടലെടുക്കും. നല്ലൊരു മനുഷ്യനായി സമൂഹത്തില്‍ വളരാന്‍ കുഞ്ഞിനെ കൈപിടിച്ചുയര്‍ത്തുന്നത് അമ്മയുടെ സ്പര്‍ശനം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.
കടപ്പാട് : മേട്രോ വാര്‍ത്ത ദിനപ്പത്രം  

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites