« »
SGHSK NEW POSTS
« »

Sunday, February 26, 2012

സവാളയുടെ ഗുണങ്ങള്‍

അലിയം സീപ എന്ന ശാസ്‌ത്രിയ നാമത്തില്‍ അറിയപ്പെടുന്ന സവാള, ലില്ലി കുടുംബത്തില്‍പ്പെട്ടതാണ്‌. വെള്ളുത്തുള്ളിയും ചുവന്നുള്ളിയുമൊക്കെ ഇതേ കുടുംബക്കാര്‍ തന്നെ. സവാള ഉള്‍പ്പെടുന്ന അലിയം കുടുംബത്തില്‍ ഏകദേശം 600 ഇനങ്ങള്‍ ഉണ്ടെന്ന്‌ കണക്കാക്കപ്പെടുന്നു. എങ്കിലും നമ്മുടെ തീന്‍മേശയില്‍ ഉപയോഗിക്കുന്ന അളവ്‌ വളരെ കുറവാണ്‌.

ആയിരത്താണ്ടുകള്‍ക്ക്‌ മുമ്പ്‌

യൂറോപ്പ്‌, വടക്കേ അമേരിക്ക, ആഫ്രിക്കയുടെ വടക്കന്‍ പ്രദേശങ്ങള്‍, ഏഷ്യ എന്നിവടങ്ങളിലാണ്‌ സവാള കൂടുതലായി വളരുന്ന പ്രദേശങ്ങള്‍. ബിസി 4000 - ാം മാണ്ടിനു മുന്‍പുതന്നെ സവാള മനുഷ്യന്‍ ഉപയോഗിച്ചിരുന്നതായി ചരിത്രഗവേഷകര്‍ പറയുന്നു. രണ്ടാം ലോക മഹായുദ്ധക്കാലത്ത്‌ മുറിവേറ്റ പട്ടാളക്കാരുടെ ചികിത്സയ്‌ക്ക്‌ ഉള്ളിയുടെ പേസ്‌റ്റും നീരും ഉപയോഗിച്ചിരുന്നു. സവാളയ്‌ക്ക് ഏകദേശം നൂറില്‍പരം ഉപയോഗങ്ങള്‍ ഉള്ളതായി കണക്കാക്കുന്നു. പച്ചയ്‌ക്കും വേവിച്ചും വറത്തും ഉണക്കിയും സാലഡ്‌ രൂപത്തിലാക്കിയും അച്ചാറിട്ടും ചമ്മന്തിയായിട്ടും ഒക്കെ ഉപയോഗിക്കാവുന്ന ഒരു പച്ചക്കറിയാണ്‌ സവാള. നിറത്തിലുമുണ്ട്‌ ഈ വൈവിധ്യം. ചുവപ്പ്‌, വെള്ള, മഞ്ഞ, പച്ച എന്നീ നിറങ്ങളിലൊക്കെ സവാളയുണ്ട്‌. ഇതിന്റെ തണ്ടും രുചികരമായ ഭക്ഷ്യവസ്‌തു തന്നെ.

സവാളയുടെ കണ്ണീര്‍ രഹസ്യം

സവാളയില്‍ സള്‍ഫറിന്റെ രൂപാന്തരങ്ങളായ തയോസള്‍ഫേറ്റ്‌, സള്‍ഫൈഡ്‌, സള്‍ഫോക്‌സൈഡ്‌ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സവാളയില്‍ അടങ്ങിയ സിസ്‌റ്റീന്‍ സള്‍ഫോക്‌സൈഡാണ്‌ അതിന്‌ തനതായ ഗന്ധവും രുചിയും കണ്ണുനിറക്കാനുള്ള കഴിവും നല്‍കുന്നത്‌. തയോസള്‍ഫേറ്റുകളാവട്ടെ സാല്‍മൊണെല്ല, ഇ.കോളി എന്നിവ ഉള്‍പ്പെടെ പല രോഗാണുക്കളെയും ചെറുക്കാനുള്ള ശേഷിയുണ്ട്‌. ഇതിനു പുറമെ സവാളയില്‍ കാല്‍സ്യം, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ്‌, ക്രോമിയം, ഫോളിക്ക്‌ ആസിഡ്‌, വിറ്റാമിന്‍ ബി, സി എന്നിവയും ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു. ഹൃദ്രോഗം, കാന്‍സര്‍ എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റി ഭാക്കിഡന്റുകളും ഇതിലുണ്ട്‌.

സവാളയുടെ ഗുണങ്ങള്‍

ഫ്‌ളേവനോയിഡുകളാല്‍ സമൃദ്ധമായ സവാള ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു. സവാളയുടെ ഉപയോഗം രക്‌തത്തിലെ കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കുകയും രക്‌താതി സമ്മര്‍ദം തടയുകയും ചെയ്യുന്നു. രക്‌തക്കുഴലുകള്‍ക്കുള്ളില്‍ കൊഴുപ്പ്‌ അടിഞ്ഞു കൂടുന്നതിനെയും (അതീറോസ്‌ക്ലീറോസിസ്‌) ഇത്‌ തടയുന്നു. ഇതു കൂടാതെ രക്‌തത്തിലെ പ്ലേറ്റ്‌ലറ്റുകളില്‍ അടിഞ്ഞു കൂടി രക്‌തം കട്ടപിടിക്കുന്നതിനെ തടയാനുള്ള പ്രകൃതിദത്തമായ ഗുണവും സവാളയ്‌ക്കുണ്ട്‌. ആന്‍ജൈന എന്ന നെഞ്ചു വേദനയ്‌ക്ക് ചൈനീസ്‌ മെഡിസിനില്‍ സവാള ഔഷധമായി ഉപയോഗിക്കുന്നുണ്ട്‌.

ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, അലര്‍ജിമൂലമുള്ള ബ്രോങ്കൈറ്റിസ്‌, ആസ്‌ത്മ, ശ്വാസകോശത്തെ ബാധിക്കുന്ന ബാക്‌ടീരിയല്‍ അണുബാധ എന്നിവയില്‍ നിന്നൊക്കെ സംരക്ഷണം നല്‍കാന്‍ സവായ്‌ളക്ക്‌ കഴിയും. ഉള്ളിനീരും തേനും സമം ചേര്‍ത്ത മിശ്രിതം ചുമയ്‌ക്കുള്ള ഔഷധമാണ്‌. ശ്വാസനാളത്തിന്റെ സങ്കോചനത്തെ തടഞ്ഞ്‌ ആസ്‌ത്മ രോഗികള്‍ക്ക്‌ ആശ്വാസം നല്‍കാനും സവാള സഹായിക്കുന്നു.

ആമാശയത്തിലെ കാന്‍സറിനെ പ്രതിരോധിക്കുവാനുള്ള കഴിവ്‌ സവാളയ്‌ക്കുണ്ടെന്ന്‌ പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. അമേരിക്കയിലെ ജോര്‍ജിയയില്‍ ധാരാളമായി കണ്ടുവരുന്ന വിഡാലിയ വിഭാഗത്തില്‍പ്പെട്ട സവാള ധാരാളമായി ഭക്ഷിക്കുന്നവര്‍ക്കിടയില്‍ അമേരിക്കയുടെ മറ്റു ഭാഗങ്ങളില്‍ താമസിക്കുന്നവരെക്കാള്‍ ആമാശയ കാന്‍സര്‍ ഭീഷണി കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ സവാളയും മറ്റ്‌ ഉള്ളി വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ചൈനാക്കാര്‍ക്കിടയില്‍ മറ്റ്‌ ഭൂവിഭാഗങ്ങളിലെ ആളുകളെക്കാള്‍ ആമാശയ കാന്‍സര്‍ നിരക്കില്‍ 40 ശതമാനം കുറവുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. ഡച്ചുകാര്‍ക്കിടയിലും ഗ്രീക്കുകാര്‍ക്കിടയിലും നടത്തിയ സമാന പഠനങ്ങളിലും സവാള പതിവായി ഭക്ഷിക്കുന്നവരില്‍ ഭക്ഷിക്കാത്തവരേക്കാള്‍ ആമാശയ അര്‍ബുദനിരക്ക്‌ കുറവാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

സവാള നീരും തേനും അല്ലെങ്കില്‍ സവോള നീരും ഒലിവെണ്ണയും ചേര്‍ന്ന മിശ്രതം ത്വക്കിന്‌ തിളക്കമേകുന്നു. മുഖക്കുരു കുറയ്‌ക്കാനും സഹായിക്കുന്നു.

പ്രാണിശല്യത്തില്‍ നിന്ന്‌ മുക്‌തി നേടാന്‍ സവാള ഉപകരിക്കും. തേനീച്ചയും മറ്റു പ്രാണികളും കടിച്ചിടത്ത്‌ സവാള മുറിച്ച്‌ തേയ്‌ക്കുന്നതും ഉള്ളിനീര്‌ പുരട്ടുന്നതും ആശ്വാസകരമാണ്‌. വയറ്റുവേദനയില്‍ നിന്ന്‌ ആശ്വാസം നല്‍കുന്നു.

സവാളയുടെ ഏതാനും അല്ലി അരിഞ്ഞ്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നത്‌ മൂത്രമൊഴിക്കുമ്പോള്‍ വേദന ഉള്ളവര്‍ക്ക്‌ ആശ്വാസം നല്‍കും. ഇതിനു പുറമെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള സവാളയുടെ കഴിവ്‌ പ്രസിദ്ധമാണ്‌.

സവാളയും അമിതമായാല്‍ നന്നല്ല. കാരണം വയറെരിച്ചില്‍, ഒാക്കാനം എന്നിവ ഉണ്ടാവാം. സവാള എണ്ണയില്‍ വഴറ്റിയും പൊരിച്ചതും അധികം കഴിക്കാതിരിക്കുന്നതാണ്‌ ഹൃദയാരോഗ്യത്തിന്‌ നല്ലത്‌. ഇവിടെ വില്ലന്‍ സവാളയല്ല, എണ്ണയും കൊഴുപ്പുമാണ്‌ എന്ന കാര്യം കൂടി ഓര്‍ക്കണം. ധാരാളം വെളിച്ചവും കാറ്റുമുള്ള സ്‌ഥലങ്ങളില്‍ വേണം സവാള സൂക്ഷിക്കാന്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites