« »
SGHSK NEW POSTS
« »

Tuesday, January 24, 2012

മലയാളിയുടെ സ്നേഹ ഗായകന്‍



'വയലാറിന്റെ വരികള്‍ക്ക്‌ ദേവരാജന്‍ ഈണം നല്‍കി യേശുദാസ്‌ ആലപിച്ച ഗാനം'-ആകാശവാണിയുടെ ഈ അറിയിപ്പുകേട്ടാല്‍ ഇന്നും കോരിത്തരിക്കുന്ന മനസ്സാണ്‌ മലയാളിയുടേത്‌. ശുദ്ധസംഗീതത്തിന്റെ നേര്‍വരയിലൂടെ അതിദൂരം കടന്നുപോയിട്ടും സംഗീതത്തില്‍ താന്‍ ഇന്നും വിദ്യാര്‍ഥിയാണെന്ന്‌ പറയുന്ന ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌.



yesudas and  S. Jasnaki
Jayachandran, vasantha ,Janaki, yesudas
മലയാളി മനസ്സിന്റെ സ്നാനതീര്‍ത്ഥമായി ഗാനഗംഗയെ നിര്‍വിഘ്നം ഒഴുക്കി അരനൂറ്റാണ്ടിന്റെ ഗോപുരപ്പടിയില്‍ ചുവടുവെക്കാനൊരുങ്ങുകയാണ്‌ യേശുദാസ്‌. പ്രകൃതിയുടെയും കലയുടെയും സംഗീതത്തിന്റെയും അസാധാരണ വിഭവങ്ങള്‍ ഒരുക്കിയ കേരളക്കരയെ ലോകം കൊതിയോടെ നോക്കിക്കണ്ടിരുന്നതാണ്‌. നമ്മുടെ വശ്യസൗന്ദര്യവും വശ്യസംഗീതവുമൊക്കെ തേടി വിദേശികള്‍ ഇങ്ങോട്ടെത്തുകയായിരുന്നു പതിവ്‌. സ്വത്വം മറന്ന നാമിപ്പോള്‍ വിദേശിയെ തേടി അങ്ങോട്ട്‌ പറക്കുകയാണ്‌. പുതുമയുടെ പുതപ്പണിഞ്ഞ എന്തിനോടും ആഭിമുഖ്യം പുലര്‍ത്താനും ആശ്ലേഷിക്കാനും തയ്യാറാകുന്ന മാനസികാവസ്ഥയിലേക്ക്‌ മലയാളി കൂടുമാറ്റം നടത്തിയപ്പോള്‍ നമ്മുടെ സ്വത്വം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.

തപോതുല്യമായ സാഹസിക സപര്യയിലൂടെ മാത്രം സ്വായത്തമാക്കാന്‍ കഴിയുന്ന ശാസ്ത്രീയതയിലുറച്ച പാരമ്പര്യകലകളെയും സംഗീതത്തെയും പിന്‍തള്ളി പടിഞ്ഞാറോട്ടു നോക്കി പാടാനും ആടാനും തുടങ്ങിയ ഇന്നത്തെ മലയാളി താളം തെറ്റലിന്റെയും ലയഭംഗത്തിന്റെയും അപശ്രുതിയുടെയും ആഴക്കടലിലാണ്‌ നിപതിച്ചിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം എന്നാണ്‌ തിരിച്ചറിയുക. ഈ തിരിച്ചറിവിലേക്ക്‌ പുതുതലമുറയെ വിളിച്ചുണര്‍ത്താന്‍ മുതിര്‍ന്ന തലമുറതന്നെ അരയും തലയും മുറുക്കി ഇറങ്ങേണ്ടിയിരിക്കുന്നു.പാട്ട്‌ പാടാനുള്ളതാണ്‌-ആടാനുള്ളതല്ല എന്ന കേവലജ്ഞാനം പോലും പുതുതലമുറയ്ക്ക്‌ ഇല്ലാതായിരിക്കുന്നു. റിയാലിറ്റി ഷോകളുടെ വര്‍ണ്ണ വെളിച്ചത്തിന്റെ തണലിലിട്ട്‌ തല്ലിപ്പഴുപ്പിച്ചെടുക്കാവുന്ന വിഭവവും വൈഭവവുമല്ല പാട്ടുകാരന്റേതെന്ന്‌ ഗദ്ഗദത്തോടെ വിലപിക്കുന്ന യേശുദാസ്‌ സമകാലികതയെ മുന്നില്‍ നിര്‍ത്തി സംവദിക്കുകയാണ്‌.

മലയാളിക്കെന്തു പറ്റി?
കലയുടെ നിയതമായ കാലടിപ്പാടുകളെ വ്രതശുദ്ധിയോടെ പിന്തുടരുക ഒരു യഥാര്‍ത്ഥ കലാകാരന്റെ കടമയാണ്‌. സാഹിത്യത്തിലും കലയിലുമൊക്കെ ലോകമാരാധിക്കും വിധമുള്ള മഹത്തായ പാരമ്പര്യവും പൈതൃകവും നമുക്കുണ്ട്‌. ആ പാരമ്പര്യ ഗുണങ്ങളെ പരിക്കേല്‍ക്കാതെ കാക്കാനും പരിപോഷിപ്പിക്കാനുമുള്ള ഉത്തരവാദിത്തം മാറി മാറി വരുന്ന തലമുറകള്‍ ഏറ്റെടുക്കണം. മലയാള ചലച്ചിത്ര ഗാനശാഖയുടെ ഏറ്റവും പുഷ്ക്കലമായ കാലം വളര്‍ത്തിയെടുത്ത കലാകാരനാകാന്‍ എനിക്ക്‌ കഴിഞ്ഞത്‌ ദൈവാനുഗ്രഹമായി ഞാന്‍ കാണുന്നു. ഒരു കലാകാരനെ സമൂഹം ഹൃദയത്തിലേറ്റി എന്നത്‌ അക്ഷരാര്‍ത്ഥത്തില്‍ മലയാളികള്‍ യാഥാര്‍ത്ഥ്യമാക്കിയത്‌ എന്റെ കാര്യത്തിലാണ്‌ എന്നത്‌ എന്റെ ജീവിതഭാഗ്യമായി ഞാന്‍ കാണുന്നു.എന്നാല്‍ പുതിയ തലമുറയില്‍ ശ്രുതിഭംഗവും താളഭ്രംശവും കാണുന്നു. മഹത്തായ നമ്മുടെ പാരമ്പര്യങ്ങളെ തള്ളിപ്പറഞ്ഞ്‌ പാശ്ചാത്യ സംഗീതത്തിന്റെയും മറ്റും പിറകേ പോവുകയാണ്‌ പുതിയ തലമുറ. അവിടെ പാട്ടില്ല- കൊട്ടും കുരവയുമൊക്കെയാണുള്ളത്‌. നമ്മുടെ ശ്രവ്യസംസ്ക്കാരത്തിന്റെ മഹത്വം ആസ്വാദനത്തില്‍ ആഗ്രഹിച്ച വ്യക്തതയാണ്‌. അതിന്ന്‌ ഇല്ലാതായിരിക്കുന്നു. കലയുടെ കാര്യത്തില്‍ മാത്രമല്ല സാഹിത്യത്തിലും രാഷ്ട്രീയത്തിലുമൊക്കെ ആധുനികതയുടെ പേരിലുള്ള അഴിഞ്ഞാട്ടം പ്രകടമാണ്‌. എന്തിനെയും ചോദ്യം ചെയ്യാനും പ്രതികരിക്കാനുമാഗ്രഹിക്കുന്ന മനസ്സാണ്‌ മലയാളിയുടേത്‌. ഇപ്പോള്‍ പക്ഷേ ഒക്കെയും അതിരുകടന്നു പോകുന്നു. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പുതുതലമുറ പായുകയാണ്‌. ഇതില്‍ വേദനയുണ്ട്‌.

മുതിര്‍ന്ന ആള്‍ എന്ന നിലയില്‍ ഒരു ഇടപെടല്‍?
ഏത്‌ തരത്തിലുള്ള ഇടപെടലിനാണ്‌ കഴിയുക. എന്റെ ശീലങ്ങള്‍ക്കനുസൃതമല്ലാത്ത ഒരു പാട്ട്‌ പാടാനാവശ്യപ്പെട്ടാല്‍ എനിക്ക്‌ ഒഴിയാന്‍ കഴിയും. അപ്പോള്‍ സംഭവിക്കുക മറ്റേതെങ്കിലുമൊരാളുടെ വികലമായ ആവിഷ്കാരമായിരിക്കും. (ചിലപ്പോള്‍ നന്നായി എന്നും വരാം) ആത്യന്തികമായി ഞാന്‍ ഒരു പാട്ടുകാരന്‍ മാത്രമാണ്‌. നിരവധി ഘടകങ്ങള്‍ ചേരുമ്പോഴാണ്‌ സിനിമയുണ്ടാകുന്നത്‌. സംഘടിതമായ പരിശ്രമമാണ്‌ മാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നത്‌.

നമ്മുടെ ടെലിവിഷന്‍ പരിപാടികള്‍?
സാമൂഹ്യപ്രതിബദ്ധതയില്ലാതെ കച്ചവട ലക്ഷ്യത്തോടെ മാത്രം പ്രവര്‍ത്തിക്കുന്ന ഒന്നായി ടെലിവിഷന്‍ പരിപാടികള്‍ മാറിയിരിക്കുന്നു. കൊല, കൊള്ള, ചതി, അക്രമം, അനീതി ഇതിന്റെയൊക്കെ ആവിഷ്ക്കാര കേന്ദ്രങ്ങളായി ടി.വി പരിപാടികള്‍ മാറിയിരിക്കുന്നു. സിനിമയില്‍ ആശാസ്യമല്ലാത്ത സീനുകള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡുണ്ട്‌. ചാനല്‍ പരിപാടികള്‍ക്ക്‌ അതില്ല. ആര്‍ക്കും എന്തും കാണിക്കാമെന്ന അവസ്ഥയാണുള്ളത്‌. ഇത്‌ മാറണം. ടെലിവിഷന്‍ പരിപാടികളെ നിയന്ത്രിക്കാന്‍ ഒരു സെന്‍സര്‍ ബോര്‍ഡ്‌ ഉണ്ടാകണം.

റിയാലിറ്റി ഷോകളെപ്പറ്റി?
ഇതിനു മുന്‍പും ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌. നല്ല കലാകാരന്മാരെ കണ്ടെത്തുന്നതിനായുള്ള പരിശ്രമങ്ങള്‍ അഭിനന്ദിക്കേണ്ടതാണ്‌. പക്ഷേ ഇവിടെ തല്ലിപ്പഴുപ്പിക്കുന്ന രീതിയാണുള്ളത്‌. അക്ഷരശുദ്ധിയും സ്വരമാധുര്യവും ആലാപന വൈഭവവുമുള്ള പ്രതിഭകളെ കണ്ടെത്തുകയാണ്‌ വേണ്ടത്‌. സംഗീതത്തിനു പകരം സംഗതികളന്വേഷിക്കുന്ന രീതിയാണിന്നുള്ളത്‌. കുട്ടികളെ പഴിപറഞ്ഞ്‌ വേദനിപ്പിക്കുന്നു. അത്‌ കണ്ടുംകേട്ടുമിരുന്ന്‌ കരയുന്ന മാതാപിതാക്കളുടെ കണ്ണുനീര്‍ കാണിച്ച്‌ കാണികളുടെ സഹതാപം നേടി കാഴ്ചക്കാരുടെ റേറ്റിംഗ്‌ കൂട്ടുന്ന ചാനല്‍ തന്ത്രങ്ങള്‍ നല്ലതെന്ന്‌ പറയാന്‍ ആര്‍ക്കാണ്‌ കഴിയുക.

മലയാളത്തില്‍ സിനിമക്കാര്‍ രാഷ്ട്രീയക്കാരുടെ പിറകേ പോകുന്നു. അന്യഭാഷകളില്‍ രാഷ്ട്രീയക്കാര്‍ സിനിമക്കാരുടെയും-എന്താണിങ്ങനെ?
മലയാളിക്ക്‌ ഒരു പ്രത്യേക തരം മനസ്സും മനസ്സാക്ഷിയുമാണുള്ളത്‌. ഒന്നിനു മുന്നിലും തലചായ്ക്കാന്‍ മടിയുള്ള മനസ്സ്‌. പരശുരാമന്‍ മഴുവെറിഞ്ഞാണ്‌ കേരളമുണ്ടാക്കിയതെന്നല്ലേ ഐതീഹ്യം. നന്മയുടെ ആ മഴു വഴിതെറ്റി ഇന്നും പായുകയാണ്‌ പലതിനേയും കീറിമുറിച്ചുകൊണ്ട്‌. എളിമയും ലാളിത്യവും പരിമിതിയിലേക്കൊതുങ്ങുന്നു. തമിഴനും തെലുങ്കനുമൊക്കെ അങ്ങിനെയല്ല വലിയവരെ ഭയഭക്തിയോടെ ആദരിക്കുന്നു.ഒരു ചിരി-കാല്‍ക്കാശ്‌ ചെലവില്ലാത്ത ചിരിമാത്രം മതി കഠിനഹൃദയനെപ്പോലും സുഹൃത്താക്കാന്‍. ഒന്നുചിരിക്കാന്‍ പോലും മലയാളി മടികാണിക്കുന്നു. സ്നേഹത്തിനായി എത്ര ചെറിയവന്റെ മുന്നിലും തലകുനിക്കാന്‍ എനിക്ക്‌ മടിയില്ല. അതിന്റെ പേരില്‍ എന്നെ മണ്ടനായി കാണരുതെന്ന അപേക്ഷ മാത്രം.

ഒന്ന്‌ പിറകോട്ട്‌ തിരിഞ്ഞുനോക്കിയാല്‍?
വയലാര്‍, പി.ഭാസ്ക്കരന്‍, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ ഭാവനാസമ്പന്നരായ ഗാനരചയിതാക്കള്‍ ദക്ഷിണാമൂര്‍ത്തി, കെ.രാഘവന്‍, ദേവരാജന്‍, എം.കെ.അര്‍ജ്ജുനന്‍, ബാബുരാജ്‌ തുടങ്ങിയ അതുല്യരായ സംഗീതജ്ഞര്‍. ഇവരുടെ അനുഗ്രഹീത വൈഭവങ്ങളെ ഗാനമാക്കി ആലപിക്കാന്‍ കഴിഞ്ഞതാണ്‌ എന്റെ ഭാഗ്യം. മലയാള സിനിമാ ഗാനങ്ങളുടെ വര്‍ണ്ണമധുരിമ പൂര്‍ണ്ണതയിലെത്തിയ കാലമായിരുന്നു അത്‌.തപോതുല്യമായ സംഗീത സപര്യ ജീവിതചര്യയാക്കി മാറ്റാന്‍ ഞാന്‍ ശ്രമിച്ചു. സാഗരം പോലെ അനന്തമായ സംഗീതത്തെ നീരാവികണക്കെ വലിച്ചെടുത്ത്‌ ചെറുമഴയും മഴച്ചാറ്റലുമൊക്കെയായി മലയാളിക്കു മുന്നില്‍ വര്‍ഷിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ എനിക്ക്‌ ചെയ്യാന്‍ കഴിഞ്ഞത്‌. ദുരിതപൂര്‍ണ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ സ്നേഹബു്വ‍ദ്ധിയോടെ ഉള്‍ക്കൊണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌. ഗായകനും നടനുമൊക്കെയായ പിതാവ്‌ അഗസ്റ്റിന്‍ ജോസഫിന്റെ കുടുംബപശ്ചാത്തലം ഇതൊക്കെയായിരുന്നു.

രാഷ്ട്രീയവും രാഷ്ട്രീയക്കാരും?
എല്ലാ പാര്‍ട്ടിക്കാരെയും എനിക്ക്‌ ഇഷ്ടമാണ്‌. എല്ലാവരും പരമാവധി നന്മചെയ്യട്ടെ എന്നാണ്‌ പ്രാര്‍ത്ഥന. പിതാവായ അഗസ്റ്റിന്‍ ജോസഫ്‌ കോണ്‍ഗ്രസുകാരനായിരുന്നു. അന്നത്തെ കോണ്‍ഗ്രസ്‌ നേതാക്കളുമായി അടുപ്പത്തിലുമായിരുന്നു.

പണ്ട്‌ പാടുന്നതും ഇന്ന്‌ പാടുന്നതും?
ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച്‌ ആയാസരഹിതമായി ഇന്ന്‌ പാടാന്‍ കഴിയും. പണ്ട്‌ അങ്ങനെയായിരുന്നില്ല. ദിവസങ്ങള്‍ നീണ്ട റിഹേഴ്സല്‍. ഒരു അക്ഷരത്തിന്റെ ആലാപന കൃത്യതയ്ക്കുവേണ്ടിപോലും ഏറെ നേരത്തെ പണിപ്പെടല്‍.

അര്‍ഹിക്കുന്നതെല്ലാം മലയാളി സമ്മാനിച്ചുവോ?
ഹിന്ദി, തെലുങ്ക്‌, തമിഴ്‌, കന്നട തുടങ്ങി നിരവധി ഭാഷകളില്‍ പാടി. എന്നാല്‍ മലയാളിയാണ്‌ എന്നെ വളര്‍ത്തി വലുതാക്കിയത്‌. മലയാളിയോട്‌ ഞാന്‍ കടപ്പെട്ടിരിക്കുന്നു. മലയാളികള്‍ ഇന്നും എന്നെ ഇഷ്ടപ്പെടുന്നു.

ഗുരുവായൂരപ്പനെ നേരില്‍കാണാനാവാത്തതിനെക്കുറിച്ച്‌?
ഇപ്പോള്‍ എനിക്കങ്ങിനെയൊരു നിരാശയില്ല. ഗുരുവായൂരില്‍ ഉണ്ണികൃഷ്ണനല്ലേ. അമ്പലപ്പുഴ പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ ഞാന്‍ കുടുംബസമേതമെത്തി ദര്‍ശനവും വഴിപാടും കഴിച്ചു. അവിടെ വലിയ കൃഷ്ണനല്ലേ ഇരിക്കുന്നത്‌.

വ്യക്തിപരമായി എന്തെങ്കിലും?
ഞാനൊരു കഥയെഴുതുന്നു-കഥയുടെ പേര്‌ "നിങ്ങള്‍ എന്നെ ഞാനാക്കി" പറ്റിയാല്‍ അതൊരു സിനിമയാക്കാനും മോഹമുണ്ട്‌. കായാമ്പൂവിനെ കണ്ണെഴുതിച്ചും കാര്‍ വര്‍ണ്ണനെ പാടിയുറക്കിയും ആയിരം പാദസരങ്ങള്‍ കിലുക്കിയും പാമരനാം പാട്ടുകാരന്‍ മലയാള സംഗീതസാമ്രാജ്യത്തിന്റെ ഏകഛത്രാധിപതിയായി വാഴുന്നു. ഗാനമാധുര്യത്തിന്റെ ഗംഗാപ്രവാഹമായൊഴുകി മലയാളികളുടെ ശ്രവ്യാനുഭൂതിയുടെ അണയാത്തിരിനാളമായി ആ നാദബ്രഹ്മം തിളങ്ങുന്നു.
1961 ല്‍ ജാതി ഭേദം മതദ്വേഷം എന്ന ഗുരുദേവഗീതം ആലപിച്ച്‌ ഗാനാലാപന വേദിയിലെത്തിയ യേശുദാസ്‌ അരനൂറ്റാണ്ടിന്റെ അര്‍ത്ഥപൂര്‍ണ്ണതയിലേക്ക്‌ ചുവടുവെയ്ക്കുകയാണ്‌. മലയാളികളുടെ ശ്രവ്യസംസ്ക്കാരത്തിന്റെ മൂര്‍ത്തീഭാവമായി നിലകൊള്ളുന്ന യേശുദാസിന്റെ അനര്‍ഗ്ഗളനാദധാരയില്‍ ഇനിയുമിനിയും മലയാളി മനസ്സുകള്‍ ലയിച്ചുറങ്ങട്ടെ.
 ടി.വി പുരം രാജു
കടപ്പാട് . വീക്ഷണം ദിനപ്പത്രം  

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites