« »
SGHSK NEW POSTS
« »

Monday, July 25, 2011

കഥകളി വിശേഷങ്ങള്‍


കഥകളിയുടെ അവതരണത്തിനായി ചിട്ടപ്പെടുത്തുന്ന സാഹിത്യമാണ് ആട്ടക്കഥ. ആടുവാനുള്ള കഥ എന്നര്‍ഥം. കൊട്ടാരക്കരത്തമ്പുരാന്‍റെ രാമനാട്ടത്തെ(രാമായണ കഥ)യാണു മലയാളത്തിലെ ആദ്യത്തെ ആട്ടക്കഥയായി കണക്കാക്കുന്നത്. കഥാവിവരണത്തിലുള്ള ശ്ലോകങ്ങളും സംഭാഷണരൂപത്തിലുള്ള ഗാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ആട്ടക്കഥയുടെ രൂപശില്‍പ്പം. ശ്ലോകം, പദം എന്നിങ്ങനെ രണ്ടു ഘടകങ്ങളാണ് ഈ രൂപശില്‍പ്പത്തിലുള്ളത്. ശ്ലോകം കവിവാക്യവും പദം പാത്രവാക്യവും(കഥാപാത്രങ്ങളുടെ സംഭാഷണം, ആത്മഗതം തുടങ്ങിയവ).
കഥകളിയിലെ അഷ്ടാംഗങ്ങള്‍
കേളി, അരങ്ങു കേളി, തോടയം, വന്ദന ശ്ലോകം, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി.
കേളി, അരങ്ങു കേളി
ഏതെങ്കിലും സ്ഥലത്ത് കഥകളി നടത്താന്‍ പോകുന്നു എന്ന് എല്ലാവരേയും അറിയിക്കുന്ന ചടങ്ങാണു കേളി. കഥകളി ആരംഭിക്കുന്ന ചടങ്ങാണ് അരങ്ങു കേളി. കളിവിളക്കു കൊളുത്തിയാലുടന്‍ അരങ്ങു കേളി ആരംഭിക്കും. ശുദ്ധമദ്ദളം, കേളിക്കൈ, ഗണപതിക്കു കൊട്ടുക എന്നൊക്കെ ഈ ചടങ്ങിനെ വിശേഷിപ്പിക്കാറുണ്ട്. അരങ്ങു കേളിയില്‍ മദ്ദളവും ഇലത്താളവും മാത്രമാണ് ഉപയോഗിക്കുന്നത്. സദസിനെ അഭിമുഖീകരിച്ചാണ് അരങ്ങു കേളി ആരംഭിക്കുന്നത്.
തോടയം
നാടകത്തിലെ നാന്ദി പോലെയാണു കഥകളിയിലെ തോടയം. അരങ്ങു കേളി കഴിഞ്ഞാല്‍ തിരശീല പിടിച്ച് തോടയം. വിഘ്നങ്ങളൊന്നും കൂടാതെ ശുഭമായി സമാപിക്കണം എന്നു പ്രാര്‍ഥിക്കുന്ന ഈശ്വരാരാധനാപരമായ ഈ ചടങ്ങില്‍ നൃത്തത്തിനാണു പ്രാധാന്യം. ശിവപാര്‍വതീ നൃത്തത്തെ ഓര്‍മിപ്പിക്കുന്നു എന്നാണ് സങ്കല്‍പ്പം. അതു കൊണ്ട് സ്ത്രീപുരുഷ രൂപത്തിലുള്ള രണ്ടു വേഷങ്ങളാണ് ഈ ചടങ്ങിനെത്തുന്നത്. കഥകളിയെക്കുറിച്ച് പ്രാമാണിക ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള പണ്ഡിതര്‍ പല രൂപത്തിലാണു തോടയം എന്ന വാക്കിനെ വ്യാഖ്യാനിച്ചിട്ടുള്ളത്. ഇപ്പോള്‍ വളരെ അപൂര്‍വമായേ ഈ ചടങ്ങ് നടത്താറുള്ളൂ.
വന്ദനശ്ലോകം
തോടയത്തിനു ശേഷം ഗായകര്‍ വന്ദന ശ്ലോകം ചൊല്ലുന്നു. കൊട്ടാരക്കരത്തമ്പുരാന്‍റെ രാമായണം ആട്ടക്കഥയിലെ മദഗജവദനം...,കോട്ടയത്തു തമ്പുരാന്‍റെ ബക വധത്തിലെ മാതംഗാനനമബ്ജവാസരമണിം...കാര്‍ത്തിക തിരുനാളിന്‍റെ രാജസൂയത്തിലെ ഭോഗീന്ദ്രഭോഗ ശയനം ഭുവനൈക നാഥം...തുടങ്ങിയ ശ്ലോകങ്ങളില്‍ ഏതെങ്കിലുമൊന്നാണു മിക്കവാറും വന്ദന ശ്ലോകമായി ചൊല്ലാറ്.
പുറപ്പാട്
സംസ്കൃത നാടകങ്ങളില്‍ സൂത്രധാരന്‍ രംഗത്തു വന്ന് കഥാസൂചന നല്‍കുന്നതുമായി സാദൃശ്യമുണ്ട് ഈ ചടങ്ങിന്. കഥയെക്കുറിച്ചുള്ള സൂചന, കഥാനായകനെ സ്തുതിക്കല്‍ തുടങ്ങിയവയാണ് പുറപ്പാടില്‍. ഉദാഹരണമായി നളചരിതം നോക്കുക, ആസീല്‍ പുരാ പരമപാവനകീര്‍ത്തിഭൂമാ...എന്നു തുടങ്ങുന്നു നളചരിതത്തിന്‍റെ പുറപ്പാടു പദ്യം. പിന്നെ
അരമതാമാതാ കൗതുകമാലയേ
നരപതി നൈഷധവീരന്‍ എന്നാരംഭിക്കുന്ന പദവും നളനെ പ്രകീര്‍ത്തിക്കുന്നതാണ്.
കഥകളിയുടെ തെക്കന്‍ വടക്കന്‍ സമ്പ്രദായങ്ങളില്‍ രണ്ടു തരത്തിലാണു പുറപ്പാട് ചടങ്ങ് നിര്‍വഹിച്ചിരുന്നത്. അതു കൊണ്ടു തന്നെ ഈ ചടങ്ങിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചു രണ്ടു തരത്തിലുള്ള അഭിപ്രായങ്ങളും നിലവിലുണ്ട്. തെക്കന്‍ സമ്പ്രദായത്തില്‍ പുരുഷ, സ്ത്രീ വേഷങ്ങളാണ് ഈ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. വടക്കന്‍ സമ്പ്രദായത്തില്‍ രണ്ടു മുതല്‍ നാലു വരെ വേഷങ്ങള്‍ അരങ്ങിലെത്താറുണ്ട്. നാലു വേഷങ്ങളോടു കൂടിയ പുറപ്പാടിന് നാലിന്മേല്‍ പുറപ്പാട് എന്നു പറയും. കലാമണ്ഡലവും കലാനിലയം പോലുള്ള കഥകളി സംഘങ്ങളുമാണു ഈ പുറപ്പാടു രീതിയ്ക്കു പ്രചാരം നല്‍കിയത്.
മേളപ്പദം
പുറപ്പാടിന്‍റേയും കഥാരംഭത്തിന്‍റേയും ഇടയ്ക്കുള്ള മേള പ്രദാനമായ ഇനം. ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് അരങ്ങില്‍. മേളക്കാരുടെ പ്രതിഭയ്ക്കാണ് ഇവിടെ പ്രാധാന്യം. മേളപ്രിയരെ ആകര്‍ഷിക്കാന്‍ രണ്ടു ചെണ്ടയും രണ്ടു മദ്ദളവും ചേര്‍ത്തു ഡബിള്‍ മേളപ്പദം അവതരിപ്പിക്കാറുണ്ട് ചിലയിടങ്ങളില്‍.
ധനാശി
നാടകത്തിലെ ഭരതവാക്യത്തിന്‍റെ സ്ഥാനമാണു കഥകളിയില്‍ ധനാശിക്ക്. കഥയുടെ അഭിനയം പൂര്‍ത്തിയായതിനു ശേഷം ഒരു പച്ച വേഷം ഈശ്വരസ്തുതി രൂപത്തില്‍ കലാശമെടുത്തു കൊണ്ടാണ് ഈ ചടങ്ങ് ആരംഭിക്കുന്നത്.

തിരനോട്ടം
കത്തി, താടി, കരി എന്നീ വേഷങ്ങളുടെ രംഗപ്രവേശന വേളയിലുള്ള ചടങ്ങാണു തിരനോട്ടം. തിര അഥവാ തിരശീലയ്ക്കു മുകളിലൂടെയുള്ള നോട്ടം എന്ന അര്‍ഥത്തിലാവണം തിരനോട്ടം എന്ന പ്രയോഗം വന്നത്. ശ്ലോകം ചൊല്ലിക്കഴിയുമ്പോള്‍ തിരശീലയ്ക്കുള്ളില്‍ വരുന്ന വേഷം മൂന്നു തവണ അലറുന്നു. പിന്നീടു രംഗവന്ദനം ചെയ്ത് കലാശമെടുക്കുന്നു. അതിനു ശേഷം തിരശീലയുടെ മുകളില്‍ ഇരു കൈകളും വിരല്‍ നിവര്‍ത്തിപ്പിടിച്ച് മുഖം വിളക്കിനു നേരെ ഇരിക്കത്തക്ക വിധം അരയില്‍ താണു നിന്നു നോക്കുന്നതാണ് രീതി.

കഥകളിയെ സ്നേഹിച്ച ഡേവിഡ്
കഥകളിയെ അടിസ്ഥാനമാക്കി നിരവധി കൃതികള്‍ വിവിധ ഭാഷകളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തില്‍ കഥകളിക്കു മാത്രമായി ഒരു വിജ്ഞാന കോശവുമുണ്ട്. അധ്യാപകനും കഥകളി പണ്ഡിതനുമായിരുന്ന പ്രഫ. അയ്മനം കൃഷ്ണക്കൈമളാണു കഥകളി വിജ്ഞാന കോശം രചിച്ചത്.
കഥകളിയുടെ ചരിത്രം, അരങ്ങിന്‍റെ സവിശേഷതകള്‍, ആട്ടക്കഥകള്‍ ഇങ്ങനെ പല കാര്യങ്ങളും പ്രതിപാദിക്കുന്ന കൃതികള്‍ മലയാളത്തില്‍ എഴുതപ്പെട്ടതു പോലെ തന്നെ വിദേശ ഭാഷകളിലുമുണ്ടായി. കഥകളി,ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ദ ഡാന്‍സ്-ഡ്രാമ ഒഫ് കേരള(ക്ലിഫോര്‍ഡ് ആര്‍. ജോണ്‍സ്), കഥകളി ഡാന്‍സ്-ഡ്രാമ വെയര്‍ ഗോഡ്സ് ആന്‍ഡ് ഡെമണ്‍സ് കം ടു പ്ലെ( ഫിലിപ്പ് ബി. സെറില്ലി) ഇങ്ങനെ നിരവധി ഗ്രന്ഥങ്ങള്‍.
പ്രത്യേകം പരാമര്‍ശിക്കാന്‍ ഒരു കൃതിയും ഗ്രന്ഥകാരനുമുണ്ട്. എ ഗൈഡ് ടു കഥകളി എഴുതിയ ഡേവിഡ് ബോള്ളാന്‍ഡ്. കോളെജ് വിദ്യാഭ്യാസവും കുറച്ചു കാലത്തെ സൈനിക സേവനവും കഴിഞ്ഞ് പിയേഴ്സ് ലെസ്ലി ആന്‍ഡ് കമ്പിനി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലി കിട്ടി. ഇന്ത്യയില്‍ നിന്നു റബ്ബര്‍, കാപ്പി, തേയില കച്ചവടത്തിനായി 1862ല്‍ സ്ഥാപിച്ച കമ്പനിയായിരുന്നു ഇത്. 1950ല്‍ ഡേവിഡ് ബോള്ളാന്‍ഡ് കോല്‍ക്കത്തയില്‍ എത്തി. 1954ലാണ് ആദ്യമായി കഥകളി കാണുന്നത്. ഗുരു കുഞ്ചുക്കുറുപ്പ് മുഖ്യ വേഷത്തില്‍ അഭിനയിച്ച വേദിയായിരുന്നു അത്.
കഥകളിയുടെ സൗന്ദര്യത്തില്‍ മോഹിച്ചു പോയി ഡേവിഡ് ബോള്ളാന്‍ഡ്. കേരളത്തില്‍ വന്നു, ഇരുനൂറോളം വേദികളിലായി കഥകളി കണ്ടു. നോട്ടുകള്‍ തയാറാക്കി. ആട്ടം ക്യാമറയില്‍ പകര്‍ത്തി. കഥകളി പ്രേമി കൂടിയായിരുന്ന നയതന്ത്രജ്ഞന്‍ കെപിഎസ് മേനോന്‍റെ പിന്തുണയും ഡേവിഡിനു കിട്ടി. കേരള കലാമണ്ഡലവുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. അവിടെ നിന്നു പഠിച്ചിറങ്ങുന്ന മികച്ച വിദ്യാര്‍ഥിക്ക് പ്രത്യേക പുരസ്കാരം ഏര്‍പ്പെടുത്തി. 1980ല്‍ എ ഗൈഡ് ടു കഥകളി എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ബ്രിട്ടനില്‍ തിരിച്ചത്തിയ ഡേവിഡ് കഥകളിയെക്കുറിച്ച് നാല്‍പ്പതു മിനിറ്റുള്ള ഒരു ഷോര്‍ട്ട് ഫിലിം തയാറാക്കി. വിവിധ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്ന് ഇരുപത്താറു പുരസ്കാരങ്ങളാണ് ഈ ഷോര്‍ട് ഫിലിം നേടിയത്. കഥകളിയെക്കുറിച്ചു മാത്രമല്ല കൂടിയാട്ടം, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, തെയ്യം, കളമെഴുത്ത്, ചുട്ടികുത്ത് ഇങ്ങനെ വിവിധ വിഷയങ്ങളില്‍ പതിനെട്ടോളം ഷോര്‍ട് ഫിലിമുകള്‍ തയാറാക്കിയിട്ടുണ്ട് ഡേവിഡ്. 1990 വരെ ഇടയ്ക്ക് കേരളത്തില്‍ എത്തിയിരുന്നു.
2003ല്‍ അന്തരിക്കുന്നതു വരെ കേരളവുമായും കഥകളി രംഗത്തുള്ളവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. കഥകളിയെക്കുറിച്ച് അദ്ദേഹം തയാറാക്കിയ ആറു ഭാഗങ്ങളുള്ള ഫിലിം ആന്‍ഡ് വിഡിയോ കലക്ഷന്‍ റോസ് ബുഫോര്‍ഡ് കോളെജ് ഒഫ് തിയെറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സാണ് അവതരിപ്പിച്ചത്.

വേഷങ്ങള്‍
പച്ച, കത്തി, കരി, താടി, മിനുക്ക് എന്നിങ്ങനെയാണു കഥകളിയില്‍ അരങ്ങത്തു വരുന്ന വേഷങ്ങളെ വിഭജിച്ചിരിക്കുന്നത്. കഥാപാത്രങ്ങളെ സത്വഗുണപ്രധാനം, രജോഗുണപ്രധാനം, തമോഗുണ പ്രദാനം എന്നിങ്ങനെ തിരിക്കാറുണ്ട്. പച്ചയും മിനുക്കും സത്വ ഗുണ പ്രധാന വേഷങ്ങളാണ്. രജോ ഗുണ പ്രധാനമാണ് കത്തി. കരിയും താടിയും തമോഗുണത്തിന്‍റെ പ്രതീകങ്ങള്‍.
ഏറ്റവും മനോഹരമായ വേഷമാണു പച്ച. ശൃംഗാരമോ വീരമോ ആയിരിക്കും മിക്കവാറും ഈ വേഷങ്ങളുടെ സ്ഥായിയായ ഭാവം. ഹരിശ്ചന്ദ്രന്‍, രുഗ്മാംഗദന്‍, നളന്‍, അര്‍ജുനനന്‍, ധര്‍മപുത്രര്‍, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, ഉത്തരന്‍, ഋതുപര്‍ണന്‍ തുടങ്ങിയ വേഷങ്ങള്‍ പച്ചയ്ക്കുള്ള ഉദാഹരണങ്ങള്‍.
തിരനോട്ടത്തോടെയാണ് കത്തി വേഷങ്ങളുടെ രംഗപ്രവേശം. രാവണന്‍, കീചകന്‍, ദുര്യോധനന്‍, നരകാസുരന്‍, ഹിരണ്യന്‍, ജരാസന്ധന്‍, ഘടോല്‍ക്കചന്‍ തുടങ്ങിയ വേഷങ്ങള്‍ ഉദാഹരണം. കുറും കത്തി, നെടും കത്തി എന്നു രണ്ടു വിഭാഗങ്ങളുമുണ്ട്. രാവണന്‍, കീചകന്‍, ദുര്യോധനന്‍ തുടങ്ങിയവര്‍ക്കാണ് കുറുംകത്തി. ഘടോല്‍ക്കചന്‍, കിര്‍മീരന്‍ തുടങ്ങിയ വേഷങ്ങള്‍ക്ക് കുറുംകത്തി.
താടി വേഷത്തെ ചുവന്ന താടി, വെള്ളത്താടി, കരിംതാടി എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ക്രൂരന്മാരായ രാക്ഷസന്മാര്‍ക്കും അസുരന്മാര്‍ക്കും ചില രാജാക്കന്മാര്‍ക്കും ചുവന്ന താടി. ദുശ്ശാസനന്‍, ബാലി തുടങ്ങിയ വേഷങ്ങള്‍ ഇതില്‍പ്പെടും. ഹനുമാന്‍, നന്ദികേശ്വര്‍ എന്നിവര്‍ക്കുള്ള വെള്ളത്താടിക്ക് വട്ടമുടി എന്നും പറയാറുണ്ട്. തമോഗുണ പ്രധാനമാണ് കരിംതാടി. ആണ്‍കരിയും പെണ്‍കരിയുമുണ്ട്. കാട്ടാളന്മാര്‍ ആണ്‍കരി വേഷത്തിന് ഉദാഹരണങ്ങളാണ്. ശൂര്‍പ്പണഖ, ലങ്കാലക്ഷ്മി തുടങ്ങിയവര്‍ പെണ്‍കരികളാണ്.
സത്വഗുണ പ്രധാനമാണ് മിനുക്കു വേഷങ്ങള്‍. ബ്രാഹ്മണര്‍, ഋഷിമാര്‍, ദൂതന്മാര്‍, തേരാളികള്‍ തുടങ്ങിയവര്‍ക്കും സ്ത്രീകള്‍ക്കും മിനുക്കു വേഷമാണ്.

സമ്പ്രദായങ്ങള്‍
കഥകളിയെക്കുറിച്ചുള്ള പഠനത്തില്‍ വിവിധ സമ്പ്രദായങ്ങള്‍ അഥവാ ചിട്ടകളെക്കുറിച്ചു പറഞ്ഞു കേട്ടിട്ടുണ്ടല്ലോ? തെക്കന്‍, വടക്കന്‍ ചിട്ടകള്‍ കൂടാതെ കഥകളിയെ കാലാകാലങ്ങളില്‍ പരിഷ്കരിക്കാന്‍ ശ്രമിച്ച ധാരാളം ആചാര്യന്മാരുണ്ട്. അതില്‍ പ്രധാനിയാണ് കപ്ലിങ്ങാടന്‍ നമ്പൂതിരി. ആട്ടക്രമങ്ങളും ചിട്ടകളും കാലോചിതമായി പരിഷ്കരിച്ചത് കപ്ലിങ്ങാടന്‍ നമ്പൂതിരിയാണ്. നടനു പ്രാധാന്യം കിട്ടി, കത്തി വേഷത്തിന്‍റെ പ്രാധാന്യ കൂടി...തുടങ്ങി കപ്ലിങ്ങാടന്‍ നമ്പൂതിരിയുടെ പരിഷ്കാരങ്ങള്‍ ഏറെ.
കല്ലടിക്കോടന്‍ സമ്പ്രദായത്തെക്കുറിച്ച് ചില തെറ്റിധാരണകള്‍ നിലനിന്നിരുന്നു. കോട്ടയത്തു തമ്പുരാന്‍റെ കളരിയിലെ മുഖ്യ ആചാര്യനായിരുന്ന വെള്ളാട്ട് ചാത്തുപ്പണിക്കര്‍ കല്ലടിക്കോട് അംശത്തിലുള്ള പുലാപ്പറ്റ എന്ന സ്ഥലത്ത് ഒരു കളരി സ്ഥാപിച്ച് കുട്ടികളെ അഭ്യസിപ്പിച്ചു. ചാത്തുപ്പണിക്കരും ശിഷ്യരും ഈ കളരിയിലൂടെ പ്രചരിപ്പിച്ച ആട്ടച്ചിട്ടകളാണ് കല്ലടിക്കോടന്‍ സമ്പ്രദായം എന്ന പേരില്‍ അറിയപ്പെടുന്നത്.
വെള്ളിനേഴിക്ക് അടുത്തുള്ള പ്രദേശമാണു കല്ലുവഴി. ഇവിടുത്തുകാരനായ ഇട്ടിരാരിച്ച മേനോനാണ് കല്ലുവഴിച്ചിട്ടയ്ക്കു തുടക്കമിട്ടത്. ഈ ചിട്ടയില്‍ ആവശ്യത്തിനു മാറ്റം വരുത്തി അവതരിപ്പിച്ചത് പട്ടിക്കാംതൊടി രാവുണ്ണി മേനോനായിരുന്നു. കേരളകലാണ്ഡലത്തിലെ ആധ്യാപകനായപ്പോള്‍ ആ സ്ഥാപനത്തിലൂടെ കല്ലുവഴിച്ചിട്ട പ്രചരിപ്പിക്കാനും അദ്ദേഹത്തിനായി. കപ്ലിക്കാടന്‍, കല്ലടിക്കോടന്‍ സമ്പ്രദായങ്ങളിലെ നല്ല അംശങ്ങള്‍ കൂട്ടിച്ചേര്‍ന്നിട്ടുണ്ട് കല്ലുവഴിച്ചിട്ടയില്‍.

പ്രധാന ആട്ടക്കഥകള്‍
കീചക വധം, ഉത്തരാ സ്വയംവരം, ദക്ഷയാഗം - ഇരയിമ്മന്‍ തമ്പി
രുഗ്മാംഗദ ചരിതം, സന്താന ഗോപാലം - മണ്ഡവപ്പള്ളി ഇട്ടിരാരിശ്ശ മേനോന്‍
നളചരിതം(നാലുദിവസം)- ഉണ്ണായിവാര്യര്‍
ബക വധം, കല്യാണസൗഗന്ധികം, കിര്‍മീരവധം,
നിവാതകവചകാലകേയവധം - കോട്ടയത്തു തമ്പുരാന്‍
കര്‍ണശപഥം - മാലി മാധവന്‍ നായര്‍(1915-1994).
ആധുനിക കാലത്ത് ഇത്രയും പ്രശസ്തി
നേടിയ മറ്റൊരു ആട്ടക്കഥയില്ല.
രുഗ്മിണീ സ്വയംവരം, പൂതനാ മോക്ഷം,
അംബരീഷ വീജയം - അശ്വതി തിരുനാള്‍ രാമവര്‍മ
രാജസൂയം, നരകാസുര വധം - രാമവര്‍മ കാര്‍ത്തിക തിരുനാള്‍
കിരാതം - ഇരട്ടക്കുളങ്ങര രാമവാര്യര്‍.

കടപ്പാട് : മെട്രോ വാര്‍ത്ത

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites