« »
SGHSK NEW POSTS
« »

Wednesday, December 28, 2011

ഔസേപ്പച്ചന്റെ സ്വന്തം ശാന്ത


ഇരുപതോളം തൊഴിലാളികള്‍, നാല്‍പതിലേറെ പശുക്കള്‍, താറാവുകള്‍ ചുറ്റോടു ചുറ്റും കലപില ശബ്ദം. ഇവയ്ക്കെല്ലാം നടുവിലാണ് ഡോ. ശാന്ത. പണിക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശം കൊടുക്കുന്നു. ഒപ്പം പശുക്കളെ അഴിച്ചുമാറ്റി കെട്ടുന്നു. രാവിലെ മുതല്‍ ആരംഭിച്ച തിരക്ക് ഒന്ന് കഴിയുമ്പോള്‍ ഉച്ചയാകുമെന്ന് പറഞ്ഞ് ആരോഗ്യ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ശാന്തയെന്ന മന്ത്രി പത്നി നെടുവീര്‍പ്പെടുന്നു.

ഔസേപ്പച്ചന്‍ തിരക്കിലേക്ക് മാറുമ്പോള്‍ എല്ലാം നോക്കി നടത്തേണ്ടേ... ശാന്ത ആത്മഗതം പോലെ പറഞ്ഞു. ജലസേചന വകുപ്പ് മന്ത്രി പി.ജെ. ജോസഫ് ഡോ. ശാന്തക്ക് ഔസേപ്പച്ചനാണ്... ഒപ്പം അടുപ്പക്കാര്‍ക്കും. കേരളകൌമുദിയില്‍ നിന്നാണെന്ന് അറിയിച്ചപ്പോള്‍ ചുറ്റുമുളള തൊഴിലാളികള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്ത ശേഷം കുടുംബവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനായി എത്തി. ഔസേപ്പച്ചനെക്കുറിച്ച് സംസാരിച്ച് തുടങ്ങി. വളരെ മിതമായ വാക്കുകളില്‍ ഏറെ സന്തോഷത്തോടെ.

തിരക്കിനിടയില്‍  ഒന്നിച്ച് കിട്ടുന്ന സമയം ?

എത്ര തിരക്കുണ്ടെങ്കിലും ആഴ്ച അവസാനം ഔസേപ്പച്ചന്‍ പുറപ്പുഴയിലെ പാലത്തിങ്കല്‍ തറവാട്ടിലെത്താന്‍ ശ്രമിക്കും. ഞായറാഴ്ച ഇടവകയിലെ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കില്ല. പിന്നെ പുരയിടത്തിലിറങ്ങി കൃഷിയൊക്കെ ഒരു മേല്‍നോട്ടം നടത്തും. കഴിഞ്ഞ നാല്‍പതു വര്‍ഷമായി  ഔസേപ്പച്ചന്റെ തിരക്കെല്ലാം ശീലമായി. ആരോഗ്യ വകുപ്പില്‍ നിന്ന് ഞാന്‍ വിരമിച്ചിട്ട് 13 വര്‍ഷമായി. ഇതിന് ശേഷമാണ് എനിക്കും തിരക്കുകള്‍ ഒഴിഞ്ഞ സമയമുണ്ടായത്. വിവാഹം കഴിക്കുമ്പോള്‍ ഔസേപ്പച്ചന്‍ എം.എല്‍.എ ആയിരുന്നു. അന്നു മുതല്‍ തുടങ്ങിയ തിരക്കിന് ഇതുവരെ ഒരു കുറവുമില്ല.

വിവാഹം?

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഔസേപ്പച്ചന്റെ സഹോദരി എന്റെ സീനിയറായിരുന്നു. 1968 ല്‍ പഠനശേഷം എനിക്ക് ആദ്യ നിയമനം ലഭിച്ചത് പുറപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു. താമസ സ്ഥലം ഒന്നും ലഭിക്കാത്തതിനാല്‍ ഔസേപ്പച്ചന്റെ സഹോദരിയുടെ നിര്‍ദേശപ്രകാരം പുറപ്പുഴയില്‍ ഔസേപ്പച്ചന്റെ വീട്ടില്‍ നോണ്‍ പേയിംഗ് ഗസ്റ്റായാണ് താമസിച്ചിരുന്നത്. ഒരു വര്‍ഷക്കാലം അങ്ങനെ താമസിച്ചു. അന്ന് ഔസേപ്പച്ചന്‍ തേവര കോളേജില്‍ എം.എയ്ക്ക് പഠിക്കുകയാണ്. വീട്ടില്‍ ഔസേപ്പച്ചന്റെ ഇച്ചാച്ചനും അമ്മച്ചിയും മാത്രം. അവര്‍ക്കെല്ലാം എന്നോട് വളരെ സ്നേഹമായിരുന്നു. ഇതിനിടയില്‍ ഔസേപ്പച്ചന്റെ സഹോദരി വഴിയാണ് എന്നെ ഇഷ്ടമാണന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടന്നും വീട്ടില്‍ അറിയിച്ചത്.

എതിര്‍പ്പുകള്‍ ?

ഇച്ചാച്ചനും അമ്മച്ചിക്കും എന്നെ വലിയ ഇഷ്ടമായിരുന്നെങ്കിലും ജോലിയില്ലാത്ത വീട്ടുകാര്യങ്ങളും കൃഷിയും മറ്റും നോക്കി നടത്തുന്ന ഒരാളെയാണ് മരുമകളായി വരാന്‍ ആഗ്രഹിച്ചിരുന്നത്.  എന്നാല്‍ ആ തീരുമാനം പിന്നീട് മാറ്റി. 1971  സെപ്തംബര്‍ 15 ന് ആയിരുന്നു വിവാഹം. അടുത്ത 15 ന് 40-ാം വിവാഹ വാര്‍ഷികമാണ്.

ആഘോഷം ?

ഇതുവരെ ഒന്നോ, രണ്ടോ തവണ മാത്രമാണ് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അന്ന് കുട്ടികള്‍ ചെറുപ്പമായിരുന്നു. ഇവരോടൊപ്പം പുറത്ത് പോയി ഭക്ഷണം കഴിക്കുകയും സിനിമയ്ക്ക് പോകുകയും ചെയ്തിട്ടുണ്ട്.

ഭര്‍ത്താവ് രാഷ്ട്രീയക്കാരനായതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടോ?

ആലുവ വാരാപ്പുഴയില്‍ ഉദ്യോഗസ്ഥ പശ്ചാത്തലത്തിലുളള കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അമ്മയും ഡോക്ടറായിരുന്നു. അതിനാല്‍ എന്നെയും അവര്‍ ഒരു പ്രൊഫഷണലാക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവിന്റെ രാഷ്ട്രീയത്തില്‍ അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.

കുടുംബ ഭരണം?

ഔസേപ്പച്ചന്റെ അച്ഛനും അമ്മയും മരിക്കുന്നതുവരെ അവരായിരുന്നു കുടുംബകാര്യങ്ങള്‍ നോക്കിയിരുന്നത്. ഇതിന് ശേഷം ഔസേപ്പച്ചന്‍ തിരക്കുകളിലേക്ക് മാറിയതോടെ ഞാന്‍ ഏറ്റെടുത്തു. എങ്കിലും എല്ലാ ദിവസവും വൈകിട്ട് ഔസേപ്പച്ചന്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിയും. കൃഷിക്കും മറ്റുമുളള സൂപ്പര്‍ വിഷന്‍ ഫോണിലൂടെ നല്‍കും. പിന്നെ പിന്നെ ഞാനും കൃഷിയെ കുറിച്ച് പഠിച്ചു. എന്തെങ്കിലും സംശയമുണ്ടെങ്കില്‍  ഫോണ്‍ വിളിച്ച് ചോദിച്ചാണ് ചെയ്യുന്നത്.

വീട്ടില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ടോ ?

വീട്ടില്‍ സജീവ രാഷ്ട്രീയ ചര്‍ച്ചയോ  അഭിപ്രായം പറയലോ ഇല്ല. പക്ഷേ സുപ്രധാന കാര്യങ്ങളെല്ലാം പറയാറുണ്ട്. തീരുമാനങ്ങള്‍ എടുത്ത ശേഷമേ കാര്യങ്ങള്‍ വീട്ടില്‍ ഔസേപ്പച്ചന്‍ പറയാറുളളു.

വിവാദങ്ങളെക്കുറിച്ച് ?

44 വര്‍ഷമായി ഔസേപ്പച്ചനെ എനിക്കറിയാം. അദ്ദേഹം വിവാദങ്ങളില്‍ ഒന്നും തളരില്ല. തിരഞ്ഞെടുപ്പുകളില്‍  ഉണ്ടാകുന്ന പരാജയത്തെക്കാളും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നത് അനാവശ്യ വിവാദങ്ങളായിരുന്നു. പിന്നെ ഇതെല്ലാം രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടുളള വിവാദങ്ങളാണെന്ന് ഞങ്ങള്‍ക്കും അറിയാം.  അതിനാല്‍ ഇതിനെക്കുറിച്ച് അധികം ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കാന്‍ മെനക്കെടാറില്ല.

മന്ത്രിയെന്ന നിലയില്‍?

വിവിധ മന്ത്രിസഭകളില്‍ പലതരത്തിലുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഔസേപ്പച്ചന്‍ എന്തുകാര്യവും ആത്മാര്‍ത്ഥമായി ഏറ്റെടുക്കും. പിന്നെ അദ്ദേഹത്തിന് പൂര്‍ണമായും യോജിക്കുന്ന കൃഷിവകുപ്പ് പോലുള്ള പദവികള്‍ കിട്ടിയെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമായിരുന്നു. ഇപ്പോള്‍ കിട്ടിയ വകുപ്പും നല്ലതാണ്.

ഭക്ഷണകാര്യം?

ഭക്ഷണകാര്യത്തില്‍ മീനും പച്ചക്കറികളുമാണ് ഔസേപ്പച്ചന് ഇഷ്ടം. ഒരുവിധപ്പെട്ട പച്ചക്കറികളെല്ലാം ഇവിടെ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. വാഴച്ചുണ്ട്, ചീര തുടങ്ങിയ ഇനങ്ങളോടാണ് വലിയ താല്‍പ്പര്യം.

ഡ്രസുകള്‍ വാങ്ങുന്നത് ?

ഔസേപ്പച്ചനാണ് വീട്ടിലേക്കാവശ്യമായ ഡ്രസുകള്‍ എല്ലാം വാങ്ങുന്നത്. ഔസേപ്പച്ചന്‍ വാങ്ങിയ സാരിയേ ഉടുക്കാന്‍ സമ്മതിക്കു. വളരെ സെലക്ടീവാണ് ഔസേപ്പച്ചന്‍.

മറ്റ് ഇഷ്ടങ്ങള്‍?

ഒഴിവ് സമയങ്ങളില്‍ പാട്ട് കേള്‍ക്കുന്നതാണ് ഔസേപ്പച്ചന് ഇഷ്ടം. പിന്നെ പുരയിടങ്ങളില്‍ ഇറങ്ങി കൃഷികള്‍ പരിചരിക്കുന്നതും.

ആരോഗ്യം നോക്കാറുണ്ടോ?

ഔസേപ്പച്ചന്‍ ആരോഗ്യകാര്യത്തിലൊന്നും അധികം ശ്രദ്ധ കൊടുക്കാറില്ല. ഒരുതവണ ആന്‍ജിയോ പ്ളാസ്റ്റി കഴിഞ്ഞ് ധാരാളം മരുന്നുകള്‍ ദിവസവും കഴിക്കാന്‍ ഉണ്ട്. എന്നാല്‍ ഇതൊന്നും പലപ്പോഴും തിരക്കുകള്‍ക്കിടയില്‍ വിട്ടു പോകും.

മക്കള്‍ ?

മൂത്തമകന്‍ അപ്പു എന്‍ജിനിയറാണ്. സ്വിറ്റ്സര്‍ലണ്ടില്‍ ജോലിയായിരുന്നു. ഇപ്പോള്‍ തമിഴ്നാട്ടില്‍ തോട്ടം വാങ്ങി കൃഷിയുമായി കഴിയുന്നു. രണ്ടാമത്തെ മകള്‍ യമുന ബയോടെക്നോളജി കഴിഞ്ഞ് കോതമംഗലം എം.എ കോളജില്‍ ലക്ചററാണ്. മൂന്നാമത്തെ മകന്‍ ആന്റണി ബാംഗ്ളൂരിലാണ്. ഇളയമകന്‍ ജോ വീട്ടിലുണ്ട്. പിന്നെ ആറു ചെറുമക്കള്‍.

തിരുവനന്തപുരം  താമസം ?

നിലവില്‍ മന്ത്രി മന്ദിരം ഇതുവരെ കിട്ടിയിട്ടില്ല. ഗസ്റ്റ് ഹൌസിലാണ് താമസം. വീട് ലഭിച്ചാല്‍ കൂടെപ്പോകാനാണ് തീരുമാനം. അല്ലെങ്കില്‍ ഔസേപ്പച്ചന്‍ ഭക്ഷണകാര്യത്തില്‍ ഒന്നും ശ്രദ്ധിക്കില്ല.

കടപ്പാട് കേരളകൌമുദി ആഴ്ചപ്പതിപ്പ്  

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites