« »
SGHSK NEW POSTS
« »

Sunday, January 22, 2012

സംഗീതലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ യേശുദാസ്

സംഗീതലോകത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ, നമ്മളെല്ലാം സ്നേഹത്തോടെ ദാസേട്ടന്‍ എന്ന് വിളിക്കുന്ന കാട്ടാശ്ശേരി ജോസഫ് യേശുദാസ്. അതുപോലെ ദാസേട്ടനെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന എല്ലാവരും വളരെ ഗാഢമായ സ്നേഹത്തോടെ പ്രഭ ചേച്ചി എന്നു വിളിക്കുന്ന പ്രഭ യേശുദാസ്. ഇവരുടെ ജീവിതം, സംഗീതം നിറഞ്ഞ ലോകം, അനുഭവങ്ങള്‍, ചിന്തകള്‍ തുടങ്ങിയ വിശേഷങ്ങളിലേക്ക്...

എം.എ. ബേബി : അക്ഷരം എന്ന വാക്കിന് ക്ഷരമല്ലാത്തത്, നശിക്കാത്തത് എന്നാണ് അര്‍ത്ഥം വരിക. അക്ഷരങ്ങള്‍ക്കും വാക്കുകള്‍ക്കും പകര്‍ന്നു കൊടുക്കാന്‍ കഴിയാത്ത അര്‍ത്ഥവും ആശയവും അനുഭൂതിയും സംഗീതത്തിന് പകര്‍ന്നുകൊടുക്കാന്‍ കഴിയും. ദാസേട്ടന്റെ ഭാഷയില്‍ ദാസേട്ടന് സംഗീതമാണ് ദൈവം. ദൈവത്തിന് ഇങ്ങനെയൊരു നിര്‍വചനം മഹാത്മാഗാന്ധി നല്‍കിയിട്ടുണ്ട്. സത്യമാണ് ഈശ്വരന്‍ എന്ന് മഹാത്മാഗാന്ധി പറഞ്ഞു. ദാസേട്ടന്‍ മഹാത്മാജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണോയെന്നറിയില്ല, അദ്ദേഹത്തിന് സത്യം സംഗീതമാണ്. സംഗീതമാണ്  ഈശ്വരന്‍. മലയാളികളെ സംബന്ധിച്ചിടത്തോളം സംഗീതത്തെക്കുറിച്ച് അറിയാവുന്നവര്‍ക്കെല്ലാം ദാസേട്ടന്‍ സംഗീതത്തിന്റെ നിര്‍വചനമാണ്. ദൈവത്തിന്റെ സ്വന്തംനാട് എന്ന് കേള്‍വികേട്ട മലയാളക്കരയില്‍ ദൈവത്തിന്റേതായ പ്രഭാപരിവേഷത്തോടുകൂടിയാണ് ദാസേട്ടനെ നോക്കിക്കാണുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. ഈ പരിവേഷം ദാസേട്ടന് ഒരു ഭാരമായിട്ട് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ?

യേശുദാസ്: വാസ്തവത്തില്‍ സംഗീതം എന്താണെന്നുള്ളത് പറഞ്ഞുകഴിഞ്ഞു. ഞാനിനി അതിലേക്ക് കടക്കുന്നില്ല. കാരണം അത് എത്രത്തോളം ഭാരമുള്ളതാണെന്നത് ഞാന്‍ ഓരോ നിമിഷവും അളന്നുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. വിദ്യാര്‍ത്ഥി എന്ന നിലയില്‍ എനിക്ക് ഒരു ഭാരമായി തോന്നുന്നത് സംഗീതം മാത്രമേയുള്ളൂ. മറ്റൊന്നുമില്ല. കാരണം എന്നെ ഈ നിലയില്‍ ആക്കിത്തീര്‍ത്ത ഒരുപാടാളുകളുണ്ട്. അകന്നുനിന്നവരുണ്ട്, അടുത്തുനിന്നവരുണ്ട്. അടുത്ത് നിന്നിട്ട് അടുത്തല്ലെന്ന് ഭാവിക്കുന്നവര്‍, അകന്നുനിന്നിട്ട് അടുത്താണെന്ന് ഭാവിക്കുന്നവര്‍. ഇവരോടൊക്കെ അങ്ങേയറ്റം എനിക്ക് കടപ്പാടുണ്ട്. എന്നെ ഇത്രയും കാലം വളര്‍ത്തിയത് അവരാണ്.

ചെറിയൊരു അനുഭവം കൂടിയുണ്ടെനിക്ക്. ബേബിയുടെ താടിയുടെ നിറവും ഉള്ള മുടിയുടെ നിറവും ഞാന്‍ അപ്രീഷിയേറ്റ് ചെയ്യുന്നു. അതുപോലെ ഞാനൊന്ന് ഭാവിച്ചു.  അനുകരിച്ചു എന്നുവേണമെങ്കില്‍ പറയാം. അനുകരിച്ചതല്ല എന്നും പറയാം. വെള്ളയില്‍ അല്പം കറുപ്പുണ്ടല്ലോയെന്ന് മനസ്സിനകത്ത് തോന്നിയതുകൊണ്ടായിരിക്കും, കുറച്ചുകാലത്തേക്ക് അതില്‍ നിന്നൊന്ന് വിരമിച്ച് നോക്കിയാല്‍ എങ്ങനെയുണ്ടാവും എന്ന് ചിന്തിച്ചു. അപ്പോള്‍ എന്നെ ഉണര്‍ത്തിയത്... അല്ല, ഞാന്‍ തന്നെയാണ് ഉണര്‍ന്നത്. എനിക്ക് കിട്ടിയിരുന്ന ഒരു സത്യത്തിന്റെയോ ആത്മാര്‍ത്ഥതയുടെയോ വലിയൊരു വൈബ്രേഷന്‍ കുറയുന്നതുപോലെ തോന്നി. ഒരുപാടാളുകള്‍ ദുഃഖിച്ചുകൊണ്ട്, ഇത് ഞങ്ങള്‍ക്ക് കാണാന്‍ വയ്യ എന്നുപറഞ്ഞ് ധാരാളം മെസേജുകളും കത്തുകളും അയച്ചു. അപ്പോള്‍ എനിക്കും തോന്നി ഇത് ശരിയാണല്ലോ. എന്റെ ഫോട്ടോയില്‍ നോക്കിയപ്പോള്‍ എനിക്ക് തന്നെ സ്വന്തം മുഖം പ്രാകൃതമായിട്ടുതോന്നി. പ്രാകൃതമെന്ന് പറഞ്ഞാല്‍ അഴകോ, സൌന്ദര്യമോ ഒന്നുമല്ല. എന്റെ നോട്ടവും ഒക്കെ വല്ലാതെ ഫീല്‍ ചെയ്യാന്‍ തുടങ്ങി. സംഗീതത്തോടുപോലും ഒരു അകല്‍ച്ചയും, എന്തിനാണിനിയിത് എന്ന തരത്തിലുണ്ടായ തോന്നലും എനിക്ക് സഹിച്ചില്ല. അതൊക്കെ കൊണ്ടുകൂടിയാണ് രണ്ടാമത് വീണ്ടും ഞാന്‍ ഈ വേഷം കെട്ടിയിരിക്കുന്നത്. ഇതൊന്നും രക്ഷപെടാന്‍വേണ്ടി പറയുന്നതല്ല. അതിന്റെ ആവശ്യമില്ലെനിക്ക്.

പിന്നെ മുഖ്യമായിട്ടൊന്ന് എന്റെ കൊച്ചുമകളാണ്. എന്റെ ചെറിയൊരു ഫോട്ടോ അവിടെയുണ്ട്. അവള്‍ കൊച്ചുന്നാള്‍ മുതല്‍ കാണുന്നതും നീന്താന്‍ തുടങ്ങിയപ്പോള്‍ മുതല്‍ പോയി തൊടുന്നതുമെല്ലാം അതിലാണ്. അതിനായി ആ ഫോട്ടോ താഴെവച്ചുകൊടുത്തിട്ടുണ്ട്. അപ്പോള്‍ ഇവള്‍ പറഞ്ഞു, 'എന്റെ അപ്പപ്പ ഇതാണ് (ഫോട്ടോ കാണിച്ചിട്ട്). ഈ അപ്പപ്പ വയസ്സായി പോയി'. അത് കേട്ടപ്പോള്‍ എനിക്ക് കുറച്ചുകൂടി വിഷമമായി.

എം.എ. ബേബി: വലിയൊരു സത്യമാണ് ഇതിലൂടെ വെളിപ്പെട്ടത്. ദാസേട്ടന്‍ ദാസേട്ടന്റെ മാത്രമല്ല. പ്രഭ ചേച്ചിയുടെയും മാത്രമല്ല. ദാസേട്ടന്‍ വലിയൊരു സംഗീത ലോകത്തിന്റേതാണ്. ദാസേട്ടന്റെ ഒന്നാമത്തെ ഭാര്യ സംഗീതമാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്?

യേശുദാസ്: ഞാനത് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതില്‍ അസൂയപ്പെടേണ്ട കാര്യമില്ല. ആ സംഗീതത്തിനൊരു രൂപമില്ല. തൊട്ടടുത്തിരിക്കുകയോ അകന്നിരിക്കുകയോ എങ്ങനെ വേണമെങ്കിലുമാകാമത്.

എം.എ. ബേബി: ഇതുപോലെതന്നെ അഭിപ്രായപ്പെട്ടിട്ടുള്ള വളരെ പ്രശസ്തനായ ഒരാളെ എനിക്കറിയാം. റോജര്‍ ഫെഡറര്‍. അദ്ദേഹത്തിന്റെയും ഒന്നാമത്തെ ഭാര്യ ടെന്നീസാണ്. നിങ്ങള്‍ തമ്മില്‍ കുറേ സാമ്യം ഞാന്‍ കാണുന്നുണ്ട്. ദാസേട്ടന്‍ സംഗീത ലോകത്ത് സ്ഥാപിക്കാത്ത എന്തെങ്കിലും റെക്കാഡുണ്ടോയെന്നെനിക്കറിയില്ല. ആദ്യമായി പാടിയ പാട്ടുമുതല്‍ കുറിച്ചുവച്ചിരുന്നെങ്കില്‍ അതൊരു ലോകാത്ഭുതമായി മാറിയേനെ. ഒരു റെക്കാഡ് അതാണ്. രണ്ടാമതായി സംഗീതലോകത്ത് ലഭിച്ചിരിക്കുന്ന അവാര്‍ഡുകള്‍. പ്രശസ്തരായ പലര്‍ക്കും കിട്ടാത്തത്ര ദേശീയ അവാര്‍ഡുകള്‍ കിട്ടിയതിന് പുറമേ മലയാളത്തില്‍ രണ്ടുഡസനിലധികം തവണ മികച്ച ഗായകനുള്ള അവാര്‍ഡ് നേടി. തമിഴില്‍, തെലുങ്കില്‍, കന്നടയില്‍,  ബംഗാളിയില്‍. ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പാടി റെക്കാഡ് ചെയ്തിട്ടുള്ളത് ദാസേട്ടനായിരിക്കും. കേരളത്തിലെ തന്നെ രണ്ട് സര്‍വകലാശാലകളില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ്. ഇങ്ങനെ അവാര്‍ഡുകളുടെയും അംഗീകാരങ്ങളുടെയും പെരുമഴയാണ്. ഇനി ദാസേട്ടന് ഏതെങ്കിലും അവാര്‍ഡ് തന്നിട്ടില്ലെങ്കില്‍ ആ അവാര്‍ഡുകള്‍ക്ക് നാണിക്കേണ്ടിവരുമെന്നല്ലാതെ ദാസേട്ടന് പ്രശ്നമൊന്നുമില്ല. ഇങ്ങനെ റെക്കാഡുകള്‍ സംഗീത ലോകത്ത് സ്ഥാപിച്ചിട്ടുള്ള മറ്റാരുമില്ല. ടെന്നീസെടുത്താല്‍, ആ കളിയിലെ ഒരു യേശുദാസാണ് റോജര്‍ ഫെഡററെന്നുപറയാം. നിങ്ങളുടെ രണ്ടുപേരുടെയും പ്രൊഫഷനോടുള്ള പ്രതിബദ്ധത, പൂര്‍ണമായുള്ള സമര്‍പ്പണം, അച്ചടക്കം എന്നിങ്ങനെ ഒരുപാട് സാമ്യം ഞാന്‍ കാണുന്നു.

യേശുദാസ്: ഞാനതിന് എതിര്‍പ്പ് പറയുന്നില്ല. സത്യമാണത്. പക്ഷേ എന്റെ ഭാര്യയ്ക്ക് ആയുസ് കൂടുതലാണ് കേട്ടോ (സംഗീതത്തെ പരാമര്‍ശിച്ച്). കാരണം ടെന്നീസ് എപ്പോഴെങ്കിലും നിറുത്തേണ്ടിവരും.

എം.എ. ബേബി: അത് ശരിയാണ്. എന്തായാലും തന്റെ മേഖലയിലെ പ്രവര്‍ത്തനത്തിന് പുറമേ സമൂഹത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഒരു സമീപനം. ദാസേട്ടന്‍ ഇപ്പോള്‍ ഹൃദയശസ്ത്രക്രിയയ്ക്കുവേണ്ടി സാമ്പത്തികശേഷിയില്ലാത്ത ആളുകള്‍ക്ക് സഹായം ചെയ്യുന്നു.

യേശുദാസ്: ഏയ് അതൊരു മഹദ്കാര്യമായിട്ടെടുക്കേണ്ട. കാരണമെന്താന്നുവച്ചാല്‍, എന്റെ ജീവിതം എനിക്കുതന്ന അനുഭവം, അത് മറക്കാനൊക്കില്ല. അത് മറക്കാന്‍പാടില്ലാത്തതുകൊണ്ട്, നമുക്കൊരു കടപ്പാടുണ്ട്. നമ്മള്‍ കടന്നുപോന്നിട്ടുള്ള വഴികളെ മറന്നുകഴിഞ്ഞിട്ട് ഇനി മുതലുള്ളതാണ് നമ്മുടെ ജീവിതം എന്ന് കരുതാന്‍ എനിക്ക് പറ്റില്ല. അങ്ങനെയുള്ളൊരു ചിന്താഗതി ഉള്ളതുകൊണ്ടായിരിക്കും ഇത്തരം സഹായങ്ങള്‍ ചെയ്യുന്നത്.  ഇതിലേക്ക് സംഗതിവശാല്‍ വന്നതാണ്.

എന്റെ 70-ാമത്തെ വയസ് ആഘോഷിക്കണമെന്ന് സുഹൃത്തുക്കളെല്ലാവരുംകൂടി പറഞ്ഞപ്പോള്‍ ആദ്യം ഞാന്‍ പറഞ്ഞു "വേണ്ട, അതങ്ങനങ്ങ് നടക്കട്ടെ, അല്ലാതെ ആഘോഷമൊന്നും വേണ്ട". കിഡ്നി ഓപ്പറേഷനെ സംബന്ധിച്ചുള്ള  ഒരു മീറ്റിംഗായിരുന്നു അത്. അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ പെട്ടെന്ന് ഞാന്‍ പറഞ്ഞു, എങ്കില്‍ പാവപ്പെട്ട 70 കുട്ടികള്‍ക്ക് ഹാര്‍ട്ട് ഓപ്പറേഷന്‍ ചെയ്യാമെന്ന്. അപ്പോള്‍ ഉടന്‍തന്നെ അവര്‍ ലയണ്‍സ് ക്ളബും അത്തരത്തിലുള്ള മറ്റുചിലരുമായി ബന്ധപ്പെട്ടു. അപ്പോള്‍ ഞാന്‍ പറഞ്ഞു, എടുത്തുചാടരുത്. ഇതിന് ഒരുപാട് കണ്ടീഷനുകളുണ്ട്. ഇതും പറഞ്ഞാണ് തുടങ്ങിയത്. തുടങ്ങിയിട്ട് 337 ഹാര്‍ട്ട് ഓപ്പറേഷന്‍ ചെയ്യാനൊത്തു. ഗാന്ധിജി പറഞ്ഞതുപോലെ, സത്യം എന്ന് പറയുന്ന ദൈവത്തെ മുന്‍നിറുത്തിയാല്‍ ഇവിടെ നമുക്ക് എന്തും സാധിക്കാനൊക്കുമെന്നതിന്റെ തെളിവാണിത്.

ആദ്യമായി ഞങ്ങള്‍ക്ക് സംഭാവന നല്‍കിയത് നാല് പാവപ്പെട്ട കുട്ടികളാണ്. അവര്‍ക്ക് കിട്ടിയ ചില്ലറ പൈസ സ്വരുക്കൂട്ടി ആയിരം രൂപ കൊണ്ടുവന്ന് തന്നു. ഞാന്‍ പറഞ്ഞു തീര്‍ച്ചയായിട്ടും ഈ പദ്ധതി വിജയമായിരിക്കും. ഇതിന് നമ്മള്‍ കിടന്ന് ഓടേണ്ട ആവശ്യമില്ല. തുടക്കം തന്നെ അങ്ങനെയായിരുന്നു. ഈ 337 പേരുടെയും ഓപ്പറേഷന്‍ നടന്നത് എന്റെ ഒരു കഴിവുകൊണ്ടുമാത്രമല്ല, അതിനായി ഒരുപാടാളുകള്‍ സഹായിച്ചിട്ടുണ്ട്. ഇതില്‍നിന്ന് ഒരു പൈസപോലും വേറൊരു കാര്യത്തിന് പോകരുതെന്ന് ഞാന്‍ നിര്‍ബന്ധമായിട്ട് പറഞ്ഞിരുന്നു. ആശുപത്രിയിലേക്കുള്ളത് ചെക്ക് ആയോ ഡ്രാഫ്റ്റ് ആയോ മാത്രമേ കൊടുക്കാവൂ. പണം ആരും കൈയില്‍ വാങ്ങരുതെന്ന് വളരെ കര്‍ശനമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മീറ്റിംഗ് കൂടുന്നതിനും യാത്ര പോകുന്നതിനുമെല്ലാം സ്വന്തം പൈസയാണെടുത്തത്. എന്റെ മക്കളും ഇതിന്റെ ഫങ്ഷനൊക്കെ വന്നത് സ്വന്തം ചെലവിലാണ്. ഇതിലൊരു സത്യമുണ്ട്.  അതുകൊണ്ടാണ് ഞങ്ങള്‍ക്കത് ചെയ്തുതീര്‍ക്കാനൊത്തത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുണ്ടെങ്കില്‍ നമ്മള്‍ വളരെ സൂക്ഷിക്കേണ്ടതാണ്. നമ്മുടെ സ്വന്തം കാര്യങ്ങള്‍ക്കായി അത് ഉപയോഗിക്കാന്‍ പാടില്ല.

ഇപ്പോള്‍ ഞാനതില്‍നിന്ന് പിന്‍മാറി. എന്താണെന്നുവച്ചാല്‍ ഭയങ്കര കഷ്ടപ്പാടാണ്. പിന്നെ ആദ്യത്തെ ഭാര്യയെ നോക്കാന്‍ ഒക്കുന്നില്ല (ചിരിക്കുന്നു).

എം.എ.ബേബി: സര്‍ക്കാരുകള്‍ ചെയ്യേണ്ട പല കാര്യങ്ങളും ദാസേട്ടന്‍ ചെയ്യുന്നു. സര്‍ക്കാര്‍ ശ്രദ്ധിക്കാത്ത സാഹചര്യത്തില്‍, സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധ കൊണ്ടുവരേണ്ട വിഷയത്തില്‍ ഇടപെട്ട്  ശ്രദ്ധ കൊണ്ടുവരാനും ദാസേട്ടന് സാധിക്കുന്നു.

യേശുദാസ്: എന്റേതായ ഒരു ചെറിയ ലോകമുണ്ട്. ചെറിയ ലോകമെന്ന് പറഞ്ഞത് സംഗീതലോകമല്ല. അത് വലുതാണ്. ഞാന്‍ ആ സംഗീതത്തിലേക്ക് ലയിക്കുമ്പോഴേക്കും എന്നെ അത്യാവശ്യമായി സന്തോഷത്തോടെയും ആത്മാര്‍ത്ഥതയോടെയും വിളിക്കുന്ന ഒരാളെ എനിക്ക് അവഗണിക്കേണ്ടിവരാം. ഞാന്‍ ഡിപ്ളോമസിയായി പറയുകയല്ല... എന്തുകൊണ്ടാണ് എനിക്ക് രാഷ്ട്രീയ ബന്ധമില്ലാത്തതിന്റെ പ്രധാന കാരണമെന്നുവച്ചാല്‍, എന്റെ അപ്പച്ചന്‍ എന്നോടു പറഞ്ഞു, നീ ഒരു രാഷ്ട്രീയത്തിലും ബന്ധപ്പെടരുത്. നീ ഒരു ക്ളബിലും അംഗമാകരുത്. അന്നെല്ലാം നമ്മളിങ്ങനെ കൈകെട്ടി നിന്നു കേള്‍ക്കും. തലപോലും ആട്ടാന്‍ പാടില്ല. ബഹുമാനം കൊണ്ടാണ്. അല്ലാതെ അവര്‍ പറഞ്ഞിട്ടില്ല, തലപോലും അനക്കരുതെന്ന്. നമ്മളായിട്ട് അങ്ങോട്ട് ബഹുമാനിക്കുകയാണ്. നമ്മള്‍ ഒരുരൂപം നല്‍കുകയാണ്, വലിയൊരു വ്യക്തിയാണ് നമ്മുടെ അപ്പന്‍ എന്ന്. അങ്ങനെ തലയാട്ടാതെ പോലും ജീവിച്ചതിന്റെ ഒരു ഫലമാണ് ഇന്നിപ്പോള്‍ നിങ്ങളെപ്പോലെയുള്ളവര്‍ എന്നെ ഒരു ഇന്റര്‍വ്യൂ നടത്തുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇന്നത്തെ കുട്ടികള്‍ തെറ്റല്ല കാട്ടുന്നത്. സാഹചര്യത്തിന്റെ വെളിച്ചത്തില്‍ അവര്‍ക്ക് 'വൈ ഡാഡി' എന്ന് ചോദിക്കാനുള്ള കരുത്ത് നമ്മള്‍തന്നെ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. അങ്ങനെയാണ് നമ്മള്‍ വളര്‍ത്തിക്കൊണ്ടുവന്നത്. മുമ്പ് അതല്ലായിരുന്നു.

ഞാന്‍ വളര്‍ന്നുവന്ന രീതി അതല്ലായിരുന്നു. അങ്ങനെ വന്നതുകൊണ്ട് എനിക്കൊരു കുറവും വന്നിട്ടില്ല. ആര്, ഏത് പാര്‍ട്ടിയിലുള്ളയാളാണെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. എനിക്ക് സംഗീതം മാത്രമേയുള്ളൂ.
എം.എ. ബേബി: ദാസേട്ടന്‍ എല്ലാ പാര്‍ട്ടിയിലുമുണ്ട്. എല്ലാ പാര്‍ട്ടികളെകൊണ്ടും നന്‍മ ചെയ്യിക്കുന്നതില്‍ ദാസേട്ടന്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്?

യേശുദാസ്: നമ്മള്‍ ഒന്നും ചെയ്തില്ലെങ്കിലും സത്യമായും ധര്‍മ്മമായും നില്‍ക്കാമെങ്കില്‍ എല്ലാം ചെയ്യാന്‍പറ്റുമെന്നാണ് എന്റെ  അഭിപ്രായം. പക്ഷേ ഒരുപാട് വിഷമതകളുണ്ട്. ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്.

എം.എ. ബേബി: ദാസേട്ടനെ ആദ്യമായി പ്രഭചേച്ചി കാണുന്നതെപ്പോഴാണ്?

പ്രഭ: ഞാന്‍ പ്രോഗ്രാമിനൊക്കെ പോകുമ്പോള്‍ കാണാറുള്ളതാണ്. എന്റെ അങ്കിളും ദാസും മദ്രാസില്‍ വച്ചുള്ള പരിചയമുണ്ട്. എന്റെയടുത്ത് അങ്കിള്‍ പറഞ്ഞു ദാസിനെ നന്നായിട്ടറിയാമെന്ന്. പിന്നെ ഞാന്‍ അങ്കിളിനെ വെറുതെ വിട്ടിട്ടില്ല. അങ്കിളിന്റെ പിറകെ നടന്നു. അപ്പോള്‍ ഞാന്‍ പത്തില്‍ പഠിക്കുന്ന സമയമാണ്. ഞാന്‍ വിടാതെ പിന്നാലെ നടന്നപ്പോള്‍ നിവൃത്തിയില്ലാതെ അങ്കിള്‍ ഒരുദിവസം ദാസിനെ വിളിച്ചു. തിരുവനന്തപുരത്ത് സെന്റ് ജോസഫ് സ്കൂളിന്റെ ഒരു പ്രോഗ്രാമിന് വരുന്ന സമയത്ത് വീട്ടില്‍ വരാമെന്ന് മറുപടി പറഞ്ഞു. എന്റെ ശേഷക്കാരിക്ക് കാണണമെന്ന് അങ്കിള്‍ അപ്പോള്‍ പറഞ്ഞു. ആ പോഗ്രാമിന് എത്തിയ സമയത്ത് അങ്കിള്‍ പോയി വിളിച്ചുകൊണ്ട് വന്നു.

യേശുദാസ്: എനിക്ക് വാസ്തവത്തില്‍ ആ സമയത്ത് കടപ്പാട് പി. ഭാസ്കരന്‍ സാറിനോടും ബാബുരാജിനോടുമാണ്. 'പാവാട പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍'... (പാട്ട് മൂളുന്നു). ഒരു പാവാടയുമൊക്കെ ഉടുത്തുകൊണ്ട് നില്‍ക്കുകയായിരുന്നു.

എം.എ. ബേബി: അതിനുശേഷം ദാസേട്ടന്റെ ഗാനമേളയും പാട്ട് കച്ചേരിയുമൊക്കെ നടക്കുന്ന സ്ഥലങ്ങളില്‍ പോകുമായിരുന്നോ?

പ്രഭ: അതിനുമുമ്പുതന്നെ എന്റെ അച്ഛനൊക്കെ പരിപാടിയുടെ ടിക്കറ്റൊക്കെ എടുത്തുപോകുമായിരുന്നു. എനിക്ക് തോന്നുന്നു കല്യാണത്തിന് മുമ്പ് ഒരു 24-25 പ്രോഗ്രാം ദാസ് തിരുവനന്തപുരത്ത് നടത്തിയിട്ടുണ്ട്. അതിലൊന്ന് ജയിലിലും മറ്റൊന്ന് ഒരു അമ്പലത്തിനടുത്തുമായിരുന്നു. പിന്നൊന്ന് ഒരു കല്യാണത്തിന് വന്നപ്പോഴും. ഇങ്ങനെ ചുരുക്കം ചിലതൊഴിച്ച് ബാക്കിയെല്ലാത്തിനും പോയിട്ടുണ്ട്.

എം.എ. ബേബി: പ്രഭ ചേച്ചി സദസ്സിലുണ്ടെങ്കില്‍ പാടുന്ന പാട്ടില്‍ ഒക്കെ ദാസേട്ടന്‍ ഒരു പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ടെന്ന് കേട്ടിട്ടുണ്ട്.

പ്രഭ: പരിചയപ്പെട്ടശേഷം നോക്കിയൊക്കെ പാടുമായിരുന്നു.

എം.എ. ബേബി: നേരത്തെ പറഞ്ഞ പാട്ടൊക്കെ മുഖത്ത് നോക്കി എപ്പോഴെങ്കിലും പാടിയിട്ടുണ്ടോ?
 പ്രഭ: പരിചയപ്പെട്ടതില്‍ പിന്നെ പാടുമ്പോഴൊക്കെ മുഖത്ത് നോക്കാറുണ്ട്.

യേശുദാസ്: എന്റെ പാട്ടുകള്‍ക്കൊക്കെ, അതിന്റെ അടിയൊഴുക്ക് നോക്കുമ്പോള്‍, എന്റെ ജീവിതവുമായി വളരെ ബന്ധമുണ്ട്. ചില തത്വപാട്ടുകളാണെങ്കിലും ഒക്കെ അപ്പോഴുള്ള മാനസിക തൃപ്തിക്ക് പാടിയതാണോയെന്ന് തോന്നിപ്പോകും. 'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു' എന്ന പാട്ടൊക്കെ പാടുമ്പോള്‍ തന്നെ നമുക്ക് അത് ഉള്‍ക്കൊള്ളാനുള്ള ഒരു ചിന്ത മനസ്സില്‍ നിറയും.

എം.എ. ബേബി: അതൊക്കെ ജീവിതത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ വന്നതാണ്. നിങ്ങള്‍ തമ്മിലുള്ള ജീവിതം കെട്ടിപ്പടുത്തതില്‍ ആരാണ് മുന്‍കൈ എടുത്തത്?

പ്രഭ: അത് രണ്ടുപേരും കൂടെയാണ്.

എം.എ. ബേബി: എങ്കിലും ഈ ഒരു ആശയം ആരാണ് ആദ്യം മറ്റേയാളിനോട് പറഞ്ഞത്?
യേശുദാസ്: ആരും പറഞ്ഞതൊന്നുമില്ല. അതങ്ങനെ സംഭവിച്ചു. എനിക്ക് തോന്നി. കൊള്ളാം, തരക്കേടില്ല, നമുക്ക് പറ്റിയ ആളായിരിക്കും. പ്രത്യേകിച്ച് എനിക്ക് മുടിയോട് ഭയങ്കര ഇഷ്ടമാണ്. (''അപ്പോള്‍ എന്നെ കണ്ടിട്ടല്ല, മുടിയെ കണ്ടാണ്'', പ്രഭ ഇടയ്ക്ക് കയറി പറഞ്ഞു ചിരിച്ചു) അത് രണ്ടായിട്ട് പിന്നിയിട്ട് കാണുന്നത് വലിയ ഇഷ്ടമാണ്. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എന്റെ വീട്ടിലോ, അതോ മറ്റുള്ള ആരെയോ കണ്ടിട്ടോ എന്തോ, അറിയില്ല.

എം.എ. ബേബി: 'കാര്‍കൂന്തല്‍ പൂവിനെന്തിന് വാസനതൈലം' എന്ന പാട്ടിന് ഇതിനകത്ത് വല്ല സ്വാധീനവുമുണ്ടോ?

യേശുദാസ്: അങ്ങനെയൊന്നുമില്ല.
എം.എ. ബേബി: ആരാണ് നമുക്ക് തമ്മില്‍ വിവാഹം കഴിക്കാമെന്ന് ആദ്യം പറഞ്ഞത്?

യേശുദാസ്: അത് ഞാന്‍ തന്നെയാണ്. അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്. ഞാന്‍ തിരുവനന്തപുരം വഴി പോകുമ്പോള്‍ അവിടിറങ്ങി ഫോണ്‍ ചെയ്യുമായിരുന്നു. എങ്കിലും രണ്ട് കുടുംബങ്ങളും തമ്മില്‍ കൂടിയാണ് തീരുമാനം എടുത്തത്. അല്ലാതെ ഞങ്ങളുടെ ഇഷ്ടത്തിനങ്ങോട്ട് ഇറങ്ങിപ്പോവുക. അതൊന്നുമില്ല.

ഒരു മാനസിക ചിട്ട ഉണ്ടായിരുന്നു. അതെനിക്കുമുണ്ടായിരുന്നു, പ്രഭയ്ക്കുമുണ്ടായിരുന്നു. കാരണം അവരെ ദുഃഖിപ്പിക്കാന്‍ (വീട്ടുകാരെ) ഇഷ്ടമില്ലായിരുന്നു.

പ്രഭ: അവര്‍ ഞങ്ങളെ  അത്രയും സ്നേഹിച്ചിട്ടുണ്ട്. വീട്ടുകാരെ വിഷമിപ്പിച്ച് നമുക്കൊന്നും വേണ്ട. അവരുടെ സമ്മതത്തോടുകൂടി മതിയെന്നായിരുന്നു തീരുമാനം.

എം.എ. ബേബി: ദാസേട്ടനിങ്ങനെ പറഞ്ഞപ്പോഴേക്കും പ്രഭ ചേച്ചിക്കെന്താ തോന്നിയത്?

പ്രഭ: ആദ്യം എന്നോട് പറഞ്ഞില്ല.

എപ്പോഴും തിരുവനന്തപുരത്ത് പ്രോഗ്രാമെടുക്കും. അതുവഴിവരും. അമ്മച്ചി ഒരിക്കല്‍ ദാസിന്റെ മാനേജര്‍ പോളിനോട് ചോദിച്ചു, 'എന്താ എപ്പോഴും തിരുവനന്തപുരത്ത് പ്രോഗ്രാമെടുക്കുന്നത്?' അപ്പോള്‍ പോള്‍ സംഭവം പറഞ്ഞു.

എം.എ. ബേബി: തിരുവനന്തപുരത്തെ സംഗീത സംഘാടകര്‍ക്ക് അപ്പോള്‍ നല്ല കാലമായിരുന്നു. (എല്ലാവരും ചിരിക്കുന്നു)

പ്രഭ: അപ്പോള്‍ ഞാന്‍ സ്കൂള്‍ ഫൈനല്‍ കഴിഞ്ഞ് കോളേജിലേക്ക് കയറുന്നതേയുള്ളൂ. പിന്നീടാണ്  ഇതൊക്കെ നേരിട്ട് സംസാരിക്കുന്നത്. പിന്നെയും മൂന്നുവര്‍ഷം കഴിഞ്ഞിട്ടാണ് കല്യാണം. എല്ലാവരുടെയും അനുഗ്രഹത്തോടെയും സന്തോഷത്തോടെയുമാണ് വിവാഹം കഴിച്ചത്.

യേശുദാസ്: കുറേ ഡിസ്ട്രാക്ഷന്‍സൊക്കെ ഉണ്ടായിരുന്നു. ചില വിഷമങ്ങള്‍. (പ്രഭ അത് ശരി വയ്ക്കുന്നു).

എം.എ. ബേബി: ദാസേട്ടന്‍ സംഗീതരംഗത്തേക്ക് വന്നതു മുതല്‍ സംഗീതത്തിന്റെ തിലകക്കുറിയായിട്ടാണ്  നില്‍ക്കുന്നത്. ഇതോടൊപ്പം ശാസ്ത്രീയ സംഗീതം ജനപ്രിയമാക്കുന്നതിലും വലിയൊരു ആസ്വാദകവൃന്ദത്തെ ആകര്‍ഷിക്കാനും അവര്‍ക്കിത് പരിചയപ്പെടുത്തി കൊടുക്കാനും ദാസേട്ടന് കഴിഞ്ഞു. അത് ചെയ്തത് ശാസ്ത്രീയ സംഗീതത്തിന്റെ ശുദ്ധി സംരക്ഷിച്ചുകൊണ്ടാണ്. ഇതിനെ ജനകീയമാക്കുന്നതില്‍ ദാസേട്ടന്‍ നല്‍കിയതുപോലുള്ള സംഭാവന സംഗീതരംഗത്ത് വേറെയാരെങ്കിലും ചെയ്തതായി എനിക്കറിയില്ല. അതിന്റെ ഘടകങ്ങളായി എനിക്ക് തോന്നിയത്. ഒന്ന് ആലാപന ഗാംഭീര്യം. അതോടൊപ്പം ഭാവഗരിമയില്‍ ആസ്വദിക്കാന്‍ കഴിയുക, അതുപോലെ ശ്രവിക്കുമ്പോഴുള്ള മധുരിമ. ഇതെല്ലാം സമന്വയിച്ചുള്ള ഒരു ആലാപനശൈലി. ഈ ഉച്ചാരണ സ്ഫുടത, അതിലെ വ്യക്തത ഒക്കെ വളരെ പ്രധാനപ്പെട്ടയൊരു ഘടകമാണ്. ഇതില്‍ ഏതെല്ലാം തരത്തിലുള്ള പരിശീലനമാണ് ദാസേട്ടന് കിട്ടിയിട്ടുള്ളത്. അതിന് പിന്നിലെ ഘടകങ്ങള്‍ എന്താണ്?

യേശുദാസ്: ഒരു സംഗീതജ്ഞന്‍ എന്നുപറഞ്ഞാല്‍ തെന്നിന്ത്യയില്‍ ഒരു അയ്യരോ അയ്യങ്കാരോ ഒക്കെയാണെന്ന ധാരണയുണ്ട്. ഞാന്‍ ജാതി പറയുകയല്ല. അല്ലെങ്കില്‍ ഉയര്‍ന്ന നിലയിലുള്ള നമ്പൂതിരി. അങ്ങനെയുള്ളവര്‍ക്കാണിത് പറഞ്ഞിരുന്നതെന്നുള്ളയൊരു തോന്നലുണ്ടായിരുന്നു. അതിനെ എതിര്‍ത്ത് പറയുകയല്ല, പക്ഷേ, പറയേണ്ടത് പറയണമല്ലോ. എന്തുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തില്‍ ഇങ്ങനെ സംഗീതം കുറഞ്ഞുപോയി. സംഗീതത്തിന്റെ ഏറ്റവും വലിയ ആളുകളായ  മൊസാര്‍ട്ടുമൊക്കെ ക്രിസ്തീയ മതത്തില്‍പെട്ടവരാണ്. അതുകൊണ്ട് സംഗീതം ക്രൈസ്തവ സമുദായത്തില്‍ ഇല്ല എന്നൊന്നും  പറയാന്‍ പറ്റില്ല.

അന്നത്തെ മതപരമായിട്ടുള്ള വിലക്കുകള്‍ ഇതിനൊരു കാരണമാകാം. ഇതിനകത്ത് മുഴുവന്‍ കൃഷ്ണനെന്നും, രാമനെന്നുമാണ്. പണ്ട് ഇത് പറയുന്നതിനുള്ള വിലക്കുകളാണ് നമ്മളെ ഇത്തിരി പിറകോട്ടാക്കിയിരുന്നത്. എന്റെ അപ്പനുണ്ടായിരുന്ന ഉയര്‍ന്ന ഒരു ചിന്താഗതിയുണ്ട്. അന്ന് നാടകങ്ങളില്‍ അഭിനയിച്ചു. കൂടാതെ നിരവധി കീര്‍ത്തനങ്ങള്‍ പാടിയിട്ടാണ് അദ്ദേഹം മുന്നോട്ടുവന്നത്. ഇതൊന്നും പഠിച്ചിട്ടല്ല അദ്ദേഹം പാടിയിരുന്നത്. കേട്ടുകേള്‍വിയിലാണ്. അത് എവിടെനിന്ന് അദ്ദേഹത്തിന് കിട്ടി എന്നത് നമുക്കറിയില്ല. ഞാന്‍ പറഞ്ഞ് കേട്ടിട്ടുള്ളത് എന്റെ അപ്പന്റെ അപ്പനും ക്രിസ്തീയ ഗാനങ്ങളും കീര്‍ത്തനങ്ങളുമൊക്കെ പാടിയിരുന്നുവെന്നാണ്. കുടുംബപരമായിട്ട് സംഗീതം ഞങ്ങള്‍ക്കുണ്ടെന്നൊന്നും സ്ഥാപിക്കാന്‍ വേണ്ടിയല്ല ഇത് പറയുന്നത്.

അച്ഛന് വലിയ ഒരാഗ്രഹമായിരുന്നു തനിക്ക് പഠിക്കാനൊക്കാത്തത് മകന് സാധിക്കണമെന്ന്. അവിടെയാണ് ഞാന്‍ വിശ്വസിക്കുന്ന ഒരു ശക്തി പ്രവര്‍ത്തിച്ചത്. ഞാനെവിടെ ജനിക്കണമെന്ന് ആ ശക്തിയാണ് തീരുമാനിച്ചത്. എന്റെ വിശ്വാസം അതാണ്. അതാണെന്നെ ഏറ്റവും രക്ഷപെടുത്തിയത്. കാരണം ഒരുപാട് ഡിസ്ട്രാക്ഷന്‍സ് ഉണ്ടായിട്ടുണ്ട്, സംഗീതം പഠിക്കരുത് എന്ന് പറഞ്ഞിട്ട്. എന്റെ അമ്മപോലും കുറച്ചു എതിര്‍ത്തിരുന്നു. കാരണം എന്റെ രക്ഷയ്ക്കുവേണ്ടിയിട്ടാണ്. അന്നത്തെ സാഹചര്യത്തില്‍ ഒരു ക്രിസ്ത്യന്‍ പയ്യന് പോയി കച്ചേരി നടത്താനോ അമ്പലത്തില്‍ കയറാനോ സാധ്യമല്ലായിരുന്നു. അതുകൊണ്ട് വേറെയെന്തെങ്കിലും പഠിച്ച് രക്ഷപെടാന്‍ നോക്ക് എന്നായിരുന്നു എന്റെ അമ്മയുടെ ഉദ്ദേശ്യം. പക്ഷേ, അപ്പന്‍ അങ്ങനെയല്ല. നീ ശാസ്ത്രീയമായിട്ട് തന്നെ പഠിക്കണം. അങ്ങനെ എന്നെ ആദ്യം മുതല്‍ നിര്‍ബന്ധിച്ചു. അതുപോലെ അക്ഷരശുദ്ധിക്ക് വേണ്ടിയുള്ള പരിശീലനം. കൊച്ചിഭാഷ, അവിടത്തുകാരെ സംബന്ധിച്ച് വളരെ ഉയര്‍ന്ന നിലവാരമുള്ളതാണ്. പക്ഷേ, ശാസ്ത്രീയസംഗീതം വച്ചുനോക്കുമ്പോള്‍ ശുദ്ധത വളരെ പ്രധാനമാണ്. ഞാനീ പറയുന്നതിനെ തെറ്റായിട്ട് ധരിക്കരുത്.  ഇപ്പോഴും പണ്ടത്തെ കൂട്ടുകാരുടെ  അടുത്തുപോയി സംസാരിക്കുമ്പോള്‍ ഞാന്‍ ആ പഴയ കൊച്ചിഭാഷയിലേക്ക് മാറും. അപ്പോള്‍ ഈ ശുദ്ധതയൊക്കെ അങ്ങോട്ട് മാറ്റിയിട്ട് കൊച്ചിഭാഷയാവും.

അപ്പന്‍ 'ധ', 'ത', 'ഥ' എന്നൊക്കെ ഓരോവാക്കും ശ്രദ്ധിച്ച് ഉച്ചരിക്കാന്‍ പഠിപ്പിക്കുമായിരുന്നു. ഇപ്പോഴും ഞാനോര്‍ക്കുന്നു പഠിപ്പിക്കുന്നതിലെ 'ഠി' ഒക്കെ എടുത്തുപറയുന്നത്. കാരണം അദ്ദേഹം മദ്ധ്യതിരുവിതാംകൂറിലേക്ക് പോയപ്പോള്‍ നാടകത്തിലുള്ളവരൊക്കെ മിക്കവാറും തിരുവനന്തപുരം, മാവേലിക്കര ഭാഗക്കാരാണ്. ശുദ്ധമായ സംഭാഷണശൈലി (ഡയലോഗ് പ്രസന്റേഷന്‍) കേട്ടുകഴിഞ്ഞപ്പോള്‍  ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ആ ഉച്ചാരണ ശുദ്ധി അദ്ദേഹം നേടിയെടുത്തത്.
അപ്പന്‍ പാടിയിട്ടുള്ള ഒരുപാട്ട് എനിക്കിപ്പോള്‍ ഓര്‍മ്മ വരികയാണ്.

'മാഹേശാ...' ശാ എന്നുള്ളതിന്റെ അകാരം ഇങ്ങനെ നീട്ടിപ്പിടിച്ചു നില്‍ക്കുകയാണ്. വാസ്തവത്തിലത് അത്രയും വേണ്ട. 'മഹേശാ... മായമോ'  അത്രയ്ക്ക് ശുദ്ധമാക്കിക്കളഞ്ഞു. അതാണ് അന്നത്തെ രീതി. അതിന്റെ ചെറിയൊരു ഭാഗം ഞാന്‍ ഏറ്റെടുത്തപ്പോള്‍ എനിക്ക് ഒരുപാട് ഗുണങ്ങളുണ്ടായി. എന്റെ എല്ലാ ഗുണങ്ങള്‍ക്കും കാരണക്കാരന്‍ എന്റെ അപ്പച്ചനാണ്.

എം.എ.ബേബി: പ്രതിബന്ധങ്ങളും വെല്ലുവിളികളുമൊക്കെ റികടക്കുന്നതില്‍ ദാസേട്ടനില്‍ തീര്‍ച്ചയായും ഒരു നിശ്ചയദാര്‍ഡ്യം കണ്ടിട്ടുണ്ട്. 16- 17 വയസുള്ളപ്പോള്‍ പറ്റുള്ള കടയില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നിരുന്നപ്പോള്‍ ഭക്ഷണം കൊടുക്കണ്ടായെന്ന് പറഞ്ഞതായി ഞാന്‍ വായിച്ചിട്ടുണ്ട്.

യേശുദാസ്: ചിലതൊക്കെ വേണ്ടാതെ എഴുതി വന്നതാണ്. തൃപ്പൂണിത്തുറയില്‍ ഒരു പോറ്റിയുണ്ട്. അദ്ദേഹം ഒരിക്കലും എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല.  എന്തൊക്കെയായാലും ആ പോറ്റിസാറിനെ എനിക്ക് മറക്കാന്‍ പറ്റില്ല. കാശൊക്കെ പിന്നെ തന്നാമതീടോ എന്നൊക്കെ പറയും. പക്ഷേ എന്റെ മനസാക്ഷിക്ക് കാശ് കൊടുക്കാതെ പോകുന്നത് ശരിയല്ലല്ലോ എന്ന് കരുതിയിട്ടുണ്ട്. എന്റെ കൂട്ടുകാരന്‍ ചന്ദ്രോല്‍ഭവനുണ്ട്. ഒന്ന് പൊക്കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ കോഴിമുട്ടയും അതുമിതുമൊക്കെ വാങ്ങിത്തരും. ഞാനും ഗോവിന്ദന്‍കുട്ടി എന്ന ഒരു ഫ്രണ്ടുമുണ്ട്. ചേട്ടാ, നമുക്ക് പോയി കഴിക്കേണ്ടേ എന്നൊക്കെ പറഞ്ഞ് കൂട്ടികൊണ്ട് പോകും. പൈസയൊക്കെ പുള്ളി കൊടുക്കും. അതുപോലെ തന്നെ മോഡല്‍ കഫെ എന്ന് പറഞ്ഞിട്ട് തിരുവന്തപുരത്ത് ഒരു ഹോട്ടലുണ്ടായിരുന്നു. അതിപ്പോ ഇല്ല. അതിലൊരു വലിയ ദുഖമെനിക്കുണ്ട്. അത് പറയാതിരിക്കാന്‍ വയ്യ. ആ മോഡല്‍ സ്കൂളിന്റെ അവിടെയൊക്കെ എന്തോ ചെയ്യാന്‍ വേണ്ടി ഇടിച്ച്, ആ ഹോട്ടല്‍ നശിപ്പിച്ച്, ആ കുടുംബം തന്നെ കഷ്ടത്തിലായി. അവര്‍ക്ക് കിട്ടേണ്ടതൊന്നും കിട്ടിയില്ല. ആ കുടുംബത്തിലുള്ളവര്‍ അതെന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹവും ഒരിക്കലും പറഞ്ഞിട്ടില്ല കാശ് തന്നാലെ ഭക്ഷണം തരൂ എന്ന്. പൈസ കൊടുക്കാത്തതു കൊണ്ട് ഞാന്‍ പലപ്പോഴും സ്കൂളിന്റെ വശത്തെ ഒരു പൈപ്പുണ്ട്. അതില്‍ നിന്ന് വെള്ളം പിടിച്ച് കുടിച്ച് വിശപ്പടക്കിയിട്ടുണ്ട്. വെള്ളം കുടിച്ച് രണ്ട് ദിവസമൊക്കെ ജീവിക്കാമെന്ന് അന്ന് മനസിലായി. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മുടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തതാണ്. ഫീസ് കൊടുക്കാനും താമസിക്കുന്നിടത്ത് വാടക കൊടുക്കാനും വയ്യ എന്ന് വന്നപ്പോഴാണ് ശെമ്മാങ്കുടി സ്വാമിയുടെ അവിടെ ചേക്കേറിയത്. ഇന്നിപ്പോ രാധാകൃഷ്ണന്റെയൊക്കെ വീടിന്റെ തൊട്ടെതിരെയുള്ള  ഒരു ഷെഡ്. അതിപ്പോ സര്‍ക്കാരിന്റെ കൈയിലായിപ്പോയി. അല്ലെങ്കില്‍ ഞാന്‍ എങ്ങനെയെങ്കിലും വാങ്ങിയേനെ.

എം.എ. ബേബി:  ശാസ്ത്രീയ സംഗീതരംഗത്ത് ദാസേട്ടന് മുന്നോട്ട് പോകുന്നതില്‍ ചെമ്പൈ സ്വാമികളുടെ വാത്സല്യവും പ്രോത്സാഹനവും ഒരു പ്രധാന ഘടകമായിട്ടുണ്ടെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.

യേശുദാസ്: ഇതിന്റെ യൊക്കെയാണ് അളവ് നമ്മുടെ കൈയിലില്ലായെന്ന് അറിയേണ്ടത്. 1965ല്‍ എന്റെ അപ്പന്‍ പോയി. അത് കഴിഞ്ഞ ഉടനെയാണ് ചെമ്പൈ സ്വാമിയുടെ പ്രവേശനം. എന്നെ പ്രോത്സാഹിപ്പിച്ചതും ക്ളാസിക്കല്‍ രണ്ടാമത് എടുത്ത് വരണമെന്ന്  പറഞ്ഞതും ഒക്കെ അദ്ദേഹമാണ്. അതുകഴിഞ്ഞ് പല്ലവി നരസിംഹാചാര്യയുടെ വരവ്. ഇങ്ങനെ എനിക്ക് വന്നിട്ടുള്ള ഗുരുക്കന്മാര്‍, പ്രത്യേകിച്ച് കുമാരസ്വാമി സാര്‍, പത്മമാഡം. എന്റെ ജീവിതത്തില്‍ സംസ്കൃതം എന്താണെന്നുപോലും  അറിയാത്ത സമയത്ത് രാവും പകലുമില്ലാതെ ചോറും തന്ന് പഠിപ്പിച്ച ഒരമ്മയുണ്ട്. അതാണ് പത്മ മാഡം. ഇന്നിപ്പോ തീരെ വയ്യ. എങ്കിലും ശബ്ദം കേട്ടാല്‍ ഒരു തെറി വിളിച്ചുകൊണ്ട് 'എന്തിനാവന്നതെന്ന് ചോദിക്കും'. അത് സ്നേഹത്തിന്റെ അങ്ങേയറ്റം കൊണ്ടാണ്. എല്ലാവരേയും അങ്ങനെയാണ് വിളിക്കുന്നത്.

എം.എ. ബേബി: ഉദയായില്‍ പാടാന്‍ വേണ്ടി ആദ്യം വരുമ്പോള്‍ അന്ന് എ.ആര്‍. രാജയൊക്കെ വളരെ മേധാവിത്വം പുലര്‍ത്തി നില്‍ക്കുന്ന സമയമാണ്. ശാരംഗപാണിയും ദേവരാജന്‍ മാഷും ഉദയ ബാനറിനെക്കൊണ്ട് ദാസേട്ടനെ അംഗീകരിപ്പിക്കുന്നതില്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. 'പഞ്ചാര പാലുമിട്ടായി' അതാണ് ആദ്യം പാടിയതെന്ന് തോന്നുന്നു. അതിന് ശേഷം ദാസേട്ടന്റെ ശബ്ദത്തിന്റെ സൌകുമാര്യമൊക്കെ തിരിച്ചറിഞ്ഞിട്ടാണ് കൂടുതല്‍ അവസരം വരുന്നത്. ദേവരാജന്‍ മാഷും വയലാറും ദാസേട്ടനും കൂടി ചേരുന്ന ഒരു ടീം നമ്മുടെ സംഗീതത്തിന്റെ വസന്തകാലമായി അങ്ങനെ ആവിര്‍ഭവിക്കുകയായിരുന്നു.

യേശുദാസ്: അതിനിടയ്ക്ക് ഒരനുഭവം ഉണ്ടായിട്ടുണ്ട്. എം.ബി.എസിനെ ഓര്‍ക്കാതിരിക്കാന്‍ വയ്യ. അദ്ദേഹമാണ് കാല്‍പ്പാടുകളില്‍ ആദ്യം പാടിപ്പിച്ചത്. അവിടെയും ഒരു സംഭവം ഉണ്ടായെന്ന് ആന്റണി പിന്നീട് പറഞ്ഞു. കെ.എസ്. ആന്റണിയായിരുന്നു സംവിധായകന്‍. നമ്പിയത്തായിരുന്നു നിര്‍മ്മാതാവ്. ഇന്നുമുണ്ട് അദ്ദേഹം. എല്ലാം വിട്ടിട്ട് ഒതുങ്ങിയിരിക്കുകയാണ്. ആ സമയത്ത് ടൈഫോയ്ഡ് വന്ന് സുഖമില്ലാതെയായി. അതുകൊണ്ട് അവര്‍ക്ക് തോന്നിക്കാണും പാടിയാല്‍ ശരിയാവില്ലെന്ന്. ഞാന്‍ പടേണ്ടിയിരുന്നത്് ഒരു ഡ്യൂയറ്റാണ്. 'കാണുമ്പോള്‍ ഞാനൊരു കാരിരുമ്പ് കൈയ് പിടിച്ചാല് പൂങ്കരിമ്പ്'. ആ പൂങ്കരിമ്പിന്റെയൊക്കെ എക്സ്പ്രഷന്‍ എങ്ങനെയാണെന്ന്് ഇന്നുമെനിക്ക് ഓര്‍മ്മയുണ്ട്. ഇതൊക്കെ കുറേ തവണ പ്രാക്ടീസ് ചെയ്തു.  ആദ്യത്തെ പാട്ടല്ലേ. പക്ഷേ അത് പാടിച്ചില്ല. അതിനിടെ എനിക്കീ ടൈഫോയിഡിന്റെ അറ്റാക്ക് വന്നു. അതുകൊണ്ട് എന്റെ ജീവിതത്തെ മുറുകെപ്പിടിച്ചു കൊണ്ടിരിക്കുന്ന പ്രസിദ്ധമായ ആ നാല് വരികള്‍ പാടാനും എനിക്ക് കഴിഞ്ഞു.

എം.എ. ബേബി: ഇതുവേണം ദാസേട്ടന്‍ പാടാനെന്ന് ചരിത്രത്തിന്റെ നിയോഗമായിരിക്കണം. ഇതിനെയാണ് കാവ്യനീതിയെന്ന് പറയുന്നത്.

യേശുദാസ്: ബേബി അങ്ങനെ പറയുമായിരിക്കും. ഞാന്‍ പറയുന്നത് എന്റെ പിന്നിലൊരു ശക്തിയുണ്ടെന്നാണ്. എന്റെ വിശ്വാസം അതാണ്. 'ജാതിഭേതം മതദ്വേഷം..' ആ പാട്ട് ഓരോ തവണ പാടുമ്പോഴും ഉള്‍ക്കൊള്ളുമ്പോഴും കൂടുതല്‍ അതിലേക്ക് ആഴ്ന്നിറങ്ങുന്നു.

എം.എ. ബേബി: ദസേട്ടന്‍ ഏറ്റവും കൂടുതല്‍ പാടി ഞാന്‍ കേട്ടിട്ടുള്ളത് ഈ പാട്ടാണ്?

അതാണ് എനിക്കൊരു ഭയമെന്ന് പറഞ്ഞത്. ഈ പാട്ട് നല്‍കുന്ന ആ സന്ദേശത്തില്‍ നിന്ന്  ആളുകള്‍ കൂടുതല്‍ അകലുന്നതായി എനിക്ക് തോന്നുന്നു. ഞാനിത് പാടുമ്പോള്‍, ഞങ്ങള്‍ ഇതില്‍ നിന്ന് കൂടുതല്‍ അകന്ന്, ഇനിയും ദാസേട്ടനക്കൊണ്ടിത് പാടിക്കണമെന്ന് ചിലര്‍ വിചാരിക്കുന്നു.

എം.എ. ബേബി: ഇത് ആവര്‍ത്തിച്ചിട്ടുള്ളത് സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു ഒക്കെയാണ്. ശ്രീനാരായണ ഗുരു മഹത്തായ ആശയവുമായി എങ്ങനെ മലായാളിയുടെ നിത്യപ്രചോദനമായി മാറിയിട്ടുണ്ടോ അതുപോലെ സംഗീതത്തിലൂടെയും കര്‍മ്മങ്ങളിലൂടെയും ദാസേട്ടന്‍ ഈ മതസൌഹാര്‍ദ്ദത്തിന്റെ സന്ദേശം പ്രസരിപ്പിച്ചിട്ടുണ്ട്.

യേശുദാസ്: ഞാനത് ഉള്‍ക്കൊണ്ടു ബേബി. അതിന്റെ കാര്യം ഞാന്‍ പറയാം. എല്ലാം അറിഞ്ഞുകൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ ഒരു കാപ്സ്യൂള്‍ രൂപത്തില്‍ ജനങ്ങള്‍ക്ക് കൊടുത്തതാണ് 'ജാതിഭേതം മതദ്വേഷം' എന്ന വരികള്‍. ഇതിങ്ങനെ വായില്‍ വരെ വച്ച് കൊടുത്തിട്ടുണ്ട്. വിഴുങ്ങാന്‍ ബോധമില്ലെന്നു പറഞ്ഞാല്‍ എന്തു ചെയ്യാനൊക്കും. അതിന്റെയൊരു സുഖം മനസിലാക്കി കഴിഞ്ഞാല്‍ വേറൊന്നും വേണ്ട.  കാര്യങ്ങള്‍ തുറന്ന് പറയാതിരിക്കാന്‍ വയ്യ. അതു കൊണ്ടാണിത് പറയുന്നത്. പത്ത് പ്രമാണങ്ങളില്‍ ഒന്നാമത്തെ പ്രമാണം ഞാനല്ലാതെ മറ്റൊരു തമ്പുരാന്‍ നിനക്ക് ഉണ്ടാവരുതെന്നാണ്. അത് ആരെങ്കിലും ആയിക്കോട്ടെ. ദൈവമോ, ശക്തിയോ... എന്തെങ്കിലുമായിക്കേട്ടെ. എന്തുകൊണ്ടാണ് ഹിന്ദുമതത്തില്‍ ഒരുപാട് ദൈവങ്ങളെക്കുറിച്ച് പറയുന്നത്? ആദ്യത്തെ ഉപനിഷത്തില്‍ (ഈശോവാസ്യ ഉപനിഷത്ത്) പന്ത്രണ്ടാമത്തെ ശ്ളോകം എടുത്തു നോക്കിയാല്‍ അതിനകത്ത് പറയുന്നുണ്ട്, നശ്വരങ്ങളായ ദേവതകളെ, മാതൃപിതൃക്കളെ, മാനവജാതിയെ നീ വണങ്ങരുത്, എന്നെയല്ലാതെയെന്ന്. അപ്പോള്‍ ഒരു ശക്തിയെ മാത്രമേ എല്ലാവരും ഉപാസിക്കാവൂ എന്ന് എവിടെയോ ഒരിടത്ത് തുടങ്ങിയിട്ടുണ്ട്. പിന്നെ മനുഷ്യന്റെ ആവശ്യത്തിന് വേണ്ടി വെട്ടിത്തിരിച്ച് ഉണ്ടാക്കിയതാണ് മറ്റെല്ലാം. അല്ലെങ്കില്‍ എതിര്‍ക്കട്ടെ.

എം.എ. ബേബി: കേശവദേവ് ഒരിക്കല്‍ ഇതെല്ലാം കത്തിച്ചുകളയണമെന്ന് പറഞ്ഞു.
യേശുദാസ്: ഇപ്പോള്‍ ഒരാള്‍ ജനിച്ചാല്‍, അയാള്‍ക്ക് എന്തെങ്കിലും കഴിവുണ്ടെങ്കില്‍ ദൈവമാവും. അതല്ല പറഞ്ഞിരിക്കുന്നത്. ഉപനിഷത്തില്‍ ദേവതകളെന്നാണ് പറഞ്ഞിരിക്കുന്നത്. ഈശ്വരനെന്നല്ല. അതൊക്കെ ഏതെങ്കിലും ദുഷ്ടശക്തികളൊക്കെ ആയിരിക്കും. പല ശക്തികളെല്ലാം കൂടി ഒന്നായിരുന്നു. അത് എന്തിനവര്‍ വെട്ടിത്തിരിച്ചു. ഞാന്‍ പറയുന്നത് ഈ ദൈവം എന്ന് പറയുന്ന ഒരു ശക്തി ഇവിടെ ജനിച്ചിട്ടുണ്ടോ? ക്രിസ്ത്യാനിയാണെങ്കില്‍ ഉടനെ യേശു എന്ന് പറയും. ഹിന്ദുക്കളാണെങ്കില്‍ കൃഷ്ണന്‍ എന്ന് പറയും. എപ്പോഴും ജനിച്ച ഒരാളെയേ ദൈവമായിട്ട് പറയൂ. ഈ പ്രപഞ്ചത്തിലുള്ള സര്‍വതും ദേവാംശങ്ങളാണെന്ന് കരുതണം. തീര്‍ച്ചയായും ഞാനും ഒരുപാട് സ്ഥലത്തൊക്കെ അന്വേഷിച്ചതാണ്. എന്റെ അപ്പന്‍ എന്നോട് നീ ഒന്നിലും ബന്ധപ്പെടരുതെന്ന് പറഞ്ഞതിന്റെ അര്‍ത്ഥം തന്നെ ഇപ്പോഴാണെനിക്ക് മനസ്സിലായി തുടങ്ങിയത്. കാരണം സര്‍വം ബ്രഹ്മാസ്മി എന്നത് വേറൊരു തരത്തില്‍ അദ്ദേഹമെനിക്ക് മനസ്സിലാക്കി തന്നതാണ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites