« »
SGHSK NEW POSTS
« »

Tuesday, October 23, 2012

മലിനജലത്തില്‍ നിന്ന് വൈദ്യുതി

ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും വൈദ്യുതി പ്രതിസന്ധിയുമാണ്  ഇന്ന് രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജനസംഖ്യാ വിസ്‌ഫോടനവും വ്യവസായങ്ങളുടെ വളര്‍ച്ചയുമെല്ലാം ജലമലിനീകരണത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. മലിനജലത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററുകളുമായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് പെന്‍സില്‍വാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്. മാര്‍ച്ച് ആദ്യവാരത്തില്‍ സയന്‍സ് ജേര്‍ണലില്‍ സംഘത്തിന്റെ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. മലിനജലത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററിന്റെ ഒരു പ്രോട്ടോടൈപ്പും ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങള്‍ക്ക് ചെലവു കുറഞ്ഞ രീതിയില്‍ വൈദ്യുതോല്പാദനം നടത്തുന്നതിന് അഭികാമ്യമാണ് പുതിയ സമ്പ്രദായം. വൈദ്യുതോല്പാദനത്തോടൊപ്പം ജലശുദ്ധീകരണം കൂടി നടക്കുമെന്നതുകൊണ്ട് ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്താന്‍ ഈ രീതികൊണ്ട് കഴിയും.
മലിനജലത്തെ ശുദ്ധീകരിച്ച് പുനരുപയോഗക്ഷമമാക്കുന്നതിന് സാമ്പത്തികവും സാങ്കേതികവുമായ നിരവധി കടമ്പകളുണ്ട്. പൊതുവെ വൈദ്യുതി ഉപയോഗിച്ചാണ് മലിനജലത്തെ വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധീകരിക്കുന്നത്. എന്നാല്‍ ജനസംഖ്യ കൂടുതലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത് വളരെ വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. ഇതിനെല്ലാം പരിഹാരമാവുകയാണ് പുതിയ കണ്ടെത്തല്‍.
റിവേഴ്‌സ് ഇലക്‌ട്രോ ഡയാലിസിസ് എന്നു വിളിക്കുന്ന ഈ പ്രക്രിയയില്‍ അര്‍ധതാര്യ സ്തരങ്ങള്‍കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന നിരവധി അറകളില്‍ ശുദ്ധജലവും ഉപ്പുവെള്ളവും ഇടവിട്ടിടവിട്ട് നിറയ്ക്കുകയും അതേത്തുടര്‍ന്ന് അവയ്ക്കിടയിലുണ്ടാകുന്ന രാസവൈദ്യുത ചാര്‍ജ് സംഭരിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ രീതിയ്ക്ക് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നു. ഒന്നാമത്തേത് ഇത്തരം പവര്‍ പ്ലാന്റുകള്‍ സമുദ്രതീരങ്ങളില്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ എന്നതാണ്. സമുദ്രസാമിപ്യമില്ലാത്ത സ്ഥലങ്ങളില്‍ ഇത്തരം വൈദ്യുത നിലയങ്ങള്‍ പ്രയോജനപ്പെടില്ല. മറ്റൊരു പരിമിതി ഇവ പ്രവര്‍ത്തിക്കാനാവശ്യമായ ശുദ്ധജലഉപ്പുവെള്ള അറകളുടെയും അവയെ പരസ്പരം വേര്‍തിരിക്കാനാവശ്യമായ സ്തരങ്ങളുടെയും ഭീമമായ എണ്ണമാണ്.
റിവേഴ്‌സ് ഇലക്‌ട്രോഡയാലിസിസ് നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പരിമിതികള്‍ക്കും പരിഹാരവുമായാണ് പെന്‍ സ്‌റ്റേറ്റ് ടീം രംഗത്തെത്തിയിരിക്കുന്നത്. ബ്രൂസ് ഇ ലോഗന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്ന മൈക്രോബയല്‍ ഇന്ധന ഷെല്ലുകള്‍ ജൈവ പദാര്‍ത്ഥങ്ങളുപയോഗിച്ചാണ് മലിനജലത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. ഉപ്പുവെള്ളത്തിനു പകരം മലിനജലത്തില്‍ അമോണിയം ബൈ കാര്‍ബണേറ്റ് ലായനി ഉപയോഗിച്ച് ലവണനില വര്‍ദ്ധിപ്പിച്ചാണ് ഈ പവര്‍ പ്ലാന്റില്‍ ഉപയോഗിക്കുന്നത്. കടല്‍ സാമിപ്യമില്ലാത്ത പ്രദേശങ്ങളിലും ഈ പവര്‍ പ്ലാന്റുകള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. അമോണിയം ബൈകാര്‍ബണേറ്റിന്റെ പുനരുപയോഗ സാധ്യത അധികസാമ്പത്തിക ബാധ്യതയില്ലാതെ വൈദ്യുതോല്പാദനവും ജലശുദ്ധീകരണവും ഒരേ സമയത്തു നടത്താന്‍ സഹായിക്കുമെന്നത് വികസ്വര രാജ്യങ്ങള്‍ക്ക് വളരെ ഗുണകരമായിരിക്കും.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites