« »
SGHSK NEW POSTS
« »

Friday, September 23, 2011

സാമ്രാജിന്റെ മാജിക് ലോകം

മുപ്പത് വര്‍ഷത്തോളമായി മാജിക്കിന്റെ ലോകത്ത് തന്റെ ഇടം ഉറപ്പിച്ച മജീഷ്യനാണ് സാമ്രാജ്. ചെറുപ്പം മുതലേ മാജിക്കിനെ ആരാധിച്ച് ജീവിതം തന്നെ മാന്ത്രിക ലോകത്തിനായി മാറ്റി വയ്ക്കുകയായിരുന്നു അദ്ദേഹം. മാജിക്കിനുവേണ്ടി എന്‍ജിനീയര്‍ ജോലി വേണ്ടന്നു വച്ച സാമ്രാജിന്റെ ഈ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി 30 മുപ്പതു വര്‍ഷവും നല്ല സൂഹൃത്തായി കൂടെ നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ ജീവിതസഖി മേരി സാം.
ഭര്‍ത്താവിനെ തീ കൊളുത്തിയ ഭാര്യ
മേരി സാം ഒരിക്കല്‍ ഭര്‍ത്താവിനെ തീ കൊളുത്തി. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില്‍വെച്ചാണ് മേരി സാമ്രാജിനെ തീ കൊളുത്തിയത്. തീ കൊടുക്കുമ്പോള്‍ മേരിയുടെ കണ്ണു നിറഞ്ഞിരുന്നുവെന്ന് സാമ്രാജ് അറിയുന്നത് മാജിക് അവസാനിച്ചതിനുശേഷവും. മേരിയുടെ കണ്ണീരില്‍ മാജിക് ഒട്ടുമില്ലായിരുന്നുവെന്ന് ഇപ്പോഴും സാമ്രാജിന് ഉറപ്പാണ്.

ഒരിക്കല്‍ എറണാകുളം ദര്‍ബാര്‍ ഗ്രൌണ്ടില്‍ ഫയര്‍ എസ്കേപ് ആക്ട് ചെയ്തു. മജീഷ്യനെ ചങ്ങലയിട്ട് ശവപ്പെട്ടിയിലാക്കി ലോക്ക് ചെയ്ത് അത് കുഴിയില്‍ ഇട്ടുമൂടി അതിന്റെ മുകളില്‍ വൈക്കോല്‍ക്കൂന കത്തിക്കുന്നു. അവിടെ നിന്നും മജീഷ്യന്‍ രക്ഷപെടുന്നതാണ് കാണിക്കേണ്ടത്. ഇവിടെ കച്ചിത്തുറുവിന് തീ കൊളുത്തേണ്ട ചുമതലയായിരുന്നു എന്റെ ഭാര്യക്ക്. അവര്‍ തീകൊളുത്തി. ഞാന്‍ രക്ഷപെട്ടു പുറത്തുവന്നു. പുറത്തുവന്നപ്പോള്‍ അറിഞ്ഞു ഭാര്യ കരഞ്ഞുകൊണ്ടാണ് വൈക്കോലിന് തീ കൊടുത്തത് എന്ന്.

അതിന്റെ കാരണം ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞതതിതാണ്. ഭര്‍ത്താവിന്റെ ആഗ്രഹത്തിനു വഴങ്ങി ഇതിനെല്ലാം സമ്മതിക്കുന്നു. എന്നാല്‍ പ്രതീക്ഷക്ക് വിപരീതമായി എന്തെങ്കിലും അപകടം സംഭവിച്ചാല്‍... അപ്പോഴും മേരിയുടെ കണ്ണീര്‍ തോര്‍ന്നിരുന്നില്ല.

പൊളിഞ്ഞു പാളീസായ ആദ്യത്തെ സ്റേജ്ഷോ

ദുബായില്‍ വച്ച് ഒരു ഇന്‍ഡ്യന്‍ ക്ളബിനുവേണ്ടിയാണ് ആദ്യമായി സ്റേജില്‍ കയറുന്നത്. രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടിയായിരുന്നു അവിടെ സംഘടിപ്പിച്ചിരുന്നത്. അവര്‍ക്ക് അവിടെ പരിപാടി അവതരിപ്പിക്കാന്‍ ഒരു പ്രൊഫഷണല്‍ മജീഷ്യനെ ആവശ്യമായിരുന്നു. അതു മനസിലാക്കിയ ഞാന്‍ അവരോട് ഒരു അവസരം ചോദിച്ചു. ഇതിനുമുന്‍പ് പരിപാടി ചെയ്ത് പരിചയമുണ്േടാ എന്ന് സംഘാടകര്‍ ചോദിച്ചു. 'പിന്നേ! നാട്ടിലൊക്കെ ഒരുപാട് പരിപാടിചെയ്തിട്ടുണ്ട്' എന്നു ഞാന്‍ പറഞ്ഞു. അതൊരു ശുദ്ധ കളവായിരുന്നു. ഞാന്‍ അതിനുമുന്‍പ് പരിപാടിയൊന്നും ചെയ്തിട്ടില്ല. അതു പറഞ്ഞാ ല്‍ എനിക്ക് ആ അവസരം നഷ്ടമാകും. ഇവിടെ എന്‍ജിനീയറായി ജോലി ചെയ്യുകയാണ്, മാജിക്ക് ഒരു ഹോബിയായി കൊണ്ടുപോവുകയാണ് എന്നൊക്കെ പറഞ്ഞ് ആ ചാന്‍സ് നേടിയെടുത്തു.

അങ്ങനെ പരിപാടിയുടെ ദിവസമെത്തി. സ്റേജില്‍ കുട്ടികളെല്ലാം വന്നിരുന്നു. കൈയടിച്ചു. കര്‍ട്ടന്‍ പൊങ്ങി. മാജിക്ക് ആരംഭിച്ചു. എനിക്ക് ഒന്നും ശരിയാകുന്നില്ല. ആകെ ടെന്‍ഷന്‍. ഒരു കണക്കിന് എങ്ങനെയോ ഞാന്‍ എന്റെ സമയം തീര്‍ത്തെടുത്തു. ബഹളം സഹിക്കാന്‍ പറ്റാഞ്ഞിട്ട് സംഘാടകര്‍ കര്‍ട്ടനിടേണ്ടിവന്നുവെന്നുമാത്രം.

ആ പരാജയത്തില്‍ നിന്നുള്ള വാശിയാണ് ഇപ്പോള്‍ ഇത്രയൊക്കെ ചെയ്യാന്‍ സാധിക്കുന്ന മജീഷ്യനാക്കി ന്നെ മാറ്റിയത്. വളരെയേറെ വര്‍ഷം രാപകല്‍ അധ്വാനിച്ചാണ് ഓരോ ഇനവും പഠിച്ചെടുത്തത്. അന്നത്തെ നിരാശയില്ലായിരുന്നുവെങ്കില്‍ മജീഷ്യന്‍ സാമ്രാജ് ഉണ്ടാകുമായിരുന്നില്ല എന്നുപറയുമ്പോള്‍ മാജിക്കല്ല മനസാണ് കാര്യമെന്ന് സാമ്രാജ് ഓര്‍മിപ്പിക്കുന്നു.

മോഹന്‍ലാലിനെ എതിര്‍ത്തത്

മാജിക്ക് എന്ന കലയില്‍ അപകടസാധ്യത വളരെക്കൂടുതലാണ്. വളരെ പരിശീലിച്ചിട്ടുള്ളവര്‍ പോലും ചിലപ്പോള്‍ മാജിക്കില്‍ സംഭവിച്ച പിഴവുമൂലം മരണപ്പെട്ടിട്ടുണ്ട്. അങ്ങിനെയൊരാളായിരുന്നു മലയില്‍ മസ്താന്‍. കണക്കു കൂട്ടലിലെ ഒരു പിഴവുമതി വലിയ അപകടങ്ങള്‍ ഉണ്ടാകാന്‍. ഫയര്‍ എസ്കേ പ്പ് കാണിച്ച് പത്തുപേര്‍ക്കെങ്കിലും അപകടം പറ്റിയിട്ടുണ്ട്.

അതുകൊണ്ടാണ് മോഹന്‍ലാല്‍ ഫയര്‍ എസ്ക്കേപ്പ് എന്ന വിദ്യ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ ഞങ്ങള്‍ അതിനെ എതിര്‍ത്തത്. അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നിരിക്കാം, അദ്ദേഹത്തെ സഹായിക്കാന്‍ ഒരുപാട് ആളുകളും ഉണ്ടായിരുന്നിരിക്കാം, ഒരു പക്ഷെ അദ്ദേഹം അതില്‍ വിജയിച്ചേക്കുമായിരിക്കാം. എന്നാല്‍ ഒരു സെക്കന്‍ഡിന്റെ പിഴവ് പറ്റിയാല്‍ മലയാളത്തിന് സംഭവിച്ചേക്കാവുന്നത് വന്‍ ദുരന്തമായിരിക്കും. എക്സ്പീരിയന്‍സുള്ള മാന്ത്രികര്‍ക്കു വരെ അപകടം പറ്റിയിട്ടുണ്ട്. ഇത് മോഹന്‍ലാലിന് പറ്റിയാലോ എന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. അങ്ങിനെ സംഭവിച്ചാല്‍ മലയാളത്തിനും മലയാളികള്‍ക്കുമാണ് നഷ്ടം. അദ്ദേഹത്തെ ഒരുപാട് ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നത് കൊണ്ടാണ് മോഹന്‍ലാല്‍ ഇത് ചെയ്യുന്നതില്‍ നിന്ന് എതിര്‍ത്തത്.

അപകടം പറ്റിയാല്‍ ഭാര്യ രക്ഷപെടുത്തും

ബോംബ് ബ്ളാസ്റ് എന്ന ഒരു വിദ്യ ഉണ്ട്. ഒരിക്കല്‍ ഇതു ചെയ്യുന്നതില്‍ നിന്നും തലനാരിഴയ്ക്കാണ് എന്റെ ഭാര്യ രക്ഷപ്പെട്ടത്. ഞങ്ങള്‍ രണ്ടാളും ഒരുമിച്ചുള്ള ഒരു ഐറ്റം ആയിരുന്നു അത്. എന്നെ മുഴുവനായും ബന്ധിച്ച് ഒരു കാ റില്‍ ഇരുത്തി, ആ കാറും ചങ്ങലകളിട്ട് ബന്ധിച്ച് അതിനു ചുറ്റും നാടന്‍ ബോംബുകള്‍ കൂട്ടിയിട്ട് പൊട്ടിക്കുന്നു. അതിനടുത്തു തന്നെ ഭാര്യയേയും ചങ്ങലകള്‍ കൊണ്ട് തൂണില്‍ ബന്ധിച്ചരിക്കുന്നു. അവിടെയും ബോബ് വച്ചിട്ടുണ്ട്. ഞാന്‍ സ്വയം രക്ഷപ്പെട്ട് ഭാര്യയെക്കൂടെ രക്ഷിക്കുന്നതാണ് വിദ്യ.

എന്നെ കാറിനുള്ളിലാക്കി പുറത്ത് തീ കൊടുത്തു. അവിടെ ബോംബ് പൊട്ടിയ സമയത്ത് തികച്ചും അപ്രതീക്ഷിതമായി ഒരു ബോംബ് ഭാര്യയുടെ കാലിനടുത്തു വന്നു വീണു. സംഗതി പ്രശ്നമാകുമെന്ന് ഉറപ്പായപ്പോള്‍ അവര്‍ സ്വയം രക്ഷപ്പെടുകയായിരുന്നു.

ഇതു സംഭവിക്കുന്ന സമയത്ത് ഞാന്‍ കാറില്‍ നിന്നും പുറത്തേക്കു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനുള്ളില്‍ ഭാര്യ രക്ഷപ്പെട്ടു. അവര്‍ എനിക്കുവേണ്ടി കാത്തുനില്‍ക്കാതെ സ്വയം രക്ഷപെട്ടതുകൊണ്ട് വലിയ അപകടമാണ് അന്ന് അവിടെ ഒഴിവായത്. ഞാന്‍ ഭാര്യക്ക് രക്ഷപ്പെടല്‍ വിദ്യ പഠിപ്പിച്ചു കൊടുത്തിരുന്നു.

രക്ഷപെടല്‍ വിദ്യ അറിയാവുന്നത് മൂന്നുപേര്‍ക്കുമാത്രം

സ്റേജില്‍ പല രക്ഷപെടല്‍ വിദ്യയും കാണിക്കുന്നുണ്ട്. ഇതിനിടയ്ക്ക് എനിക്കും അപകടം സംഭവിക്കാം. ചിലപ്പോള്‍ മോഹാലസ്യം വന്നേക്കാം, ശ്വാസം മുട്ടി ബുദ്ധിമുട്ടുണ്ടായേക്കാം അങ്ങനെ പല വെല്ലുവിളികളും മാജിക്കിനിടയില്‍ ഉണ്ടാവും. അങ്ങനെ എന്തെങ്കിലും സംഭിച്ചാല്‍ എന്നെ രക്ഷിക്കാനായി ഏറ്റവും വിശ്വസ്തരായ മൂന്നു പേരെ ഞാനിതെല്ലാം പഠിപ്പിച്ചിട്ടുണ്ട്. അതില്‍ ഒരാള്‍ എന്റെ ഭാര്യയാണ്. സാജന്‍, അജി എന്നിവരാണ് മറ്റു രണ്ടുപേര്‍.

എനിക്ക് രക്ഷപെടാന്‍ പറ്റിയില്ലെങ്കില്‍ അവര്‍ സഹായിക്കും. നിശ്ചിത സമയത്തിനുള്ളില്‍ എനിക്ക് പുറത്തുവരാന്‍ പറ്റിയില്ലെങ്കില്‍ അവര്‍ക്ക് മനസ്സിലാകും എന്തോ പ്രശ്നമുണ്െടന്ന്. അപ്പോള്‍ മാജിക്ക് പരാജയപ്പെട്ടാലും മജീഷ്യനെ അവര്‍ രക്ഷിക്കും.

മാജിക് പുരുഷന്മാരുടെ മാത്രം ലോകമല്ല

കേരളത്തില്‍ വനിതാ മജീഷ്യന്‍മാര്‍ വിരലിലെണ്ണാവുന്നവരേ ഉള്ളൂ. നോര്‍ത്ത് ഇന്ത്യയിലൊക്കെ ഒരുപാട് പേരുണ്ട്. എന്നാല്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ മാജിക്ക് പ്രൊഫഷനായി എടുത്തിരിക്കുന്ന സ്ത്രീകളുണ്ട്. നമ്മുടെ നാട്ടില്‍ ഒറ്റയ്ക്ക് ട്രുപ്പ് കൊണ്ടു നടക്കാനുള്ള ബുദ്ധിമുട്ടാകാം സ്ത്രീകള്‍ ഈ മേഖലയിലേക്ക് വരാത്തത്. പിന്നെ നമ്മുടെ സംസ്കാരം ഇക്കാര്യത്തിന് അത്ര പിന്തുണ കൊടുക്കുന്നില്ല.

രഹസ്യം വെളിപ്പെടുത്തിയാല്‍ പിന്നെ മാജിക്കില്ല

മാജിക്കിന്റെ രഹസ്യം വെളപ്പെടുത്തുക എന്നത് ഇപ്പോഴുള്ള ഒരു ട്രെന്റാണ്. പല ഇംഗ്ളീഷ് ചാനലുകളും മാജിക്കിന്റെ രഹസ്യം വെളിപ്പെടുത്തുന്നുണ്ട്. ഇത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. വര്‍ഷങ്ങളുടെ പഠനവും പരിശീലനവും കൊണ്ടാണ് മജീഷ്യന്‍ ഓരോ വിദ്യയും കാണിക്കുന്നത്.

അതിന്റെ രഹസ്യം പുറത്തു പറയുന്നത് മാജിക്കെന്ന കലയെ ലളിതവത്കരിക്കുന്നു. ഇതുകണ്ട് വീട്ടിലിത് ചെയ്യാന്‍ ശ്രമിക്കാനുള്ള തോന്നലുണ്ടാവുകയും അപകടം വരുത്തിവയ്ക്കുകയും ചെയ്യുന്നു. പ്രധാനമായും കുട്ടികളാണ് ഇത് ചെയ്യുന്നത്. മജീഷ്യന് ഒരു നായകപരിവേഷം നല്‍കി അതിനെ അനുകരിക്കാന്‍ ശ്രമിച്ച് പല കുട്ടികളും അപകടം വരുത്തി വച്ചിട്ടുണ്ട്.

ചിലര്‍ക്ക് ഇങ്ങനെയുള്ള പരിപാടികള്‍ കണ്ടിരിക്കാന്‍ ഇഷ്ടമാണ്. രഹസ്യങ്ങള്‍ അറിഞ്ഞു കഴിയുമ്പോള്‍ മാജിക്ക് എന്ന കലയോടുള്ള താത്പ ര്യം നഷ്ടപ്പെടും. ഇതുകൊ ണ്ടാണ് മാജിക്കിന്റെ രഹസ്യങ്ങള്‍ പുറത്തറിയരുത് എനിക്ക് നിര്‍ബന്ധമുള്ളത്.

സ്റേജില്‍വെച്ച് മരിക്കണമെന്നുണ്ട് പക്ഷേ...

സ്റേജ് പെര്‍ഫോം ചെയ്യുന്നവരുടെയെല്ലാം ആഗ്രഹം സ്റേജില്‍ വെച്ചു മരിക്കണമെന്നാണ്. എനി ക്കും അങ്ങിനെ ആഗ്രഹമുണ്ട്. പക്ഷെ അത് ചില കണ്ടീഷനുകളില്‍ നിന്നാണെന്ന് മാത്രം. കാരണം ഒരു പാട്ടുകാരന്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ മരിച്ചു. ആ മരണത്തില്‍ വേറെ ആര്‍ക്കും നഷ്ടമില്ല. എന്നാല്‍ ഒരു മജീഷ്യന്‍ പരിപാടിക്കിടയില്‍ മരിക്കുന്നത് വലിയ പ്രശ്നമാണ്. കാരണം പറയാം. ഒരു പെണ്‍കുട്ടിയെ വലിയ വാള്‍ ഉപയോഗിച്ച് രണ്ടായി മുറിക്കുന്ന ഒരു മാജിക്കുണ്ട്. സ്റേജില്‍ ആ മാജിക്ക് കാണിച്ചു കൊ ണ്ടിരിക്കുകയാണെന്നു വിചാരിക്കുക. പെണ്‍കുട്ടിയെ രണ്ടായി മുറിച്ചു മാറ്റി. എല്ലാവരെയും കാണിച്ചു. കാണികള്‍ കൈയടിക്കുന്നു.

ഇതിനിടയ്ക്ക് എനിക്ക് ഒരു ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുകയാണ്. എന്തായിരിക്കും അവസ്ഥ? ഈ പെണ്‍കുട്ടിയെ എന്തു ചെയ്യും. രണ്ടു കഷ്ണമായി വീട്ടിലേക്ക് വിടാന്‍ പറ്റില്ലോ. അത് വല്യ ബുദ്ധിമുട്ടല്ലേ. അതു കൊണ്ട് എന്നെ സൃഷ്ടിച്ച ദൈവത്തോട് ഒരേയൊരു അപേക്ഷ മാത്രമേയുള്ളു. സ്റേജിലാണ് എന്റെ അന്ത്യമെങ്കില്‍ ചെയ്യുന്ന മാജിക് പൂര്‍ണ്ണമായതിനു ശേഷമേ എന്നെ മരിക്കാനനുവദിക്കാവൂ. അങ്ങിനെയായാല്‍ എന്റെ ജീവിതം ധന്യമായി.

മാജിക്കിനെ ജനങ്ങള്‍ സ്നേഹിച്ചു തുടങ്ങുന്നു

മാജിക്കിനെ ആളുകള്‍ അംഗീകരിച്ചിട്ടു തന്നെ ഒരു പത്തു കൊല്ലക്കാലമേ ആയിട്ടുള്ളു. ഞാന്‍ നാട്ടില്‍ മാജിക്ക് ചെയ്യാന്‍ തുടങ്ങിയിട്ട് 15-16 വര്‍ഷമാ യി. ഞാന്‍ ഇവിടെ പരിപാടി ചെയ്യാ ന്‍ തുടങ്ങിയപ്പോ ള്‍ ഇത് ദുര്‍മന്ത്രവാദമാണെന്നൊ ക്കെ പലരും തെറ്റിധരിച്ചു. ഒരു അമാനുഷീക കഴിവായിട്ടാണ് പലരും ഇതിനെ കണ്ടത്. ചിലപ്പോള്‍ രാത്രിയിലൊക്കെയാവും പ്രാക്ടീസെല്ലാം നടക്കുക. എന്റെ മാജിക്ക് കൂടുതലും ഹൊറര്‍ മൂഡ് ഉള്ളവയാണ്. രാത്രി വീട്ടില്‍ നിന്ന് കരച്ചിലും അലര്‍ച്ചയും അട്ടഹാസവും ബഹളവുമൊക്കെ കേള്‍ക്കുമ്പോള്‍ എല്ലാവരും സംശയത്തോടെയാണ് എന്റെ വിടിനെ നോക്കിയിരുന്നത്. എന്റെ വീടും ഒരു പ്രത്യേക രീതിലാണ് പണിതിരിക്കുന്നത്. അതിനെ പലരും പള്ളി പോലെയെന്നും പ്രേതാലയം എന്നുമൊക്കെയാണ് വിശേഷിപ്പിക്കു
ന്നത്.

ഇതൊക്കെ ചാനലുകളില്‍ വന്ന് ആളുകള്‍ കാണാന്‍ തുടങ്ങിയപ്പോഴാണ് ഇതിലുള്ള ശാസ്ത്രവും ബുദ്ധിയുമെല്ലാം ആളുകള്‍ മനസ്സിലാക്കിത്തുടങ്ങിയത്.

പക്ഷെ ഇപ്പോഴും ചിലര്‍ വിശ്വസിക്കുന്നത് ഇത് അമാനുഷികശക്തിയാണെന്നാണ്. ചിലര്‍ മനശാന്തി വേണം, പ്രേതബാധ ഒഴിപ്പിക്കണം, പരീക്ഷയ്ക്ക് പേന ജപിച്ചു കൊടുക്കണം, ഭര്‍ത്താവിന്റെ കുടിമാറ്റണം, എന്നൊക്കെപ്പറഞ്ഞ് ഒരുപാട് ആവശ്യങ്ങളുമായി എത്തുന്നുണ്ട്. ഇതെന്നെക്കൊണ്ട് പറ്റില്ലന്നു പറഞ്ഞാല്‍ അവര്‍ക്കു വിശ്വാസമാകുന്നില്ല. ഇങ്ങനെയുള്ള തെറ്റിധാരണകള്‍ മാജിക്കിനെപ്പറ്റി ഇപ്പോഴുമുണ്ട്.

മാജിക് തെറാപ്പികൊണ്ട് ആശ്വാസമുണ്ടാകാം

കുറച്ചുകാലം മുമ്പ് ഡോ. ബാലമുരളീകൃഷ്ണന്‍ മ്യുസിക്ക് തെറാപ്പി എന്ന ആശയം മുന്നോട്ടു വച്ചിരുന്നു. സംഗീതം കൊണ്ട് രോഗികള്‍ക്കു സാന്ത്വനം കൊടുക്കുന്ന രീതി. അതറിഞ്ഞപ്പോള്‍ എന്തുകൊണ്ട് മാജിക്ക് കൊണ്ട് ആളുകള്‍ക്ക് സാന്ത്വനം കൊടുത്തു കൂടാ എന്ന ആശയം എനിക്ക് തോന്നി. സംഗീതവും വിസ്മയും കൂടിച്ചേര്‍ന്നു വരുന്ന ഒന്നാവും മാജിക്ക് തെറാപ്പി. ഞാന്‍ ഈ ആശയം ലേക്ഷോര്‍ ഹോസ്പിറ്റിലെ ഡോ. ഗംഗാധരനോട് പറഞ്ഞു. അദ്ദേഹത്തിന് ആശയം ഇഷ്ടപ്പെട്ടു.

പരീക്ഷണാര്‍ഥം അവിടെ രോഗികളുടെ അടുത്തുചെന്ന് മാജിക്ക് അവതരിപ്പിക്കാന്‍ അദ്ദേഹം പറഞ്ഞു. അവിടെ പാലിയേറ്റീവ് കെയറിലുള്ള രോഗികളുടെ അടുത്താണ് മാജിക്ക് ചെയ്തത്. തുടക്കത്തില്‍ വയ്യാതിരുന്നവര്‍ വളരെ താത്പര്യത്തൊടെ മാജിക്ക് കാണാനും പഠിക്കാനും തുടങ്ങി. ഒരിക്കലും അസുഖം പൂര്‍ണ്ണമായി മാറ്റാനാകും എന്ന് അവകാശപ്പെടാന്‍ എനിക്കാകില്ലെങ്കിലും ഒരു സാന്ത്വനം എന്ന നിലയ്ക്ക് ഇതിന് നല്ല അഭിപ്രായമാണ് കിട്ടിയത്.
കടപ്പാട്: ദീപിക (സ്ത്രീധനം വാരിക) http://www.deepika.com/

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites