« »
SGHSK NEW POSTS
« »

Monday, September 03, 2012

മസ്തിഷ്കാഘാതവും രോഗകാരണങ്ങളും

തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുകയോ ഭാഗീകമായി നാശം സംഭവിക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്കാഘാതം എന്നു പറയുന്നത്. തലച്ചോറിലെ കോശങ്ങള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സദാ ലഭിച്ചുകൊണ്ടിരിക്കണം. ഏതെങ്കിലും കാരണവശാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുമ്പോള്‍ മസ്തിഷ്ക കോശങ്ങള്‍ക്ക് വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കാതെവരുന്നു. കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതെ വന്നാല്‍ കോശങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയും അവ നശിച്ചുപോവുകയും ചെയ്യുന്നു. തലച്ചോറിലെ ഏതുഭാഗത്തെ കോശങ്ങള്‍ക്കാണോ ഇത്തരത്തില്‍ നാശമുണ്ടാകുന്നത് ആ ഭാഗം നിയന്ത്രിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങളും നിലയ്ക്കും. തലച്ചോറിന്റെ ഇടുതുഭാഗത്തെ കോശങ്ങള്‍ക്കാണ് നാശമുണ്ടാകുന്നതെങ്കില്‍ ശരീരത്തിന്റെ വലതുഭാഗത്തെയും വലതുഭാഗത്തെ തകരാര്‍ ശരീരത്തിന്റെ ഇടതുഭാഗത്തെയും ബാധിക്കുന്നു. ഒരിക്കല്‍ നശിച്ചാല്‍ പിന്നീട് ഉണ്ടാകാന്‍ കഴിയാത്തതാണ് തലച്ചോറിലെ കോശങ്ങള്‍. ഇത് സ്‌ട്രോക്കിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. തലച്ചോറിലെ കോശങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ കൊഴുപ്പടിഞ്ഞ് അവ അടഞ്ഞുപോവുകയും, ധമനികളില്‍ രക്തക്കട്ടവന്നു തടഞ്ഞ് രക്തപ്രവാഹം നിന്നുപോവുക, ധമനികള്‍ വീര്‍ത്ത് പൊട്ടി മസ്തിഷ്കത്തില്‍ രക്തസ്രാവമുണ്ടാവുക എന്നീ കാരണങ്ങള്‍കൊണ്ട് സ്‌ട്രോക്ക് ഉണ്ടാകാം. ഇതില്‍ സാധാരണയായി കണ്ടുവരുന്നത് തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ രക്തക്കട്ട കൊഴുപ്പ് വന്ന് അടിയുന്നതാണ്. ഏറ്റവും ഗുരുതരമായി കാണപ്പെടുന്നതും ഇതാണ്. ഈ രക്തസ്രാവം തലച്ചോറിനുള്ളിലോ മെനിഞ്ചസിന്റെ സ്തരങ്ങള്‍ക്കിടയിലോ മെനിഞ്ചസിനും തലയോട്ടിക്കും ഇടയിലോ ആവാം. ഇങ്ങനെ രക്തസ്രാവമുണ്ടായി രക്തംകട്ടപിടിക്കുന്നതിനെ സബ്ഡ്യൂറല്‍ ഹെമറ്റോമ എന്നു പറയുന്നു. പ്രധാനമായും രണ്ടു രീതിയിലാണ് സ്‌ട്രോക്ക് കാണപ്പെടുന്നത്. തലച്ചോറിലേക്കുള്ള രക്തധമനികളില്‍ തടസമുണ്ടായി തലച്ചോറില്‍ രക്തയോട്ടം താല്‍ക്കാലികമായി നിലയ്ക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഇസ്കീമിക് സ്‌ട്രോക്കും അമിതരക്തസമ്മര്‍ദം മൂലം രക്തധമനികള്‍ പൊട്ടി മസ്തിഷ്കത്തില്‍ രക്തസ്രാവമുണ്ടാകുന്നതിനെത്തുടര്‍ന്നുള്ള ഹെമറാജിക് സ്‌ട്രോക്കും. ഇവ രണ്ടായാലും തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു.
ഇടുതു വലതു സ്‌ട്രോക്ക്
മസ്തിഷ്കത്തില്‍ എവിടെയും സ്‌ട്രോക്ക് ഉണ്ടാകാം. വലതുപകുതിയിലാണ് സ്‌ട്രോക്ക് ഉണ്ടാകുന്നതെങ്കില്‍ ശരീരത്തിന്റെ ഇടതുഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഇതിനെ ഇടത് ഹെമിപ്ലീജിയ എന്നുപറയുന്നു. ഇടതുഭാഗത്തുണ്ടാകുന്ന സ്‌ട്രോക്ക് ശരീരത്തിന്റെ വലതുഭാഗത്തെ തളര്‍ത്തും. ഇതിനെ വലത് ഹെമിപ്ലീജിയ എന്നു പറയുന്നു. സംസാരശേഷി, ഭാഷാശേഷി തുടങ്ങിയ കഴിവുകളൊക്കെ നിയന്ത്രിക്കുന്ന് ഇടത് മസ്തിഷ്കമായതിനാല്‍ ഇവയെ ബാധിക്കും. തലച്ചോറിന്റെ പിന്‍ഭാഗമായ സെറിബെല്ലത്തിലും സ്‌ട്രോക്ക് ഉണ്ടാകാറുണ്ട്. തലച്ചോറിന്റെ ചുവടുഭാഗമായ ബ്രയിന്‍സ്‌റ്റെമിനെ ബാധിക്കുന്ന സ്‌ട്രോക്ക് ഗുരുതരമാകാറുണ്ട്. ശരീരം മുഴുവന്‍ തളര്‍ന്നുപോകാന്‍ ഇതിടയാക്കും. എല്ലാ സ്‌ട്രോക്കും ഗുരുതരമാവില്ല. മസ്തിഷകത്തില്‍ ഉണ്ടാകുന്ന തകരാറിന്റെ തീവ്രതയനുസരിച്ചാണ് അപകടസാധ്യത. മൈനര്‍ സ്‌ട്രോക്കും മേജര്‍ സ്‌ട്രോക്കും ഉണ്ട്. മേജര്‍ സ്‌ട്രോക്ക് ഉണ്ടായാല്‍ അടിയന്തിര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണത്തിനു കാരണമാകാം.
ലക്ഷണങ്ങള്‍ പലത്
പ്രത്യേകിച്ച് മുന്നറിയിപ്പുകളൊന്നും ഉണ്ടാകാതെയാണ് സ്‌ട്രോക്ക് കടന്നുവരുന്നത്. എന്നാല്‍ വ്യക്തമായ ചില ലക്ഷണങ്ങള്‍ സ്‌ട്രോക്കിനുണ്ട്. ശരീരഭാഗങ്ങള്‍ക്ക് പെട്ടെന്നുണ്ടാകുന്ന തളര്‍ച്ചയാണ് ഇതില്‍ പ്രധാനം. ശക്തമായ തലവേദന, നാവു കുഴയുക, സംസാരശേഷി നഷ്ടമാവുക, ശരീരഭാഗങ്ങളിലുണ്ടാകുന്ന തരിപ്പ്, ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുള്ള ബുദ്ധിമുട്ട്, നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്തവിധം ബാലന്‍സ് നഷ്ടമാവുക, ഒരു കണ്ണിന്റെ കാഴ്ചശക്തി പെട്ടെന്ന് കുറയുക, മുഖം വശത്തേക്ക് കോടിപ്പോവുക തുടങ്ങിയവയാണ് സ്‌ട്രോക്കിന്റെ സാധാരണ ലക്ഷണങ്ങള്‍. ഒരാള്‍ക്ക് സ്‌ട്രോക്ക് ഉണ്ടായാല്‍ അത് സ്‌ട്രോക്കാണെന്ന് തിരിച്ചറിഞ്ഞ് എത്രയും വേഗം വൈദ്യസഹായം ലഭ്യമാക്കുകയാണ് വേണ്ടത്. അതിനായി സ്‌ട്രോക്ക് തിരിച്ചറിയാന്‍ കഴിയണം. സ്‌ട്രോക്ക് മൂലം കുഴഞ്ഞു വീഴുന്നവര്‍ക്ക് ബോധം നഷ്ടമാകാറില്ല. ശരീരത്തിനുണ്ടാകുന്ന തളര്‍ച്ച ശ്രദ്ധിച്ചാല്‍ സ്‌ട്രോക്കാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം അത്യാധുനിക ചികിത്സാ സൗകര്യമുള്ള ആശുപത്രികളില്‍ എത്തിക്കണം
കണക്കുകള്‍ ഞെട്ടിക്കുന്നു
സ്‌ട്രോക്ക് മൂലം മരണം സംഭവിക്കുന്നതില്‍ മൂന്നിലൊന്നും വികസ്വര രാജ്യങ്ങളിലാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്കുകള്‍ അനുസരിച്ച് 9.3 ലക്ഷം സ്‌ട്രോക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 6.4 ലക്ഷം ആളുകളുടെ ജീവന്‍ സ്‌ട്രോക്ക് അപഹരിച്ചു. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2015 ആകുമ്പോഴേക്കും 1.6 മില്യന്‍ സ്‌ട്രോക്ക് രോഗികള്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്ന മുന്നറിപ്പാണ് കൗണ്‍സില്‍ നല്‍കുന്നത്.
ഹൃദ്രോഗവും കാന്‍സറും കഴിഞ്ഞാല്‍ മരണം സംഭവിക്കാവുന്ന ഗുരുതരമായ രോഗങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്‌ട്രോക്ക്. അതുകൊണ്ടുതന്നെ സ്‌ട്രോക്കിനെതിരേ കരുതല്‍ ആവശ്യമാണ്. അന്‍പതു വയസിനു മുകളില്‍ പ്രായമുള്ളവരിലാണ് സാധാരണ സ്‌ട്രോക്ക് കണ്ടുവരുന്നത്.
എന്നാല്‍ സമീപകാലത്ത് നാല്‍പ്പതുകളിലും സ്‌ട്രോക്ക് ബാധിക്കുന്നവരുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്കാണ് സ്‌ട്രോക്ക് സാധ്യത കൂടുതല്‍.
ഹൃദ്രോഗ സാധ്യത കണക്കാക്കും പോലെ ആര്‍ത്തവ വിരാമത്തിനു ശേഷമാണ് സ്ത്രീകളില്‍ സ്‌ട്രോക്ക് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകളിലായാലും പുരുഷന്മാരിലായാലും പ്രായം കൂടുന്തോറും സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites